ന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ യുവകളിക്കാര്‍ക്ക് അവസരം ലഭിച്ച സീസണിനാണ് ഫൈനല്‍ വിസില്‍ മുഴങ്ങിയത്. ചാമ്പ്യന്‍മാരായ എ.ടി.കെ കൊല്‍ക്കത്ത, റണ്ണറപ്പായ ചെന്നൈയിന്‍ എഫ്.സി തുടങ്ങി എല്ലാ ടീമുകളും പ്രധാന റോളില്‍ യുവതാരങ്ങളുണ്ടായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി ശോഭനമാണെന്ന സൂചന നല്‍കുന്നവെന്നതാണ് ആറാം സീസണിന്റെ പ്രസക്തി.

മുന്നേറ്റത്തിലും സെന്‍ട്രല്‍ ഡിഫന്‍സിലും പൊതുവെ ഇന്ത്യന്‍താരങ്ങളുടെ സാന്നിധ്യംകുറവായിരുന്നു. എന്നാല്‍ വിങ്ബാക്ക്, വിങ്ങര്‍, മധ്യനിരകളില്‍ കൂടുതലായി യുവകളിക്കാര്‍ക്ക് അവസരം കിട്ടുകയും ചെയ്തു. ഇത്തവണത്തെ ലീഗില്‍ കളിച്ച യുവതാരങ്ങളുടെ ഒരു ഇലവനെ തിരഞ്ഞെടുക്കാനുള്ള ശ്രമമാണിത്. ചില പൊസിഷനിലെ കളിക്കാരുടെ തിരഞ്ഞെടുപ്പ് സങ്കീര്‍മായിരുന്നു. മികച്ച ഒന്നിലധികം താരങ്ങള്‍ രംഗത്തുണ്ടായിരുന്നു. അതേ സമയം സ്‌ട്രൈക്കറായി ഒരു താരത്തെ തപ്പിനടക്കേണ്ട അവസ്ഥയും. 24 വയസ് വരെ പ്രായമുള്ള താരങ്ങളാണ് ഇടം പിടിക്കുന്നത്.

ഫോര്‍മേഷന്‍

ലീഗില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ട ഫോര്‍മേഷന്‍ 4-2-3-1 ആയിരുന്നു. ആക്രമണത്തിനും പ്രതിരോധത്തിനും അനുയോജ്യമായ ഘടനയും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ നന്നായി ഉപയോഗപ്പെടുത്താന്‍ കഴിയുന്നതെന്നുമുള്ള പ്രത്യേകതയുമുണ്ട്. ചാമ്പ്യന്‍മാരായ എ.ടി.കെ ഒഴികെയുള്ള ടീമുകള്‍ കൂടുതല്‍ കളിക്ക് ഈ ഫോര്‍മേഷന്‍ ഉപയോഗിച്ചു.

ഗോള്‍കീപ്പര്‍

മുഹമ്മദ് നവാസ് (20) എഫ്.സി ഗോവ

mohammad nawaz
മുഹമ്മദ് നവാസ്
 

ഗോവയുടെ മുഹമ്മദ് നവാസും ചെന്നൈയിന്‍ എഫ്.സിയുടെ വിശാല്‍ കെയ്ത്തുമാണ് ഗോള്‍കീപ്പര്‍ റോളിലേക്ക് മത്സരിച്ചത്. നവാസ് 1465 മിനിറ്റിനാണ് ഗോവന്‍ ഗോള്‍വല കാത്തത്. അഞ്ച് ക്ലീന്‍ ഷീറ്റുകളും 42 സേവുകളുമുണ്ട്. 29 ഗോളാണ് വഴങ്ങിയത്.
വിശാല്‍ 1800 മിനിറ്റ് ചെന്നൈയിന്‍ ഗോള്‍ വലകാത്തു. 41 സേവുകളും നാല് ക്ലീന്‍ ഷീറ്റുകളും. റിഫ്‌ളക്‌സിലും കളിനിര്‍ണയത്തിലും നവാസിന് മേല്‍കൈയുണ്ട്.

