കൊച്ചി: ഒരൊറ്റ ജയംകൊണ്ടു മാറാവുന്ന പ്രശ്‌നങ്ങളേ ബ്ലാസ്റ്റേഴ്സിനുള്ളൂ. ജയം വന്നാല്‍ കളിയും സാഹചര്യങ്ങളും ആകെ മാറുമെന്ന് പരിശീലകന്‍ എല്‍ക്കോ ഷട്ടോരി പറയുന്നതും അതുകൊണ്ടുതന്നെയാണ്. എന്നാല്‍, താരങ്ങളുടെ പരിക്കില്‍ വലയുന്ന ബ്ലാസ്റ്റേഴ്സിന് അത് എത്രമേല്‍ സാധിക്കുമെന്ന ചോദ്യം ബാക്കി. 

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ബ്ലാസ്റ്റേഴ്സ് ഞായറാഴ്ച വീണ്ടും പോരാട്ടത്തിനിറങ്ങുമ്പോള്‍ കരുത്തരായ എഫ്.സി. ഗോവയാണ് എതിരാളി. ആദ്യമത്സരത്തിലെ ജയത്തിനുശേഷം മൂന്നു തോല്‍വിയും ഒരു സമനിലയുമായി കിതയ്ക്കുകയാണ് കേരള ടീം. അഹമ്മദ് ജാഹു അടക്കം രണ്ടുതാരങ്ങളുടെ സസ്‌പെന്‍ഷന്റെ സങ്കടത്തിലാണ് ഗോവ. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് കിക്കോഫ്.

ഇന്ത്യന്‍ ബ്ലാസ്റ്റേഴ്സ്

ഡച്ചുതാരം ജിയാനി സ്യൂവര്‍ലൂണും സ്പാനിഷ് താരം മാരിയോ ആര്‍ക്വസും പരിക്കിന്റെ പിടിയില്‍ തുടരുമ്പോള്‍ സെനഗല്‍ താരം മുസ്തഫ നിങ്ങും ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലെന്നാണ് സൂചന. വിദേശക്വാട്ട തികയ്ക്കാന്‍പോലും കഴിയാതെയാകും ബ്ലാസ്റ്റേഴ്സ് ഗോവയ്‌ക്കെതിരേ ഇറങ്ങുന്നത്. മുന്നേറ്റത്തിലെ ഒഗ്ബെച്ചേ - മെസ്സി സഖ്യമാകും വിദേശത്തിന്റെ കരുത്താകുന്നത്. മധ്യനിരയില്‍ സ്പാനിഷ് താരം സിഡോഞ്ചയ്‌ക്കൊപ്പം മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ കളിയാകും ആരാധകര്‍ ഉറ്റുനോക്കുന്നത്.

തിരിച്ചെത്താന്‍ ഗോവ

ഐ.എസ്.എല്ലിലെ അപരാജിതമായ കുതിപ്പിന് കഴിഞ്ഞ മത്സരത്തില്‍ ജംഷേദ്പുര്‍ എഫ്.സി. തടയിട്ടതിന്റെ ക്ഷീണത്തിലാണ് ഗോവ. ജയത്തോടെ ഒന്നാം സ്ഥാനത്തെത്താനാണ് ഗോവ ലക്ഷ്യമിടുന്നത്. സസ്‌പെന്‍ഷന്‍മൂലം മധ്യനിരയില്‍ മൊറോക്കോ താരം അഹമ്മദ് ജാഹുവും സെയ്മിന്‍ലന്‍ ദംഗലും കളിക്കില്ല. ഫെറാന്‍ കോറോമിനാസ് നയിക്കുന്ന ആക്രമണനിരയാണ് ഗോവയുടെ പ്രതീക്ഷ.

Content Highlights: ISL 2019-20 Kerala Blasters FC against FC Goa