ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ മുഖാമുഖം വന്നപ്പോഴൊന്നും ജയിക്കാന്‍ കഴിയാത്തതിന്റെ കേടുതീര്‍ക്കാമെന്ന മോഹത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്.സി.യെ നേരിടാനിറങ്ങുന്നു. കണ്ഠീരവ സ്റ്റേഡിയത്തില്‍ ശനിയാഴ്ച രാത്രി 7.30-നാണ് ഇരുടീമുകളും ഒരിക്കല്‍ക്കൂടി നേര്‍ക്കുനേര്‍ വരുന്നത്. ലീഗില്‍ ഇരുടീമുകളും നാലുതവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ മൂന്നു തവണയും ബെംഗളൂരുവിനായിരുന്നു ജയം. ഒരുതവണ സമനിലയായി.

പരിക്കാണ് പ്രശ്‌നം

പരിക്കാണ് ബ്ലാസ്റ്റേഴ്സിനെ അലട്ടുന്ന പ്രധാന വെല്ലുവിളി. പ്രതിരോധതാരം ജെയ്റോ റോഡ്രിഗ്രസ് പരിക്കേറ്റതിനാല്‍ കളിക്കില്ല. പരിക്ക് ഗുരുതരമായതിനാല്‍ ടൂര്‍ണമെന്റില്‍ കളിക്കാനുള്ള സാധ്യത കുറവാണ്. അതിനാല്‍ റോഡ്രിഗസിന്റെ കാര്യത്തില്‍ മാനേജ്മെന്റ് തീരുമാനമെടുക്കുമെന്ന് പരിശീലകന്‍ എല്‍കോ ഷട്ടോരി വ്യക്തമാക്കി. പകരം മറ്റൊരു താരത്തെ ടീമില്‍ എത്തിച്ചേക്കുമെന്നാണ് സൂചന. മധ്യനിരതാരം മരിയോ ആര്‍ക്വെസ് കളിക്കുന്ന കാര്യം സംശയമാണ്. അഞ്ച് വിദേശതാരങ്ങളെ ഇറക്കാമെന്നിരിക്കെ ഇത്രയും പേരെ ആദ്യ ഇലവനില്‍ അണിനിരത്താനുള്ള ശക്തിപോലും ടീമിന് ഇപ്പോഴില്ല. മുന്നേറ്റത്തില്‍ നായകന്‍ ബര്‍ത്തലോമ്യൂ ഒഗ്ബെച്ചെ കളിക്കുമെന്നതാണ് ടീമിന്റെ പ്രതീക്ഷ. നാലുകളി കഴിഞ്ഞുനില്‍ക്കുന്ന ബ്ലാസ്റ്റേഴ്സിന് ഒരു ജയവും രണ്ടു സമനിലയുമാണുള്ളത്. ഏഴാം സ്ഥാനത്താണ് ടീം.

ആത്മവിശ്വാസത്തോടെ ബെംഗളൂരു

അവസാനകളിയില്‍ ചെന്നൈയിന്‍ എഫ്.സി.യെ 3-0ത്തിന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബെംഗളൂരു എഫ്.സി. തുടര്‍ച്ചയായ സമനിലകള്‍ക്കുശേഷമായിരുന്നു ബെംഗളൂരു വിജയം നേടിയത്. സുനില്‍ ഛേത്രി-ഉദാന്ത സിങ്-റാഫേല്‍ അഗുസ്‌തോ എന്നിവര്‍ കളിക്കുന്ന ടീം അതിശക്തമാണ്.

ആവേശം പകരാന്‍ മഞ്ഞപ്പട

ബ്ലാസ്റ്റേഴ്സിന്റെ എവേ പോരാട്ടത്തിന് ആവേശം പകരാന്‍ കേരളത്തില്‍നിന്ന് ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട അംഗങ്ങള്‍. മൂന്ന് ബസുകളിലായിട്ടാണ് ഇവര്‍ ബെംഗളൂരുവിലേക്ക് തിരിച്ചത്. മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകളിലെ ആരാധകരാണ് ബസിലുള്ളത്.

ഇതിനുപുറമേ മറ്റു ജില്ലകളില്‍നിന്നും കേരളത്തിന് പുറത്തുനിന്നുള്ളവരുമായി 3000-ത്തോളം ആരാധകര്‍ സ്റ്റേഡിയത്തിലെത്തുമെന്നാണ് കണക്ക്. കളിക്ക് മുന്നോടിയായി സ്റ്റേഡിയം പരിസരത്തേക്ക് വന്‍ റാലി നടത്താനും മഞ്ഞപ്പടയ്ക്ക് പദ്ധതിയുണ്ട്.

Content Highlights: ISL 2019-20 Injury-hit Kerala Blasters face unbeaten Bengaluru FC