ചെന്നൈ: സ്വന്തം മൈതാനത്ത് ജംഷേദ്പുര്‍ എഫ്.സിയെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് തകര്‍ത്ത്  ചെന്നെയ്ന്‍ എഫ്.സി. 

നെറിജസ് വാല്‍ക്കിസ് ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ ലാലിയന്‍സുവാല ചാങ്‌തെയും ആേ്രന്ദ ഷെംബ്രിയും ചെന്നെയ്‌ന്റെ ഗോള്‍പട്ടിക തികച്ചു. സെര്‍ജിയോ കാസ്‌റ്റെലിന്റെ വകയായിരുന്നു ജംഷേദ്പുരിന്റെ ആശ്വാസ ഗോള്‍. 

കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍  ചെന്നെയ്‌ന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. ജയത്തോടെ 13 മത്സരങ്ങളില്‍ നിന്ന് 18 പോയന്റുമായി  ചെന്നെയ്ന്‍ പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് കയറി. 

13, 74 മിനിറ്റുകളിലായിരുന്നു വാല്‍ക്കിസിന്റെ ഗോളുകള്‍. 42-ാം മിനിറ്റില്‍ ഷെംബ്രി സ്‌കോര്‍ ചെയ്തപ്പോള്‍ 87-ാം മിനിറ്റില്‍ ചാങ്‌തെ  ചെന്നെയ്‌ന്റെ ഗോള്‍പട്ടിക തികച്ചു. 71-ാം മിനിറ്റിലായിരുന്നു ജംഷേദ്പുരിനായി കാസ്റ്റെലിന്റെ ആശ്വാസ ഗോള്‍.

തോല്‍വിയോടെ 13 മത്സരങ്ങളില്‍ 16 പോയന്റ് മാത്രമുള്ള ജംഷേദ്പുര്‍ ഏഴാം സ്ഥാനത്തേക്ക് വീണു.

Content Highlights: isl 2019-20 Chennaiyin FC beat Jamshedpur FC