ണക്കുകളില്‍ ഇനിയും സാധ്യത കേരള ബ്ലാസ്റ്റേഴ്സിന് അവശേഷിക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ആറാം സീസണില്‍ പ്ലേ ഓഫിലെത്തണമെങ്കില്‍ സ്വന്തം കണക്കില്‍ ജയിക്കുക മാത്രമല്ല എതിരാളികളുടെ കണക്കുകൂട്ടല്‍ തെറ്റിക്കുകയും വേണം. അതിന് കളിമികവിനൊപ്പം ഭാഗ്യവും വലിയതോതില്‍ വേണ്ടിവരും. ചുരുക്കിപ്പറഞ്ഞാല്‍ മുമ്പത്തെ അഞ്ച് സീസണ്‍പോലെ തന്നെ, കപ്പ് നേടി കലിപ്പടക്കാന്‍ കാത്തിരിക്കണം.

തുടര്‍ച്ചയായ രണ്ടു വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ജംഷേദ്പുരിനെതിരേ കളിച്ച ടീമിന്റെ തന്ത്രങ്ങള്‍ പാളി. അതിനൊപ്പം ദൗര്‍ഭാഗ്യവുംകൂടി ചേര്‍ന്നതോടെ പതനം പൂര്‍ത്തിയായി. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്കുശേഷം സ്വന്തം ഗ്രൗണ്ടില്‍ ജയം മാത്രം ലക്ഷ്യമിട്ടിറങ്ങുന്ന ജംഷേദ്പുര്‍ എഫ്.സിക്കെതിരേ അതിനൊത്ത തന്ത്രമല്ല എല്‍കോ ഷട്ടോരി നടപ്പാക്കിയത്. പൊസഷന്‍ സൂക്ഷിച്ച് കളിക്കാന്‍ തീരുമാനിച്ച ബ്ലാസ്റ്റേഴ്സ് സ്വന്തം ഹാഫില്‍ കൂടുതല്‍ പന്ത് സൂക്ഷിച്ചത് വിനയായി. എതിരാളിയുടെ കടുത്ത ആക്രമണത്തിനൊപ്പം 4-4-2 ഫോര്‍മേഷന്റെ ഫ്‌ളാറ്റ് ശൈലിയില്‍ പ്രതിരോധത്തിലൂന്നി കളിച്ച ബ്ലാസ്റ്റേഴ്സ് മധ്യ-പ്രതിരോധ നിരകള്‍ കടുത്ത സമ്മര്‍ദത്തിലായി.

മെസ്സി ബൗളിയെ മാത്രം മുന്‍നിര്‍ത്തി ബാക്കിയുള്ളവരെ പ്രതിരോധച്ചുമതലകള്‍കൂടി ഏല്‍പ്പിച്ചാണ് ഷട്ടോരി ഗെയിംപ്ലാന്‍ തയ്യാറാക്കിയത്. എന്നാല്‍, ആക്രമണ ഫുട്ബോളിന്റെ വഴിയേവന്ന എതിരാളിയെ പ്രത്യാക്രമണങ്ങളാല്‍ സമ്മര്‍ദത്തിലാക്കാന്‍ ടീമിനായില്ല. സെയ്ത്യസെന്‍ സിങ്ങിന്റെ അഭാവത്തില്‍ വിങ്ങറുടെ റോളില്‍ സഹല്‍ അബ്ദുസമദിനെ കളിപ്പിച്ചത് വേണ്ടത്ര ഫലം ചെയ്തില്ല. 

ഹോളിച്ചരണ്‍ നര്‍സാറിയും നിറംമങ്ങി. ഇതോടെ മെസ്സി ഡിഫന്‍സീവ് തേര്‍ഡില്‍ തന്റെ ശാരീരിക മികവുകൊണ്ട് ഉണ്ടാക്കിയെടുക്കാറുള്ള സ്‌പേസ് ഉപയോഗപ്പെടുത്താന്‍ ടീമിനായില്ല. ഇതിനൊപ്പം നായകന്‍ ബര്‍ത്തലോമ്യു ഒഗ്ബെച്ച ആക്രമണത്തേക്കാള്‍ പ്രതിരോധത്തില്‍ ശ്രദ്ധിച്ചതോടെ മെസ്സിയിലേക്കുള്ള പന്തിന്റെ വിതരണത്തിലും കുറവുണ്ടായി. 

മധ്യനിരയില്‍ മരിയോ അര്‍ക്വിസിനെ ഡിഫന്‍സീവ് ഡ്യൂട്ടിയും മുസ്തഫ നിങ്ങിനെ പ്ലേമേക്കിങ്ങും ഏല്‍പ്പിച്ചെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഹക്കു പുറത്തുപോയതോടെ പ്ലാന്‍ മാറ്റേണ്ടിവന്നു. നിങ്ങിന് ഇറങ്ങിക്കളിക്കേണ്ടിവന്നതോടെ ബ്ലാസ്റ്റേഴ്സ് ആക്രമണം പാതിവഴിയില്‍ നിലച്ചു.

ആ 12 പോയന്റ്

ആദ്യം സ്‌കോര്‍ ചെയ്തതിനുശേഷം ഏറ്റവും കൂടുതല്‍ പോയന്റ് നഷ്ടപ്പെടുത്തിയ ടീമാണ് ബ്ലാസ്റ്റേഴ്സ്. 12 പോയന്റാണ് ടീമിന് നഷ്ടപ്പെട്ടത്. ഇതില്‍ രണ്ടു തോല്‍വിയും മൂന്നു സമനിലയും ഉള്‍പ്പെടും. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള എ.ടി.കെ. ഏഴു പോയന്റ് മാത്രമാണ് നഷ്ടപ്പെടുത്തിയത്.

ടീമിന്റെ പ്രതിരോധതന്ത്രങ്ങളിലുള്ള പാളിച്ചയായി ഇതിനെ കാണാം. ജിയാനി സ്യുവെര്‍ലൂണ്‍ എന്ന മുഖ്യ സെന്‍ട്രല്‍ ഡിഫന്‍ഡറുടെ അഭാവം ഇതിന് കാരണമായി പറയാം. പൊസഷന്‍/പാസിങ് ഗെയിമില്‍ രണ്ട് മികച്ച സെന്‍ട്രല്‍ ഡിഫന്‍ഡര്‍മാരുടെ സാന്നിധ്യം അനിവാര്യമാണ്. ജെയ്റോ റോഡ്രിഗസിനെ നഷ്ടപ്പെടുകയും സ്യുവെര്‍ലൂണ്‍ പല കളികളിലും പുറത്തിരിക്കുകയും ചെയ്തിട്ടും ഗെയിംപ്ലാനില്‍ ഷട്ടോരി മാറ്റംവരുത്തിയില്ല. 

ഗോള്‍ വഴങ്ങിയതിനുശേഷം എതിരാളികള്‍ നടത്തുന്ന ആക്രമണ ഗെയിമിനെതിരേ കാര്യമായ മറുതന്ത്രം പയറ്റാന്‍ ടീമിനായില്ല. ഒന്‍പത് പേരെയും പ്രതിരോധത്തിന് നിയോഗിച്ചെങ്കിലും ബസ് പാര്‍ക്കിങ് പോലുള്ള കടുത്ത പ്രതിരോധമോ എതിരാളിക്ക് സ്‌പേസ് അനുവദിക്കാതെയുള്ള മാര്‍ക്കിങ്ങോ ഷട്ടോരിയുടെ ശൈലിയിലില്ല.

Content Highlights: isl 2019-20 kerala blasters playoff chances