കൊല്‍ക്കത്ത: പെനാല്‍റ്റിയിലൂടെ മൂന്നു ഗോളുകള്‍ പിറന്ന മത്സത്തില്‍ ജംഷേദ്പുരിനെതിരേ ആതിഥേയരായ എ.ടി.കെയ്ക്ക് ജയം. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു എ.ടി.കെയുടെ ജയം. ജയത്തോടെ ഒമ്പത് പോയന്റുമായി എ.ടി.കെ പട്ടികയില്‍ മുന്നിലെത്തി. എ.ടി.കെയുടെ തുടര്‍ച്ചയായ മൂന്നാം ജയമായിരുന്നു ഇത്.
ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് നാലു ഗോളുകളും പിറന്നത്. 57-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് കൃഷ്ണ എ.ടി.കെയ്ക്ക് ലീഡ് സമ്മാനിച്ചു. കൃഷ്ണയെ ബോക്സില്‍ വീഴ്ത്തിയതിനു തന്നെയായിരുന്നു പെനാല്‍റ്റി. 71-ാം മിനിറ്റലും കൃഷ്ണയെ ബോക്സില്‍ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റ് സ്പോട്ടിലേക്ക് വിരല്‍ചൂണ്ടി. കിക്കെടുക്ക കൃഷ്ണയ്ക്ക് ഇത്തവണയും പിഴച്ചില്ല. ആദ്യ കിക്കെടുക്കുന്നതിനിടെ എ.ടി.കെ താരങ്ങള്‍ ബോക്സിലേക്ക് കയറിയതിനാല്‍ കൃഷ്ണയ്ക്ക് രണ്ടാമതും കിക്കെടുക്കേണ്ടി വന്നു. ഇത്തലണയും ഗോളി സുബ്രതോ പോളിനെ മറികടന്ന് കൃഷ്ണ പന്ത് വലയിലെത്തിച്ചു.
85-ാം മിനിറ്റില്‍ ബോക്നുള്ളിലെ ഫൗളിന് ഇത്തവണ ജംഷേദ്പുരിന് അനുകൂലമായി റഫറി പെനാല്‍റ്റ് അനുവദിച്ചു. കിക്കെടുത്ത സെര്‍ജിയോ കാസ്റ്റെലിന് പിഴച്ചില്ല, സ്‌കോര്‍ 2-1.
സമനില ഗോള്‍ നേടാന്‍ ജംഷേദ്പുര്‍ കിണഞ്ഞു ശ്രമിക്കുന്നതിനിടെ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ എഡു ഗാര്‍സിയ എ.ടി.കെയുടെ ഗോള്‍ പട്ടിക തികച്ചു.
തത്സമയ വിവരണങ്ങൾ താഴെ വായിക്കാം...
Content Highlights: ISL 2019-20 ATK vs Jamshedpur FC