ചെന്നൈ: എഫ്.സി ഗോവയുടെ മൈതാനമായ ഫത്തോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന ഐ.എസ്.എല്‍ രണ്ടാംപാദ സെമിയില്‍ ഗോവന്‍ ആക്രമണങ്ങളെ കൃത്യമായി പ്രതിരോധിച്ച ചെന്നൈയിന്‍ എഫ്.സി ഐ.എസ്.എല്‍ ആറാം സീസണിന്റെ ഫൈനലില്‍. 

രണ്ടാംപാദ മത്സരത്തില്‍ 2-4ന്റെ തോല്‍വി വഴങ്ങിയെങ്കിലും ആദ്യപാദ മത്സരത്തിലെ 4-1ന്റെ ജയം ചെന്നൈയിനെ തുണച്ചു. ഇരുപാദങ്ങളിലുമായി 6-5 ജയത്തോടെയാണ് ചെന്നൈയിന്‍ ഫൈനലിലെത്തിയത്. ചെന്നൈയിന്‍ എഫ്.സിയുടെ മൂന്നാം ഐ.എസ്.എല്‍ ഫൈനലാണിത്.

ഫത്തോര്‍ഡയില്‍ നടന്ന മത്സരത്തില്‍ 10-ാം മിനിറ്റില്‍ ലൂസിയാന്‍ ഗോയനിന്റെ സെല്‍ഫ് ഗോളില്‍ ഗോവയാണ് ആദ്യം മുന്നിലെത്തിയത്. 21-ാം മിനിറ്റില്‍ മുര്‍ത്താദ ഫാള്‍ ഗോവയുടെ ലീഡുയര്‍ത്തി.

ഗോവ തിരിച്ചുവരുമെന്ന പ്രതീക്ഷ നിലനില്‍ക്കെ 52-ാം മിനിറ്റില്‍ ലാലിന്‍സുവാല ചാങ്തെ ചെന്നൈയിനായി ഒരു ഗോള്‍ മടക്കി. 59-ാം മിനിറ്റില്‍ നെരിയൂസ് വാല്‍സ്‌കിസ് ചെന്നൈയിനെ ഒപ്പമെത്തിച്ചതോടെ ഗോവന്‍ ആരാധകര്‍ നിരാശരായി. പക്ഷേ 81-ാം മിനിറ്റില്‍ എഡു ബേഡിയയും 83-ാം മിനിറ്റില്‍ ഫാളും ഗോവയ്ക്കായി സ്‌കോര്‍ ചെയ്തതോടെ അവര്‍ക്ക് വീണ്ടു പ്രതീക്ഷ കൈവന്നു. എന്നാല്‍ പിന്നീട് ഗോവന്‍ ആക്രമണങ്ങളെ കൃത്യമായി ചെന്നൈയിന്‍ പ്രതിരോധിച്ചതോടെ അവര്‍ ഫൈനല്‍ ബര്‍ത്ത് സ്വന്തമാക്കി.

ഓവന്‍ കോയിലെന്ന സ്‌കോട്ടിഷ് പരിശീലകന്റെ വരവോടെ ഉണര്‍ന്നു കളിക്കുന്ന ചെന്നൈയിന്‍ ഞായറാഴ്ച നടക്കുന്ന ബെംഗളൂരു എഫ്.സി - എ.ടി.കെ മത്സര വിജയികളെ ഫൈനലില്‍ നേരിടും.

Content Highlights: ISL 2019-20 Chennaiyin fc beat fc goa to reach final