സെന്‍ട്രല്‍ ബാക്ക്                                      

സുമിത് രാത്തി (19) എ.ടി.കെ          sumith rathi    
നരേന്ദ്ര ഗഹ്ലോട്ട് (19) ജംഷേദ്പുര്‍

സെന്‍ട്രല്‍ബാക്ക് സ്ഥാനത്ത് ഇന്ത്യന്‍ താരങ്ങള്‍ക്ക് കാര്യമായ അവസരമുണ്ടായിരുന്നില്ല. മൂന്നംഗ ഡിഫന്‍സി്ല്‍ കളിച്ച രാത്തിക്ക് അവസരം വരുന്നത് മലയാളി താരം മുഹമ്മദ് അനസിന്റെ പരിക്ക് മൂലമാണ്.  എന്നാല്‍ ഫൈനലില്‍ അടക്കം മികച്ച പ്രകടനം പുറത്തെടുത്ത താരം എമേര്‍ജിങ് പ്ലെയറായി തെരഞ്ഞെടുക്കപ്പെട്ടു.1169 മിനിറ്റാണ്  കൊല്‍ക്കത്ത ടീമിന്റെ പ്രതിരോധത്തില്‍ രാത്തി ചെലവിട്ടത്.

ജംഷേദ്പുര്‍ എഫ്.സിയുടെ വിങ്ബാക്ക് സ്ഥാനത്താണ് ഗഹ്്‌ലോട്ട് കളിച്ചത്. രണ്ട് വിദേശതാരങ്ങളാണ് സെന്‍ട്രല്‍ ബാക്ക് സ്ഥാനത്തുണ്ടായിരുന്നത്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ സെന്‍ട്രല്‍ ബാക്ക് സ്ഥാനത്തേക്ക് പരിശീലകന്‍ പരിഗണിക്കുന്ന താരമാണ് ഗഹ്്്‌ലോട്ട്. സെറ്റ്പീസുകളില്‍ ഗോള്‍ നേടാനും കഴിവുണ്ട്. ജെ.എഫ്.സിക്കായി 895 മിനിറ്റ് കളിച്ചു.

ഇടതുവിങ് ബാക്ക്

നിഷുകുമാര്‍ (22) ബെംഗളൂരു എഫ്.സി

nishukumarവിങ്ബാക്ക് സ്ഥാനത്തിനായി കടുത്ത മത്സരം. ഇടതു വലതുവിങ്ബാക്ക് സ്ഥാനത്ത് ഒന്നലധികം യുവതാരങ്ങള്‍ മികച്ച പ്രകടനം നടത്തി. ബെംഗളൂരു എഫ്.സിയുടെ നിഷുകുമാറാണ് ആദ്യഇ ലവനില്‍ ഇടം പിടിക്കുന്നത്. പ്രൊഫഷണല്‍ സംഘമായ ബെംഗളൂരുവില്‍ 1465 മിനിറ്റ് യുവതാരം കളിച്ചു. വിങ്ങിലൂടെ അതിവേഗം ആക്രമണം നടത്താനുള്ള കഴിവുണ്ട്.

മുംബൈ സിറ്റിയുടെ  24 കാരന്‍ സുഭാഷിഷ് ബോസിനെ മറികടന്നാണ് നിഷുവിന്റെ വരവ്. സുഭാഷ് മുംബൈക്കായി 1504 മിനിറ്റ് കളിച്ചു. ചെന്നൈയിന്റെ ജെറി ലാല്‍റിന്‍സുല, എഫ്.സി ഗോവയുടെ സേവ്യര്‍ ഗാമ, ഹൈദരാബാദ് എഫ്.സിയുടെ സാഹില്‍ പന്‍വാര്‍ എന്നിവരും ഇത്തവ മികച്ച പ്രകടനമാണ് നടത്തിയത്.

വലതു വിങ് ബാക്ക്                                        renthlei

ലാല്‍ദിന്‍ലിയാന രത്‌നേയ് (21) ചെന്നൈയിന്‍ എഫ്,സി

സ്‌കോട്ടിഷ് പരിശീലകന്‍ ഓവന്‍ കോയിലിന് കീഴിലാണ്‌ രത്‌നേയ് തകര്‍പ്പന്‍ഫോമിലേക്കെത്തിയത്. ആക്രമിച്ചു കളിക്കാന്‍ കഴിയുന്നതോടൊപ്പം പൊസിഷന്‍ സംരക്ഷിക്കാനും അറിയാം. 921 മിനിറ്റാണ് കളിച്ചത്. സെമിയിലും ഫൈനലിലും മികച്ച കളി.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഹമ്മദ് റാക്കിപ്പ്, മുംബൈ സിറ്റിയുടെ സാര്‍ഥക് ഗോലൂയ്, ഹൈദരാബാദ് എഫ്.സിയുടെ ആശിഷ് റായ് എന്നിവരും ഇത്തവണ തിളങ്ങി.

