ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ കഴിഞ്ഞ രണ്ടു സീസണുകളില്‍ കൊല്‍ക്കത്ത ടീമായ എ.ടി.കെ.യുടെ പ്രകടനം മോശമായിരുന്നു. അതിനൊരു പരിഹാരം കാണാനാണ് ആദ്യസീസണില്‍ ടീമിനെ ചാമ്പ്യന്‍മാരാക്കിയ സ്പാനിഷ് പരിശീലകന്‍ അന്റോണിയോ ലോപസ് ഹെബാസിനെ തിരിച്ചുകൊണ്ടുവന്നത്.

കൊല്‍ക്കത്ത ഫുട്ബോളിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ ഇത്തവണ ടീമിന് മികച്ച റിസള്‍ട്ട് ആവശ്യമാണ്. അതിനനുസരിച്ചുള്ള ടീമിനെ ഒരുക്കാനും മാനേജ്മെന്റിനായിട്ടുണ്ട്. മികച്ച മധ്യ-മുന്നേറ്റനിരകള്‍ ടീമിനുണ്ട്. യുവതാരങ്ങളും പരിചയസമ്പന്നരും ഒരുപോലെ ഇടംനേടിയിട്ടുണ്ട്. ഇതിനൊപ്പം ഹെബാസിന്റെ അനുഭവസമ്പത്തും തന്ത്രങ്ങളുംകൂടി ചേരുമ്പോള്‍ മൂന്നാം വട്ടം കപ്പുയര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഗെയിം പ്ലാന്‍

ആക്രണത്തിന് മുന്‍തൂക്കം നല്‍കുന്ന പരിശീലകനാണ് ഹെബാസ്. അതോടൊപ്പം പ്രതിരോധത്തില്‍ കരുതലുമുണ്ടാകും. ആദ്യസീസണിലെ ആദ്യകളിയില്‍ മുംബൈ സിറ്റിക്കെതിരേ 4-3-3 ശൈലിയില്‍ കളിച്ചശേഷം പിന്നീട് ഭൂരിഭാഗം കളികളിലും 4-2-3-1 ശൈലിയാണ് സ്വീകരിച്ചത്. ഇടയ്ക്ക് 5-3-2 ശൈലിയിലും ടീമിനെ ഇറക്കിയിട്ടുണ്ട്. മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരെ ഹെബാസ് ടീമിലെത്തിക്കും. ക്രിയേറ്ററായും ഡിസ്ട്രോയറായും കളിക്കാന്‍ കഴിയുന്ന രണ്ട് ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരെ ആദ്യ ഇലവനില്‍ കളിപ്പിക്കുന്ന രീതി ഹെബാസിനുണ്ട്.

പ്ലെയിങ് ഇലവന്‍

ധീരജ് സിങ്ങായിരിക്കും ടീമിന്റെ ഒന്നാം നമ്പര്‍ ഗോളി. പരിചയസമ്പന്നനായ അരീന്ദം ഭട്ടാചാര്യയും ടീമിലുണ്ട്. സെന്‍ട്രല്‍ ഡിഫന്‍സില്‍ ഇംഗ്ലീഷ് താരം ജോണ്‍ ജോണ്‍സന്റെ സ്ഥാനം ഉറപ്പാണ്. റയല്‍ മഡ്രിഡ് ബി ടീമില്‍ കളിച്ചിട്ടുള്ള സ്പാനിഷ് താരം അഗസ്റ്റിന്‍ ഗാര്‍ഷ്യക്കും അവസരം ലഭിക്കും. ഇത് മറ്റ് പൊസിഷനിലെ വിദേശതാരങ്ങളെ ആശ്രയിച്ചായിരിക്കും. അര്‍ണബ് മണ്ഡല്‍, സലേം രഞ്ജന്‍ സിങ്, മലയാളി താരം അനസ് എടത്തൊടിക എന്നിവര്‍ ഈ സ്ഥാനത്ത് കളിക്കാനുണ്ട്. ഇടതുവിങ് ബാക്കായി സെന റാള്‍ട്ടക്കായിരിക്കും ആദ്യ അവസരം. വലതുവിങ് ബാക്കായി പ്രീതം കോട്ടാലും ഇറങ്ങും. ബോറിസ് സിങ്, ഐബര്‍ലോങ് കോങ്ജെ, പ്രബീര്‍ദാസ് എന്നിവര്‍ ഈ പൊസിഷനില്‍ കളിക്കാന്‍ കഴിവുള്ളവരാണ്.

ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ ഐറിഷ് താരം കാള്‍ മക് ഹുഗ്, പ്രണോയ് ഹാല്‍ദാര്‍ എന്നിവരാകും ആദ്യഇലവനില്‍. അറ്റാക്കിങ് മിഡില്‍ കളിപ്പിക്കാന്‍ സ്പാനിഷ് താരം ഹാവി ഹെര്‍ണാണ്ടസ്, ഡാരിയോ വിഡോസിച്ച് മൈക്കല്‍ സൂസെരാജ് എന്നിവര്‍ ടീമിലുണ്ട്. ഇവര്‍ക്കൊപ്പം സെഹ്നാജ് സിങ്, മാല്‍സ്വം സുല എന്നിവരെയും പരീക്ഷിക്കാന്‍ കഴിയും. ഏറെ പ്രതീക്ഷയോടെ കൊണ്ടുവന്ന ഫിജി മുന്നേറ്റനിരതാരം റോയ് കൃഷ്ണയെ ഇടതുവിങ്ങറായി കളിപ്പിക്കാനാണ് സാധ്യത വലതുവിങ്ങില്‍ ജയേഷ് റാണയോ കോമള്‍ തട്ടാലോ ഇറങ്ങും. വിദേശതാരം എഡു ഗാര്‍ഷ്യയെയും പരീക്ഷിക്കാം. റോയ് കൃഷ്ണ സ്ട്രൈക്കര്‍ റോളിലേക്ക് പോയാല്‍ ഗാര്‍ഷ്യയുടെ സ്ഥാനം ഉറയ്ക്കും. സെന്‍ട്രല്‍ സ്ട്രൈക്കറുടെ റോളില്‍ ഓസ്ട്രേലിയന്‍ താരം ഡേവിഡ് വില്യംസിനെ ഇറക്കാനാണ് സാധ്യത. മലയാളി താരം ജോബി ജസ്റ്റിന്‍, ബല്‍വന്ത് സിങ് എന്നിവര്‍ പകരക്കാരായുണ്ട്.

Content Highlights: Indian Super League 2019-20 Season Team Preview ATK coach Antonio Lopez Habas is back