കൊല്‍ക്കത്ത: നിലവിലെ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്.സിയെ അട്ടിമറിച്ച് കൊല്‍ക്കത്ത ഐ.എസ്.എല്‍ ഫൈനലില്‍. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം പാദ സെമിയില്‍ ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു കൊല്‍ക്കത്തയുടെ വിജയം. ഇതോടെ ഇരുപാദങ്ങളിലുമായി കൊല്‍ക്കത്ത 3-2ന് വിജയിച്ചു. നേരത്തെ ആദ്യ പാദത്തില്‍ ബെംഗളൂരു 1-0ത്തിന് വിജയിച്ചിരുന്നു.

ശനിയാഴ്ച്ച നടക്കുന്ന ഫൈനലില്‍ ചെന്നൈയിന്‍ എഫ്.സിയാണ് കൊല്‍ക്കത്തയടെ എതിരാളികള്‍. എഫ്.സി ഗോവയെ തോല്‍പ്പിച്ചാണ് ചെന്നൈയിന്‍ ഫൈനലിലെത്തിയത്.

കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ മലയാളി താരം ആഷിഖ് കുരുണിയനിലൂടെ ബെംഗളൂരു ലീഡെടുത്തു. 30-ാം മിനിറ്റില്‍ റോയ് കൃഷ്ണനിലൂടെ കൊല്‍ക്കത്ത ഒപ്പം പിടിച്ചു. 63-ാം മിനിറ്റില്‍ പെനാല്‍റ്റിയുടെ രൂപത്തില്‍ കൊല്‍ക്കത്തയുടെ അടുത്ത ഗോളെത്തി. ഡേവിഡ് വില്ല്യംസിന് പിഴച്ചില്ല. കൊല്‍ക്കത്ത 2-1ന് ലീഡെടുത്തു. ഇരുപാദങ്ങളിലുമായി രണ്ട് ടീമുകളും 2-2ന് ഒപ്പമെത്തി. എന്നാല്‍ ആഷിഖ് അടിച്ച ആ എവേ ഗോളിന്റെ ആനുകൂല്യം അപ്പോഴും ബെംഗളൂരിനൊപ്പമുണ്ടായിരുന്നു. 

പക്ഷേ വിട്ടുകൊടുക്കാന്‍ കൊല്‍ക്കത്ത തയ്യാറായിരുന്നില്ല, 79-ാം മിനിറ്റില്‍ ഡേവിഡ് വില്ല്യംസ് തന്റെ രണ്ടാം ഗോള്‍ കണ്ടെത്തി. അതു കൊല്‍ക്കത്തയുടെ വിജയ ഗോളായി മാറി. ഒപ്പം ഇരുപാദങ്ങളിലുമായി 3-2ന്റെ വിജയവുമായി ഫൈനലിലേക്ക്.

Content Highlights: ATK seals comeback win to down defending champ BFC ISL 2020