ജംഷേദ്പുര്‍: ഐ.എസ്.എല്‍ ആറാം സീസണിലെ മൂന്നാം മത്സരത്തില്‍ ഒഡിഷയ്‌ക്കെതിരേ ജംഷേദ്പുര്‍ എഫ്.സിക്ക് ജയം. 35-ാം മിനിറ്റില്‍ 10 പേരായി ചുരുങ്ങിയെങ്കിലും അതൊന്നും ജംഷേദ്പുരിന് വിജയത്തില്‍ തടസമായില്ല. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് അവര്‍ വിജയം സ്വന്തമാക്കി.

17-ാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ ജംഷേദ്പുരാണ് ആദ്യം സ്‌കോര്‍ ചെയ്തത്. ഫാറൂഖ് ചൗധരിയുടെ ക്രോസ് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ഒഡിഷ ഡിഫന്‍ഡര്‍ റാണ ഖരാമിയുടെ ശ്രമം പിഴയ്ക്കുകയായിരുന്നു. റാണയുടെ കാലില്‍ തട്ടി പന്ത് വലയിലെത്തി. 

35-ാം മിനിറ്റില്‍ ഒഡിഷ താരത്തെ ഫൗള്‍ ചെയ്തതിന് ജംഷേദ്പുരിന്റെ ബികാസ് ജെയ്‌റുവിന് ചുവപ്പു കാര്‍ഡ് ലഭിച്ചു. പത്തുപേരായി ചുരുങ്ങിയ ജംഷേദ്പുരിനെതിരേ 40-ാം മിനിറ്റില്‍ ഒഡിഷുടെ മറുപടി ഗോള്‍ വന്നു. അറിഡെയ്ന്‍ സന്റാനയാണ് സ്‌കോര്‍ ചെയ്തത്. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയിലായിരുന്നു. 

രണ്ടാം പകുതിയില്‍ ഒഡിഷ ആക്രമണം അഴിച്ചുവിട്ടെങ്കിലും അതൊന്നും ജംഷേദ്പുര്‍ പ്രതിരോധത്തിന് വെല്ലുവിളിയായില്ല. മറുവശത്ത് അവസരം ലഭിച്ചപ്പോഴെല്ലാം ജംഷേദ്പുര്‍ ആക്രമിച്ചു കയറി. ഒടുവില്‍ 85-ാം മിനിറ്റില്‍ സെര്‍ജിയോ കാസ്റ്റലിലൂടെ അവര്‍ വിജയ ഗോള്‍ കണ്ടെത്തി.

Content Highlights: ISL 2019-20 Jamshedpur FC vs Odisha FC