ന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ കിരീടത്തിനായി എ.ടി.കെ. കൊല്‍ക്കത്തയും ചെന്നൈയിന്‍ എഫ്.സി.യും ഇറങ്ങുന്നത് ചരിത്രത്തിലേക്കാണ്. ജയിക്കുന്ന ടീമിന് ലീഗില്‍ ഹാട്രിക് കിരീടമെന്ന അപൂര്‍വനേട്ടം സ്വന്തമാകും. കഴിഞ്ഞ അഞ്ച് ലീഗുകളിലായി രണ്ടുവീതം കിരീടങ്ങള്‍ ഇരുടീമുകളും നേടിക്കഴിഞ്ഞു.

ശനിയാഴ്ച രാത്രി 7.30-ന് മഡ്ഗാവിലെ ഫത്തോര്‍ഡ സ്റ്റേഡിയത്തിലാണ് ലൂസിയന്‍ ഗോയിന്‍ നയിക്കുന്ന ചെന്നൈയിന്‍ എഫ്.സി.യും റോയ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള എ.ടി.കെ.യും ഫൈനലില്‍ ഏറ്റുമുട്ടുന്നത്. കൊറോണ ഭീതിമൂലം അടച്ചിട്ട സ്റ്റേഡിയത്തിലാണ് കളി.

എ.ടി.കെ

സന്തുലിതമായ ടീം, ഇന്ത്യന്‍ സാഹചര്യങ്ങളെ നന്നായി മനസ്സിലാക്കിയ തന്ത്രശാലിയായ പരിശീലകന്‍. മാരകമായ മുന്നേറ്റനിര. ഇതാണ് എ.ടി.കെ.യെ ഫൈനല്‍വരെ എത്തിച്ച ഘടകം. സ്പാനിഷ് പരിശീലകന്‍ അന്റോണിയോ ഹെബാസ് ആദ്യ സീസണില്‍ ടീമിനെ കിരീടത്തിലേക്ക് നയിച്ച ചരിത്രവുണ്ട്.

മുന്നേറ്റനിര

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റനിരാണ് ഫിജി താരം റോയ് കൃഷ്ണയും ഓസ്ട്രേലിയക്കാരന്‍ ഡേവിഡ് വില്യംസും ചേര്‍ന്നത്. ഇന്ത്യന്‍ വംശജനായ റോയ് കൃഷ്ണ ഇതുവരെ 15 ഗോളും അഞ്ച് അസിസ്റ്റും നടത്തി. വില്യംസിന് ഏഴു ഗോളും നാല് അസിസ്റ്റുമുണ്ട്. സെമി ഫൈനലില്‍ ബെംഗളൂരുവിനെതിരേ വില്യംസ് രണ്ടുതവണ സ്‌കോര്‍ ചെയ്തു.

Emiliano Sala crash pilot was not licensed to fly plane

മധ്യനിര

അഞ്ചംഗ മധ്യനിരയാണ് ടീമിന്. മൈക്കല്‍ റെഗില്‍ ഡിഫന്‍സീവ് റോളിലും യാവിയര്‍ ഫെര്‍ണാണ്ടസ്, എഡു ഗാര്‍ഷ്യ എന്നിവര്‍ അറ്റാക്കിങ്ങിലും. പ്രതിരോധനിരതാരം പ്രബീര്‍ദാസ് കയറിക്കളിക്കുമ്പോള്‍ മധ്യനിരക്കാരന്‍ മൈക്കല്‍ സൂസെരാജ് വിങ്ങറുടെ റോളിലെത്തും.

പ്രതിരോധം

മൂന്നംഗ പ്രതിരോധം. ജോണ്‍ ജോണ്‍സന്‍ മുഖ്യറോളില്‍. സുമിത് രാതി, പ്രീതം കോട്ടാല്‍ എന്നിവര്‍ ഒപ്പമുണ്ടാകും.

ഗോള്‍കീപ്പര്‍

19 കളിയില്‍ ഒമ്പതെണ്ണത്തില്‍ ഗോള്‍വഴങ്ങാത്ത അരീന്ദം ഭട്ടാചാര്യ തന്നെ ഗോള്‍വല കാക്കും.

