ഹൈദരാബാദ്: ഇന്‍ജുറി ടൈമിലെ പെനാല്‍റ്റി ഗോളില്‍ മുംബൈ സിറ്റി എഫ്.സിയെ സമനിലയില്‍ തളച്ച് ഹൈദരാബാദ് എഫ്.സി. മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. 

ജയത്തോടെ പോയന്റ് പട്ടികയില്‍ ആദ്യ നാലിലെത്താനുള്ള അവസരമാണ് മുംബൈക്ക് ഇതോടെ നഷ്ടമായത്. ഇരു ടീമുകളുടെയും ഗോളുകള്‍ പെനാല്‍റ്റിയില്‍ നിന്നായിരുന്നു. 

43-ാം മിനിറ്റില്‍ മുംബൈക്കായി മുഹമ്മദ് ലാര്‍ബി പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റില്‍ മാര്‍ക്കോ സ്റ്റാന്‍കോവിച്ചെടുത്ത പെനാല്‍റ്റി കിക്കിലൂടെ ഹൈദരാബാദ് സമനില പിടിച്ചു.

ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ ഹൈദരാബാദ് ബോക്‌സില്‍ വെച്ച് നിഖില്‍ പൂജാരിയുടെ കൈയില്‍ പന്ത് തട്ടിയതിനാണ് റഫറി മുംബൈക്ക് അനുകൂലമായി പെനാല്‍റ്റി ബോക്‌സിലേക്ക് വിരല്‍ ചൂണ്ടിയത്.

മത്സരം ജയിച്ചെന്ന ഘട്ടത്തില്‍ മുംബൈക്ക് തിരിച്ചടി കിട്ടിയതും പെനാല്‍റ്റിയിലൂടെ തന്നെ. ബോക്‌സില്‍ വെച്ച് പ്രതിക് ചൗധരി ബോബോയെ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. 

14 മത്സരങ്ങളില്‍ നിന്ന് 20 പോയന്റുള്ള മുംബൈ പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളില്‍ നിന്ന് വെറും ആറു പോയന്റ് മാത്രമുള്ള ഹൈദരാബാദ് അവസാന സ്ഥാനത്തും. 

Content Highlights: ISL 2019-20 Hyderabad FC vs Mumbai City FC