ന്ത്യന്‍ ഫുട്ബോളില്‍ പ്രൊഫഷണലിസത്തിന്റെ അവസാനവാക്കാണ് ബെംഗളൂരു എഫ്.സി. രൂപവത്കൃതമായ അന്നുമുതല്‍ സ്ഥിരതയോടെ, ഒരേ ഫോമില്‍ കളിക്കുന്ന ടീം. പരിശീലകറോളില്‍ ആഷ്ലി വെസ്റ്റ്വുഡായാലും അല്‍ബര്‍ട്ടോ റോക്കയായാലും കാള്‍സ് ക്വാഡ്രാറ്റായാലും കളിക്കളത്തില്‍ ടീം നേട്ടമുണ്ടാക്കുമെന്നതാണ് ചരിത്രം. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ ആറാം സീസണിനിറങ്ങുമ്പോള്‍ കിരീടം നിലനിര്‍ത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്വം കൂടിയുണ്ട്.

ഗെയിം പ്ലാന്‍

4-2-3-1 ശൈലിയിലാണ് സ്പാനിഷുകാരന്‍ ക്വാഡ്രാറ്റ് ടീമിനെ ഇറക്കാറുള്ളത്. ഇത്തവണയും അതില്‍ മാറ്റമുണ്ടാകാനിടയില്ല. ഡച്ച് ഫുട്ബോള്‍ ഇതിഹാസം ഫ്രാങ്ക് റൈക്കാഡ് ബാഴ്സലോണയെ പരിശീലിപ്പിക്കുന്ന കാലത്ത് പരിശീലകസംഘത്തില്‍ അംഗമായിരുന്ന ക്വാഡ്രാറ്റ് അന്നു പഠിച്ച ശൈലി ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപ്പാക്കുകയാണ് ചെയ്യുന്നത്.

പൊസഷന്‍ - പാസിങ് ഗെയിമാണ് ക്വാഡ്രാറ്റ് നടപ്പാക്കാറുള്ളത്. അതില്‍ പ്രതിരോധത്തിനുകൂടി പ്രാധാന്യം നല്‍കുമെന്നുമാത്രം. ഫുള്‍ബാക്കുകളെ ഉപയോഗിച്ച് ആക്രമണം. മുന്നേറ്റനിരക്കാരെക്കൂടി ഉള്‍പ്പെടുത്തിയുള്ള പ്രതിരോധതന്ത്രം ഇതാണ് പരിശീലകന്റെ ഗെയിംപ്ലാന്‍. നായകന്‍ സുനില്‍ ഛേത്രിവരെ പ്രതിരോധച്ചുമതല വഹിക്കും. പ്രതിരോധനയത്തിലെ കര്‍ശന നിലപാടാണ് ടീമിനെ കഴിഞ്ഞസീസണില്‍ കിരീടവിജയത്തിലെത്തിച്ചത്. ഇത്തവണ മികച്ച മധ്യനിരതാരങ്ങള്‍ ടീമിന് മുതല്‍ക്കൂട്ടാകും.

പ്ലെയിങ് ഇലവന്‍

താരസമ്പന്നമാണ് ടീം. ഓരോ പൊസിഷനിലും മികച്ച താരങ്ങളും റിസര്‍വ് താരങ്ങളുമുണ്ട്. അതിശക്തമായ മധ്യനിരയാണ് ഹൈലൈറ്റ്. മുന്നേറ്റത്തില്‍ വെനസ്വേല താരം മിക്കുവിന്റെ ഒഴിവുനികത്താന്‍ കഴിയാത്തത് മാത്രമാണ് പോരായ്മ.

