ഫ്രാന്‍സില്‍ സാക്ഷാല്‍ പി.എസ്.ജി, സ്പെയിനില്‍ വല്ലാഡോളിഡ്, ഇംഗ്ലണ്ടില്‍ മിഡില്‍സ്ബറോ...ലോകോത്തര ക്ലബ്ബുകളില്‍ കളിച്ചതിന്റെ അനുഭവസമ്പത്തുമായി ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കൂടാരത്തിലേക്ക് ബര്‍ത്തലോമ്യു ഒഗ്ബെച്ചെ എന്ന നൈജീരിയക്കാരന് പറന്നെത്തുമ്പോള്‍ അയാളുടെ ലക്ഷ്യവും ആരാധകരുടെ ആഗ്രഹവും ഒന്നുമാത്രം...പരമാവധി ഗോളടിക്കുക. ഐ.എസ്.എല്ലിന്റെ കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി 12 ഗോള്‍ അടിച്ചുകൂട്ടിയ ഒഗ്ബെച്ചെ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായത്തിലും കഥ തുടരാനുള്ള ഒരുക്കത്തിലാണ്. ഐ.എസ്.എല്ലിന്റെ അടുത്ത സീസണിനുള്ള മുന്നൊരുക്കത്തിനായി ദുബായിലേക്ക് തിരിക്കുംമുമ്പേ ഒഗ്ബെച്ചെ മാതൃഭൂമിയുമായി വിശേഷങ്ങള്‍ പങ്കിടുന്നു.
ആദ്യ ലക്ഷ്യം പ്ലേ ഓഫ്
ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞസീസണിലെ പ്രകടനമൊന്നും എന്നെ അലട്ടുന്ന കാര്യമല്ല. പുതിയ സീസണില്‍ പുതിയ ടീമിനൊപ്പമാണ് ഞാന്‍. പ്രതിഭാധനരായ ഒട്ടേറെ കളിക്കാര്‍ ടീമിലുള്ളപ്പോള്‍ ഞാനെന്തിന് ഭയപ്പെടണം. പ്രാഥമിക റൗണ്ടിലെ പരമാവധി മത്സരങ്ങള്‍ ജയിച്ച് പ്ലേ ഓഫിലെത്തുകയാണ് ആദ്യ ലക്ഷ്യം. ഫൈനലും കിരീടധാരണവുമൊന്നും ഇപ്പോള്‍ ചിന്തിക്കേണ്ട വിഷയമല്ല.
ഇന്ത്യന്‍ സാഹചര്യം
കഴിഞ്ഞതവണ ഐ.എസ്.എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി കളിച്ചതിന്റെ അനുഭവസമ്പത്ത് ഇത്തവണ ബ്ലാസ്റ്റേഴ്സിനായി കളിക്കുമ്പോള്‍ ഗുണകരമാകുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങളുമായി എനിക്ക് വളരെ വേഗം ഇണങ്ങാന്‍ കഴിഞ്ഞിരുന്നു. കഴിഞ്ഞതവണ നോര്‍ത്ത് ഈസ്റ്റിനെ ചരിത്രത്തിലാദ്യമായി ഐ.എസ്.എല്ലിന്റെ പ്ലേ ഓഫിലെത്തിക്കാന്‍ സാധിച്ചത് ഇന്ത്യന്മണ്ണിലെ വലിയനേട്ടമായി കരുതുന്നു.
ഷറ്റോരിയുടെ ശിഷ്യന്
കഴിഞ്ഞതവണ നോര്‍ത്ത് ഈസ്റ്റില്‍ കോച്ചായിരുന്ന എല്‍ക്കോ ഷറ്റോരി തന്നെയാണ് ബ്ലാസ്റ്റേഴ്സിലും എന്റെ കോച്ച് എന്നത് സന്തോഷകരമായ കാര്യമാണ്. അറ്റാക്കിങ് ഫുട്ബോളിന്റെ ആശാനാണ് ഷറ്റോരി. അദ്ദേഹത്തിന്റെ ഗെയിം പ്ലാനിനനുസരിച്ച് കളിക്കാന്‍ കഴിഞ്ഞതവണ ഒരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. മിഡ്ഫീല്‍ഡില്‍നിന്നുള്ള പന്തൊഴുക്കാണ് ഷറ്റോരിയുടെ ഗെയിം പ്ലാനിന്റെ സൂത്രവാക്യം..
റൊണാള്‍ഡോയും ബാഴ്സലോണയും
ബ്രസീലിയന്‍ താരം റൊണാള്‍ഡോയാണ് എന്റെ ഇഷ്ടതാരം. അദ്ദേഹത്തിന്റെ കളി നേരിട്ടുകാണാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ബാഴ്സലോണയാണ് ഇഷ്ടപ്പെട്ട ടീം. നൈജീരിയന്‍ ടീമില്‍ ജെജെ ഒക്കോച്ചയുടെ കടുത്ത ആരാധകനാണ് ഞാന്‍. അദ്ദേഹത്തോടൊപ്പം കളിച്ചാല്‍ അതില്‍നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടാകും.
കരിമീനും പൊറോട്ടയും
കേരളത്തില്‍ വന്നപ്പോള്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ടു വിഭവങ്ങള്‍ കരിമീനും പൊറോട്ടയുമാണ്. ലോകത്തെ വിവിധ രാജ്യങ്ങളില്‍നിന്ന് മീന്‍ വിഭവങ്ങള്‍ കഴിച്ചിട്ടുണ്ടെങ്കിലും നിങ്ങളുടെ നാട്ടില്‍ ഇലയില്‍ പൊതിഞ്ഞ് വേവിച്ച കരിമീനിന്റെ രുചി ഒന്നു വേറെതന്നെയാണ്. നിങ്ങളുടെ മട്ടണ്‍ ബിരിയാണിയും എനിക്ക് ഇഷ്ടപ്പെട്ടു. ചിക്കന്‍ കുറുമ, ദാല്‍ മഖാനി, നാന്, സമൂസ തുടങ്ങിയവയൊക്കെ ഇവിടെ വന്നപ്പോഴാണ് കഴിച്ചത്.
Content Highlights: Bartholomew Ogbeche Kerala Blasters ISL 2019 Interview