ഫോര്‍മേഷന്‍

3-5-2 ഫോര്‍മേഷനിലാണ് ഹെബാസ് ടീമിനെ ഭൂരിഭാഗം മത്സരത്തിലും കളിപ്പിച്ചത്. ആദ്യകളിയില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരേ 4-2-3-1 ശൈലിയിലാണ് തുടങ്ങിയത്. 5-3-2, 3-4-2-1, 3-4-1-2 ശൈലികളിലും ടീമിനെ കളിപ്പിച്ചിട്ടുണ്ട്.

ചെന്നൈയിന്‍ എഫ്.സി

ലീഗിന്റെ തുടക്കത്തില്‍ തോല്‍വികളോടെ പിന്നാക്കം പോയ ടീം. പരിശീലകന്‍ ജോണ്‍ ഗ്രിഗറിയുടെ സ്ഥാനവും തെറിച്ചു. എന്നാല്‍, പിന്നീടുവന്ന സ്‌കോട്ടിഷ് പരിശീലകന്‍ ഓവന്‍ കോയിലിന്റെ കീഴില്‍ പ്രചോദിതരായി ഫൈനല്‍ വരെയെത്തി. തുടര്‍ജയങ്ങളോടെ കരുത്തര്‍. എല്ലാ പൊസിഷനുകളിലും മികച്ച കളിക്കാരുടെ സാന്നിധ്യം.

മുന്നേറ്റനിര

ലിത്വാനിയക്കാരന്‍ നെരിയൂസ് വാല്‍സ്‌കിസും ബ്രസീല്‍ താരം റാഫേല്‍ ക്രിവെല്ലറോയും ചേരുന്ന മുന്നേറ്റം മികച്ചത്. വാല്‍സ്‌കിസിന് 14 ഗോളും ആറ് അസിസ്റ്റുമുണ്ട്. ക്രിവെല്ലറോക്ക് ഏഴുഗോളും എട്ട് അസിസ്റ്റും.

മധ്യനിര

അതിശക്തമായ മധ്യനിരയാണ് ടീമിന്റേത്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ അനിരുദ്ധ് ഥാപ്പ - എഡ്വിന്‍ വന്‍സ്പോള്‍ സഖ്യം മികച്ചഫോമിലാണ്. ഥാപ്പ ക്രിയേറ്ററായും കളിക്കും. ലാലിയന്‍സുലെ ചാങ്തേയും മാള്‍ട്ടയില്‍നിന്നുള്ള ആന്ദ്രെ ഷെംബ്രിയും വിങ്ങര്‍മാരുടെ റോളിലാകും.

പ്രതിരോധം

നായകനും പരിചയസമ്പന്നനുമായ ലൂസിയന്‍ ഗോയിനും ബ്രസീലുകാരന്‍ എലി സാബിയയും കളിക്കുന്ന സെന്‍ട്രല്‍ ഡിഫന്‍സ്. ലാല്‍ഡിന്‍ലിയാന റെന്‍തെലേയ്, ജെറി ലാല്‍റിന്‍ സുല എന്നിവര്‍ വിങ്ബാക്കുകളാകും

ഗോള്‍കീപ്പര്‍

വിശാല്‍ കെയ്താകും ഗോള്‍വല കാക്കുന്നത്. 19 കളികളില്‍ നാലെണ്ണത്തില്‍ കെയ്ത് ഗോള്‍വഴങ്ങിയില്ല.

ഫോര്‍മേഷന്‍

4-2-3-1 ശൈലിയിലാണ് ഭൂരിഭാഗം കളിയിലും കോയില്‍ ടീമിനെ ഇറക്കിയത്. ആദ്യകളിയില്‍ ജംഷേദ്പുരിനെതിരേ 4-1-4-1 ശൈലിയില്‍ തുടങ്ങി. 4-5-1, 4-3-3 ശൈലികളിലും ടീമിനെ കളിപ്പിച്ചിട്ടുണ്ട്.

Content Highlights: ISL 2019-20 finals ATK, Chennaiyin FC to win third title