ഗോള്‍ കീപ്പറായി ഗുര്‍പ്രീത് സിങ് സാന്ധു കളിക്കും. ഇന്ത്യന്‍ ആരോസിന്റെ വല കഴിഞ്ഞസീസണില്‍ കാത്ത പ്രഭ്ശുഖന്‍ സിങ് ഗില്ലും ആദിത്യ പാത്രയും ഗോള്‍ കീപ്പര്‍മാരായുണ്ട്. പ്രതിരോധത്തില്‍ വിദേശതാരങ്ങളായ യുവാനും ആല്‍ബര്‍ട്ട് സെറാനും സെന്‍ട്രല്‍ ഡിഫന്‍സില്‍ കളിക്കും. നിഷുകുമാര്‍ ഇടതു വിങ്ബാക്കായും രാഹുല്‍ ബെക്കെ വലതു വിങ്ബാക്കായും ഇറങ്ങും. മലയാളി താരം റിനോ ആന്റോ വലതുവിങ്ങിലും ഗുര്‍സിമ്രത് സിങ്, സായ്റൗത്ത് കിമ എന്നിവര്‍ സെന്‍ട്രല്‍ ഡിഫന്‍സിലും പകരക്കാരായുണ്ട്.

മധ്യനിരയില്‍ പ്രതിഭാധാരാളിത്തമുണ്ട്. മൂന്ന് വിദേശതാരങ്ങളെ ഈ മേഖലയില്‍ ഇറക്കാനാകും പരിശീലകന്‍ താത്പര്യപ്പെടുന്നത്. ബ്രസീല്‍ താരം റാഫേല്‍ അഗുസ്‌തോകൂടി ടീമിലേക്ക് വന്നതോടെ മധ്യനിരയില്‍ ഭാവനാസമ്പന്നത കൂടിയിട്ടുണ്ട്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ വിദേശതാരങ്ങളായ എറിക് പാര്‍ത്തലു, ദിമാസ് ഡെല്‍ഗാഡോ എന്നിവരെയാകും പരീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ അഗുസ്‌തോ അറ്റാക്കിങ് മിഡ്ഫീല്‍ഡിലേക്കുവരും. വലതുവിങ്ങില്‍ ഉദാന്ത സിങ്ങും ഇടതുവിങ്ങില്‍ ആഷിഖ് കുരുണിയനുമാകും. ഏക സ്ട്രൈക്കറായി സുനില്‍ ഛേത്രിയാകും. സ്ട്രൈക്കര്‍ റോളില്‍ സ്പാനിഷുകാരന്‍ മാനുവല്‍ ഒന്‍വുവിനെ ഇറക്കുകയാണെങ്കില്‍ ഛേത്രി രണ്ടാം സ്ട്രൈക്കറുടെ റോളിലാകും. അങ്ങനെയെങ്കില്‍ പാര്‍ത്തലുവിനൊപ്പം അഗുസ്‌തോയോ ദിമാസോ ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലെത്തും.

ഇന്ത്യന്‍ താരങ്ങളായ സുരേഷ് സിങ്, അജയ് ഛേത്രി, യൂജിന്‍സന്‍ ലിങ്ദോ, ഹര്‍മന്‍ജ്യോത് സിങ് കാബ്ര എന്നിവര്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ പകരക്കാരാണ്. കീന്‍ ലൂയിസ്, മലയാളി താരം ലിയോണ്‍ അശോകന്‍ എന്നിവര്‍ വലതുവിങ്ങില്‍ കളിക്കാന്‍ കഴിവുള്ളവരാണ്. ഉദാന്തയെ ഇടതുവിങ്ങിലേക്കും ആഷിഖിനെ വലതുവിങ്ങിലേക്കും മാറ്റിക്കളിപ്പിക്കാനും കഴിയും.

മുന്നേറ്റത്തില്‍ എഡ്മുണ്ട് ലാല്‍റിന്‍ഡിക, സെമ്പി ഹാവോക്കിപ്പ്, പരാഗ് സതീഷ് എന്നിവര്‍ പകരക്കാരുടെ റോളിലുണ്ട്.

Content Highlights: Indian Super League 2019-20 Season Team Preview Bengaluru FC