മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ശനിയാഴ്ച എഫ്.സി ഗോവയെ നേരിടും. ഗോവയുടെ സ്വന്തം ഫത്തോര്‍ദ സ്റ്റേഡിയത്തിലാണ് മത്സരം.

പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അവസാനിച്ച ബ്ലാസ്റ്റേഴ്സിന് അവശേഷിക്കുന്ന പോരാട്ടങ്ങള്‍ മാനംകാക്കാന്‍ കൂടിയുള്ളതാണ്. വിജയങ്ങളുമായി മികച്ച സ്ഥാനത്തെത്താനാകും എല്‍കോ ഷട്ടോരിയും സംഘവും ശ്രമിക്കുക.

ഗോളടിക്ക് പേരുകേട്ട ടീമായ എഫ്.സി ഗോവ ഇതുവരെ 13 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകള്‍ നേടിക്കഴഴിഞ്ഞു. ബ്ലാസ്റ്റേഴ്‌സ് പേടിക്കുന്നതും അവരുടെ ഈ ആക്രമണമാണ്. എന്നാല്‍ നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത ബ്ലാസ്റ്റേഴ്‌സ് ഇന്ന് സ്വന്തം കരുത്ത് തിരിച്ചറിഞ്ഞ് കളിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

വിദേശതാരങ്ങള്‍ പരിക്ക് മാറിയെത്തിയത് കേരളടീമിന് ഗുണമാണ്. നായകന്‍ ബര്‍ത്തലോമ്യു ഒഗ്ബെച്ചയും മുന്നേറ്റനിരയിലെ പങ്കാളി മെസ്സി ബൗളിയും മികച്ചഫോമിലാണ്. കഴിഞ്ഞ മത്സരത്തില്‍ ജംഷേദ്പൂരിനോട് മധ്യനിര മങ്ങിപ്പോയതാണ് തോല്‍വിക്ക് കാരണമായത്. പ്രതിരോധത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട അബ്ദുള്‍ ഹക്ക് ഉണ്ടാകില്ല. ജിയാനി സ്യൂവെര്‍ലൂണിന് കളിക്കാനായില്ലെങ്കില്‍ രാജു ഗെയ്ക്വാദിന് ഇറങ്ങേണ്ടിവരും.

Content Highlights: ISL 2019-20 Kerala Blasters FC against FC Goa