മഡ്ഗാവ്: ഐ.എസ്.എല്ലില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. ഫത്തോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എഫ്.സി ഗോവയാണ് ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത്. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു തോല്‍വി. 

രണ്ടു ഗോള്‍ പിന്നില്‍നിന്ന ശേഷം ഒപ്പമെത്തി മികച്ച പോരാട്ടവീര്യം കാഴ്ചവെച്ച ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കീഴടങ്ങല്‍. മെസ്സിയും ഓഗ്‌ബെച്ചെയും ബ്ലാസ്‌റ്റേഴ്‌സിനായി സ്‌കോര്‍ ചെയ്തപ്പോള്‍ ഹ്യൂഗോ ബോമസിന്റെ ഇരട്ട ഗോളുകളും ജാക്കിചന്ദ് സിങ്ങിന്റെ ഗോളും ഗോവയ്ക്ക് ജയമൊരുക്കി. 

ജയത്തോടെ 14 മത്സരങ്ങളില്‍ നിന്ന് 27 പോയിന്റുമായി ഗോവ വീണ്ടും പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. സീസണിലെ ആറാം തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് ആകട്ടെ 14 പോയിന്റുമായി എട്ടാം സ്ഥാനത്തു തന്നെ. ഫെബ്രുവരി ഒന്നിന് കൊച്ചിയില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു.

26-ാം മിനിറ്റില്‍ ഹ്യൂഗോ ബോമസിലൂടെ ഗോവ മുന്നിലെത്തി. ഗോവയുടെ ആക്രമിച്ചുള്ള മുന്നേറ്റത്തിന് അര്‍ഹിച്ച തിരിച്ചടിയെന്നോണമായിരുന്നു ഗോള്‍. ബ്രെണ്ടന്‍ ഫെര്‍ണാണ്ടസ് ചിപ് ചെയ്ത് നല്‍കിയ പന്തില്‍ മന്ദര്‍ റാവു ദേശായിയുടെ ക്രോസ് ഗോളിലേക്കു തിരിച്ചുവിടേണ്ട കാര്യമേ ബോമസിനുണ്ടായുള്ളൂ. 

ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ജാക്കിചന്ദ് സിങ് ഗോവയുടെ ലീഡുയര്‍ത്തി. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. ഫെറാന്‍ കോറോയുടെ ക്രോസ് ജാക്കിചന്ദ് ഗോളിലേക്കുതിരിച്ചുവിടുന്നത് കണ്ടുനില്‍ക്കാനേ ഗോള്‍കീപ്പര്‍ രഹനേഷിന് സാധിച്ചുള്ളൂ. 

എന്നാല്‍ രണ്ടാം പകുതിയില്‍ രണ്ടുംകല്‍പ്പിച്ചിറങ്ങിയ ബ്ലാസ്റ്റേഴ്‌സിനെയാണ് കണ്ടത്. ഇതിന് 53-ാം മിനിറ്റില്‍ ഫലവും ലഭിച്ചു. ഓഗ്‌ബെച്ചെ ചിപ്പ് ചെയ്ത് നല്‍കിയ പന്ത് മെസ്സി ബൗളി വലയിലെത്തിക്കുകയായിരുന്നു. 

തുടര്‍ന്ന് 69-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഓഗ്‌ബെച്ചെ തന്നെ ബ്ലാസ്‌റ്റേഴ്‌സിനെ ഒപ്പമെത്തിച്ചു. കോര്‍ണര്‍ കിക്ക് ഓഗ്‌ബെച്ചെ വലയിലെത്തിക്കുമ്പോള്‍ അദ്ദേഹത്തെ മാര്‍ക്ക് ചെയ്യാന്‍ ഗോവന്‍താരങ്ങളാരും തന്നെ ഉണ്ടായിരുന്നില്ല. 

പിന്നീട് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ വിജയഗോളിനായുള്ള പോരാട്ടത്തിലായിരുന്നു. പക്ഷേ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് വീണ്ടും പിഴച്ചപ്പോള്‍ 83-ാം മിനിറ്റില്‍ ബോമസ് തന്റെ രണ്ടാം ഗോളും കണ്ടെത്തി ഗോവയ്ക്ക് ജയമൊരുക്കി.

Content Highlights: isl 2019-20 fc goa beat kerala blasters fc