ന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടം മുറുകുന്നു. ടൂര്‍ണമെന്റ് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എ.ടി.കെ. കൊല്‍ക്കത്ത നായകന്‍ റോയ് കൃഷ്ണ, എഫ്.സി. ഗോവ താരം ഫെറാന്‍ കോറോമിനെസ്, കേരള ബ്ലാസ്റ്റേഴ്സ് നായകന്‍ ബര്‍ത്തലോമ്യു ഒഗ്ബെച്ച, ചെന്നൈയിന്‍ എഫ്.സി.യുടെ നെരിയൂസ് വാല്‍സ്‌കിസ് എന്നിവരാണ് ഗോള്‍വേട്ടക്കാരില്‍ ഒന്നാമനാകാന്‍ മത്സരിക്കുന്നത്.

17 കളിയില്‍ 14 ഗോളുമായി കൊല്‍ക്കത്തയുടെ ഫിജി താരം റോയ് കൃഷ്ണയാണ് മുന്നില്‍. ക്ലിനിക്കല്‍ ഫിനിഷറായ ഇന്ത്യന്‍ വംശജന് ടീം പ്ലേ ഓഫില്‍ കടന്നതോടെ മുന്നില്‍ അവസരങ്ങളുമുണ്ട്.

എഫ്.സി. ഗോവയുടെ സ്പാനിഷ് താരം ഫെറാന്‍ കോറോമിനെസിന് 14 കളിയില്‍ 13 ഗോളുണ്ട്. കഴിഞ്ഞതവണ ഗോള്‍ഡന്‍ ബൂട്ട് നേടിയ താരമാണ് കോറോ. മൂന്നു മത്സരം കളിക്കാതിരുന്നതാണ് താരത്തിന് തിരിച്ചടിയായത്. എഫ്.സി. ഗോവ പ്ലേ ഓഫില്‍ കടന്നതിനാല്‍ ഗോളടിക്കാനും ഒന്നാമനാകാനും അവസരം മുന്നിലുണ്ട്.

15 കളിയില്‍ 13 ഗോളാണ് ബ്ലാസ്റ്റേഴ്സ് നായകന്‍ ഒഗ്ബെച്ച നേടിയത്. ഇതില്‍ ഒരു ഹാട്രിക്കും ഉള്‍പ്പെടും. ക്ലബ്ബിന്റെ ടോപ് സ്‌കോറര്‍ പട്ടം ഒറ്റ സീസണ്‍കൊണ്ടുതന്നെ നൈജീരിയ താരം നേടി. അവസാനറൗണ്ട് മത്സരം മാത്രമാണ് ഒഗ്ബെച്ചയ്ക്ക് മുന്നിലുള്ളത്. ചെന്നൈയിന്‍ എഫ്.സി.യുടെ തിരിച്ചുവരവില്‍ പ്രധാന പങ്കുവഹിച്ച ലിത്വാനിയ സ്ട്രൈക്കര്‍ നെരിയൂസ് വാല്‍സ്‌കിസ് 16 കളിയില്‍നിന്നാണ് 13 ഗോള്‍ നേടിയത്. എഫ്.സി. ഗോവ താരം ഹ്യൂഗോ ബൗമാസ്, ഒഡിഷ എഫ്.സി.യുടെ അരിഡാനെ സന്റാന, ബെംഗളൂരു എഫ്.സി.യുടെ സുനില്‍ ഛേത്രി എന്നിവര്‍ ഒന്‍പത് ഗോള്‍ നേടി.

Content Highlights: Indian Super League, Golden boot race