ഡിഫന്‍സീവ് മിഡ്ഫീല്‍ഡ്‌

അനിരുദ്ധ ഥാപ്പ (22) ചെന്നൈയിന്‍
റെയ്‌നിയര്‍ ഫെര്‍ണാണ്ടസ് (24) മുംബൈ സിറ്റി

anirudh thapaരണ്ട് ഇന്ത്യന്‍താരങ്ങളാണ് ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍. ഇത്തവണ ചെന്നൈയിന്റെ കുതിപ്പിന് പിന്നില്‍ അനിരുദ്ധ് ഥാപ്പക്ക് പ്രധാന റോളുണ്ടായിരുന്നു. 1754 മിനിറ്റ് കളിച്ച ഥാപ്പ ആറ് ഗോളുകള്‍ക്് സഹായമൊരുക്കി. ക്രിയേറ്ററായും ഡിസ്‌ട്രോയറായും ഉപയോഗപ്പെടുത്താന്‍ കഴിയും. സെന്‍ട്രല്‍ മിഡ്ഫീല്‍ഡില്‍ നന്നായി ശോഭിക്കും.

മുംബൈ സിറ്റിനിരയില്‍ പ്രതിരോധ സഹായിക്കുന്ന ചുതമലകൂടി റെയ്‌നിയര്‍ നന്നായി വഹിച്ചു. ആക്രമണത്തിനും ഉപകരിക്കും. ഒരും ഗോളും രണ്ട് അസിസ്റ്റുമുണ്ട്. 743 മിനിറ്റാണ് കളിച്ചത്.
ചെന്നൈയിന്റെ ജെര്‍മന്‍പ്രീത് സിങ്, ബ്ലാസ്റ്റേഴ്‌സിന്റെ ജീക്‌സണ്‍ സിങ്്, ബെംഗളുരു എഫ്.സിയുടെ സുരേഷ് സിങ്, ഒഡീഷ എഫ്്.സിയുടെ വിനീത് റായ്, എന്നിവരാണ് ഈ പൊസിഷനുകളില്‍ തിളങ്ങിയ മറ്റ് താരങ്ങള്‍

വലതുവിങ്ങര്‍

ഉദന്ത സിങ് (24) ബെംഗളൂരു എഫ്.സി                                        udanta singh                 

ഇന്ത്യന്‍ ടീമിലേയും ബെംഗളൂരു എഫ്.സിയിലേയും പതിവുകാരന്‍. ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും മികച്ച വലതുവിങ്ങര്‍. ബോക്‌സിലേക്ക് മികച്ച ക്രോസുകളും പാസ്സുകളും നല്‍കാന്‍ കഴിവുണ്ട്. 1372 മിനിറ്റ് ടീമിനായി കളിച്ചു.

ബ്ലാസ്റ്റേഴ്‌സിന്റെ കെ.പി രാഹുല്‍,മുംബൈയുടെ ബിദ്യാനന്ദസിങ്, ഒഡീഷയുടെ നന്ദകുമാര്‍ ശേഖര്‍,നോര്‍ത് ഈസ്റ്റ് യുണൈറ്റഡിന്റെ നിങ്‌തോയ് മീത്തി എന്നിവരും വലതുവിങ്ങില്‍ തീപ്പൊരി സൃഷ്ടിച്ചവരാണ്.

ഇടതുവിങ്ങര്‍

ലാലിയന്‍ സുല ചാങ്‌തേ (20) ചെന്നൈയിന്‍                chhangte      

ചെന്നൈയിന്‍ ടീമിന്റെ നാലംഗ ആക്രമണത്തിലെ പ്രധാനി. ചാങ്‌തേയുടെ മിന്നുന്ന ഫോം കൊണ്ട് മാത്രമാണ് ബെംഗളൂരു എഫ്.സിയുടെ മലയാളി താരം ആഷിഖ് കുരുണിയന് ഈ പൊസിഷനില്‍ ഇടം ലഭിക്കാതെ പോയത്.

