ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്നാണ് ഡച്ച് താരം ജിയാനി സ്യൂവര്‍ലൂണ്‍. ഡച്ച് ക്ലബ്ബ് ഫെയ്നൂര്‍ദിനും ഇംഗ്ലീഷ് ക്ലബ്ബ് വെസ്റ്റ് ബ്രോംവിച്ചിനും സ്പാനിഷ് ക്ലബ്ബ് മല്ലോര്‍ക്കയ്ക്കും കളിച്ചിട്ടുള്ള സ്യൂവര്‍ലൂണിന് പക്ഷേ, കേരളത്തിലെത്തിയപ്പോള്‍ പരിക്കാണ് മുന്നില്‍ വില്ലനായെത്തിയത്. നീണ്ട ഇടവേളയ്ക്കുശേഷം പരിക്കില്‍നിന്ന് മുക്തനായി ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് തിരിച്ചെത്തിയ സ്യൂവര്‍ലൂണ്‍ 'മാതൃഭൂമി'യുമായി സംസാരിക്കുന്നു.
പരിക്കിന്റെ എട്ടാഴ്ച
പരിക്കുമൂലം എട്ടാഴ്ചയോളമാണ് എനിക്കു പുറത്തിരിക്കേണ്ടിവന്നത്. ഈ സമയത്ത് വലിയ നിരാശയും സമ്മര്‍ദവും ഉണ്ടായിരുന്നു. പരിക്കില്‍നിന്ന് മോചനം നേടാനുള്ള ചികിത്സ വളരെ ശാസ്ത്രീയമായിത്തന്നെയാണ് ചെയ്തത്. ആദ്യത്തെ രണ്ടാഴ്ച പൂര്‍ണവിശ്രമത്തിലായിരുന്നു. അതുകഴിഞ്ഞ് മൂന്നാഴ്ചയോളം കാല്‍ത്തുടകളുടെ ശക്തികൂട്ടാനുള്ള എക്സര്‍സൈസുകളാണ് ചെയ്തത്. അവസാന മൂന്നാഴ്ചകളില്‍ കൂടുതല്‍ കരുത്തുള്ള എക്സര്‍സൈസുകളും ചെയ്താണ് ഫിറ്റ്നസ് പൂര്‍ണമായി വീണ്ടെടുത്തത്.
ട്രാക്കിലെത്തിച്ച വിജയം
ഹൈദരാബാദിനെതിരായ മത്സരത്തിലെ വലിയ വിജയമാണ് ഞങ്ങളെ ശരിയായ ട്രാക്കിലെത്തിച്ചത്. കൊല്‍ക്കത്തയ്‌ക്കെതിരായ കഴിഞ്ഞ മത്സരംകൂടി ജയിച്ചതോടെ ഞങ്ങള്‍ ആവേശത്തിലാണ്. അടുത്ത രണ്ടോ മൂന്നോ മത്സരങ്ങള്‍കൂടി ജയിക്കാനായാല്‍ പ്ലേ ഓഫിലേക്ക് ഞങ്ങള്‍ക്കും ശക്തമായ അവകാശവാദം ഉന്നയിക്കാനാകും. വിജയമില്ലാതെ കടന്നുപോയത് വലിയൊരു കാലമായിരുന്നു. അതിന്റെ സമ്മര്‍ദവും വളരെ വലുതായിരുന്നു. അതില്‍നിന്നാണ് ഞങ്ങളിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇനിയുള്ള കളികളാകും ഈ സീസണില്‍ ടീമിന്റെ ഭാവി നിശ്ചയിക്കുന്നത്.
മുഴുവന്‍സമയം കളിച്ചപ്പോള്‍
ഹൈദരാബാദിനെതിരായ മത്സരത്തില്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ മുഴുവന്‍ സമയം കളിക്കാന്‍ കഴിയുമോയെന്ന് നോക്കാനാണ് കോച്ച് പറഞ്ഞത്. ആദ്യപകുതിയില്‍ വിചാരിച്ചതുപോലെ നന്നായി കളിക്കാന്‍ കഴിഞ്ഞു. എന്നാല്‍, രണ്ടാം പകുതിയില്‍ അല്‍പം ക്ഷീണം തോന്നിയിരുന്നു. എന്നാല്‍, ടീം ആക്രമിച്ചു കളിച്ചതോടെ പ്രതിരോധത്തില്‍ എനിക്ക് കൂടുതല്‍ സമയം കിട്ടി. ക്ഷീണം തോന്നിയെങ്കിലും മുഴുവന്‍ സമയം കളിക്കാന്‍ തന്നെയായിരുന്നു തീരുമാനം. കൊല്‍ക്കത്തയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ കാലിന്റെ മസിലിലെ ചില പ്രശ്‌നങ്ങള്‍മൂലമാണ് കളിക്കാതിരുന്നത്. ജംഷേദ്പുരിനെതിരായ അടുത്തമത്സരത്തില്‍ കളത്തിലിറങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ഡ്രോബറോവ് വരുമ്പോള്‍
ബ്രസീലിയന്‍ താരം ജൈറോ റോഡ്രിഗ്സായിരുന്നു സീസണിന്റെ തുടക്കത്തില്‍ പ്രതിരോധത്തില്‍ എന്റെ പങ്കാളി. ജൈറോയും ഞാനും തമ്മിലുള്ള കെമിസ്ട്രി ഫലപ്രദമായി വരുന്നതിനുമുമ്പേ പരിക്കുമൂലം ഇരുവര്‍ക്കും കളംവിടേണ്ടിവന്നു. ഇപ്പോള്‍ വ്ളാറ്റ്കോ ഡ്രോബറോവ് വരുമ്പോള്‍ ഞങ്ങള്‍ തമ്മില്‍ പെട്ടെന്ന് സെറ്റാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഒത്തിണക്കത്തോടെ കളിക്കാന്‍ കഴിഞ്ഞു. ജൈറോയോട് താരതമ്യം ചെയ്യുമ്പോള്‍ ഒരു വ്യത്യാസം തോന്നും... ജൈറോ ഇടംകാലനാണെങ്കില്‍ ഡ്രോബറോവ് വലംകാലനാണ്.
Content Highlights: isl 2019-20 Gianni Zuiverloon returns to kerala blasters