കൊല്‍ക്കത്ത: ഏറെ നാളുകള്‍ക്കു ശേഷം തുടര്‍ച്ചയായ രണ്ടു ജയങ്ങള്‍ കുറിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. എ.ടി.കെയ്‌ക്കെതിരേ കഴിഞ്ഞ ദിവസം കേരളം നേടിയത് ഈ സീസണിലെ തങ്ങളുടെ ആദ്യ എവേ മാച്ച് വിജയമാണ്. മത്സരത്തിലെ ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തേക്കാളേറെ ശ്രദ്ധനേടിയ മറ്റൊരു സംഭവവും ഉണ്ടായി. ഐ.എസ്.എല്ലില്‍ അധികമാരും കാണാത്ത ഒരു ഓഫ്‌സൈഡ് കെണിയാണ് കഴിഞ്ഞ ദിവസം എ.ടി.കെയ്‌ക്കെതിരേ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്.

ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. കഴിഞ്ഞ വര്‍ഷത്തെ ഫുട്‌ബോള്‍ ലോകകപ്പില്‍ സെനഗലിനെതിരായ മത്സരത്തില്‍ ജപ്പാന്‍ പുറത്തെടുത്ത അതേ തന്ത്രമാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് മുന്നില്‍ നില്‍ക്കവെ മത്സരത്തിന്റെ 90-ാം മിനിറ്റിലായിരുന്നു സംഭവം. പലപ്പോഴും ഒരു ഗോളിന് മുന്നില്‍ നില്‍ക്കെ അവസാന നിമിഷങ്ങളില്‍ ഗോള്‍വഴങ്ങി സമനില വഴങ്ങുന്നത് കേരളത്തിന്റെ പതിവായിരുന്നു. ഞായറാഴ്ചയും ഇതേ കാര്യം ആവര്‍ത്തിക്കുമെന്ന് ആരാധകര്‍ ഭയന്നിരുന്നു.

എന്നാല്‍ എ.ടി.കെ താരം ജാവി ഹെര്‍ണാണ്ടസ് ഫ്രീകിക്ക് എടുത്തപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഒന്നടങ്കം ബോക്‌സിന് വെളിയിലേക്ക് നീങ്ങി. ഫലമോ ആറോളം എ.ടി.കെ താരങ്ങള്‍ ഓഫ്‌സൈഡായി. ഫ്രീകിക്ക് ലഭിച്ച റോയ് കൃഷ്ണ പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ഫുട്‌ബോള്‍ ലോകകപ്പില്‍ സെനലഗിനെതിരേ ജപ്പാനും ഇതേ തന്ത്രം പുറത്തെടുത്തിരുന്നു. ആ മത്സരം 2-2 ന് സമനിലയായി. ഗ്രൂപ്പ് എച്ചില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു ജപ്പാന്റെ ഈ തന്ത്രം.

നര്‍സറി കസറി

ഹാളിച്ചരണ്‍ നര്‍സറിയുടെ തകര്‍പ്പന്‍ ഗോളിലായിരുന്നു എ.ടി.കെയ്‌ക്കെതിരേ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം (1-0). ഇതോടെ കേരള ടീം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. കളിയുടെ 70-ാം മിനിറ്റിലാണ് വിങ്ങര്‍ നര്‍സറി വിധിനിര്‍ണയിച്ച ഗോള്‍ നേടിയത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയില്‍ നിലമെച്ചപ്പെടുത്തി. ടീമിന്റെ ആദ്യ എവേ ജയം കൂടിയാണിത്. 12 കളിയില്‍നിന്ന് 14 പോയന്റായ ടീം ആറാം സ്ഥാനത്തേക്ക് കയറി.

Content Highlights: Hero ISL 2019-20 Kerala Blasters FC's Offside Trap Against ATK FC