ജംഷേദ്പുര്‍: ഒരു ദിവസം മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സ് അവസാന നിമിഷം വിജയം കൈവിട്ടതിനു പിന്നാലെ ജംഷേദ്പുരിനും സമാന വിധി. സ്വന്തം മൈതാനത്ത് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ അവസാന മിനിറ്റില്‍ വഴങ്ങിയെ ഗോളില്‍ ജംഷേദ്പുര്‍ എഫ്.സി സമനില വഴങ്ങി. ഇതോടെ എ.ടി.കെയെ മറികടന്ന് പോയന്റ് പട്ടികയില്‍ ഒന്നാമതെത്താനുള്ള അവസരമാണ് ജംഷേദ്പുരിന് നഷ്ടമായത്. 

ജംഷേദ്പുരിലെ ജെ.ആര്‍.ഡി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന മത്സരത്തില്‍ പന്തടക്കത്തിലും മുന്നേറ്റങ്ങളിലും ജംഷേദ്പുര്‍ തന്നെയായിരുന്നു മുന്നില്‍. വലതു വിങ്ങില്‍ ഫാറൂഖ് ചൗധരിയുടെ മുന്നേറ്റങ്ങള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. ഇതിനൊപ്പം ബോക്‌സില്‍ ഫോമിലുള്ള സെര്‍ജിയോ കാസ്‌റ്റെലിന്റെ പ്രകടനം കൂടിയായപ്പോള്‍ മത്സരത്തിന്റെ ആദ്യ നിമിഷങ്ങളില്‍ നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം ആടിയുലഞ്ഞു.

ഇത്തരമൊരു മുന്നേറ്റമാണ് 28-ാം മിനിറ്റില്‍ ജംഷേദ്പുരിന്റെ ആദ്യ ഗോളിനു വഴിവെച്ചതും. മൈതാന മധ്യത്തുവെച്ച് എയ്റ്റര്‍ മോണ്‍റോയ് നീട്ടിനല്‍കിയ പാസ് സ്വീകരിച്ച് മുന്നേറിയ ഫാറൂഖ് ചൗധരി ബോക്‌സില്‍വെച്ച് പന്ത് കാസ്‌റ്റെലിന് മറിച്ചു നല്‍കി. പന്ത് നെഞ്ചില്‍ നിയന്ത്രിച്ച ശേഷമുള്ള കാസ്റ്റെലിന്റെ ഷോട്ട് വലയില്‍. ജംഷേദ്പുരിന്റെ ലീഡിലാണ് ആദ്യ പകുതി അവസാനിച്ചത്. 

രണ്ടാം പകുതിയിലും ജംഷേദ്പുര്‍ മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. ഫാറൂഖ് ചൗധരിയുടെ മുന്നേറ്റങ്ങള്‍ പലതും നോര്‍ത്ത് ഈസ്റ്റ് ബോക്‌സില്‍ വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഫിനിഷിങ്ങിലെ പോരായമകളാണ് അവര്‍ക്ക് പിന്നീട് തിരിച്ചടിയായത്. ഇതിനിടെ 78-ാം മിനിറ്റില്‍ റീഗന്‍ സിങ്ങിന്റെ ഫൗളില്‍ പരിക്കേറ്റ് കാസ്റ്റെല്‍ പുറത്തായതും അവരെ തിരിച്ചടിച്ചു. കാസ്റ്റെല്‍ പോയതോടെ ജംഷേദ്പുരിന്റെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കുറഞ്ഞു. 

ഇതിനു പിന്നാലെയാണ് ജംഷേദ്പുര്‍ മത്സരം ജയിച്ചുവെന്ന ഘട്ടത്തില്‍ 90-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്റെ സമനില ഗോള്‍ വരുന്നത്. അസമോവ ഗ്യാന്‍ ഹെഡ് ചെയ്ത് നല്‍കിയ പന്ത് പനഗിയോട്ടിസ് ട്രിയാഡിസ് ജംഷേദ്പുരിന്റെ വലയിലെത്തിക്കുകയായിരുന്നു. 

ആറു മത്സരങ്ങളില്‍ നിന്ന് 11 പോയന്റുള്ള ജംഷേദ്പുര്‍ രണ്ടാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 10 പോയന്റുമായി നോര്‍ത്ത് ഈസ്റ്റ് നാലാം സ്ഥാനത്താണ്.

Content Highlights: ISL 2019-20 Jamshedpur FC vs NorthEast United FC draw