1473 മിനിറ്റ് കളിച്ച ചാങ്‌തേ ഏഴ് ഗോളും നേടി. ആഷിഖിന് പുറമെ  ഒഡീഷ എഫ്.സിയുടെ ജെറി മാവിങ്താംഗ, ജംഷേദ്പുര്‍ എഫ്.സിയുടെ ഫാറൂഖ് ചൗധരി, എന്നിവരും ഈ വിങ്ങില്‍ തകര്‍പ്പന്‍ കളി പുറത്തെടുത്തു. നാല് പേരും ദേശീയ ടീമില്‍ ഇടംപിടിക്കാന്‍ കഴിയുന്ന പ്രകടനത്തിനുടമകള്‍.

അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍

സഹല്‍ അബ്ദു സമദ് (22) കേരള ബ്ലാസ്റ്റേഴ്‌സ്

abdul samadhസൂപ്പര്‍ലീഗ് ടീമുകളുടെ ആദ്യ ഇലവനില്‍ വിദേശതാരങ്ങളാണ് ഈ പൊസിഷനില്‍ കളിച്ചത്.  എ.ടി.കെ യില്‍ എഡു ഗാര്‍ഷ്യയും ചെ്‌ന്നൈയിനില്‍ റാഫേല്‍ ക്രിവെല്ലറോയും ബെംഗളൂരു എഫ്.സിയില്‍ റാഫേല്ഡ അഗുസ്‌തോയും പിന്നെ ദിമാസ് ദെല്‍ഗാഡോയും എഫ്.സി ഗോവയില്‍ ഹ്യൂഗോ ബൗമാസും കൈകാര്യം ചെയ്ത റോള്‍.

കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സഹല്‍ അബ്ദുസമദാണ്  അറ്റാ്ക്കിങ് മിഡ്ഫീല്‍ഡറുടെ റോളില്‍. യുവതാരത്തിന് ഇത്തവണ കേരള ടീമില്‍ വലിയ റോള്‍ ലഭിച്ചില്ലെങ്കിലും പ്രതിഭ തെളിയിച്ച താരം. 792 മിനിറ്റ് കളിച്ച സഹല്‍ രണ്ട് അസിസ്റ്റുകള്‍ നല്‍കി.

സ്‌ട്രൈക്കര്‍

ലിസ്റ്റണ്‍ കൊളാസോ (21) ഹൈദരബാദ് എഫ്.സി              listn colasa       

സ്‌ട്രൈക്കര്‍ പൊസിഷനില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അവസരം കുറവായിരുന്നു. രണ്ട് ടീമുകളിലായിട്ടാണ് കൊളാസോ ലീഗില്‍ കളിച്ചത്. എഫ്.സി ഗോവയില്‍ മൂന്ന് കളിയില്‍ ആകെ കളത്തില്‍ ചിലവിട്ടത് എട്ട് മിനിറ്റ്. ഹൈദരബാദിലേക്ക് മാറിയശേഷം നാല് കളിയില്‍ നിന്നായി 227 മിനിറ്റ് കളിച്ചു. രണ്ട് ഗോളും നേടി.
പ്രതിഭ തെളിയിച്ച താരമാണ് കൊളാസോ. ഗോവന്‍ സന്തോഷ് ട്രോഫിയില്‍ അത് തെളിഞ്ഞതാണ്. ജംഷേദ്പുര്‍ എഫ്.സിയുടെ അനികേത് ജാദവ്, ചെന്നൈയിന്‍ എഫ്.സിയുടെ റഹീം അലി എന്നിവരാണ് ഈ സ്ഥാനത്തുള്ള മറ്റ് രണ്ട് താരങ്ങള്‍. സുനില്‍ഛേത്രിക്ക് ശേഷം മികച്ച താരത്തെ  ഈസ്ഥാനത്തേക്ക് ചൂണ്ടിക്കാട്ടാന്‍ ഈ സീസണിനുമായില്ല.

Content highlights: indian super league sixth season young players