മഡ്ഗാവ്: ഒടുവില്‍ ഫുട്ബോളില്‍ ചരിത്രം പിറന്നു. ലയിക്കാന്പോകുന്ന രണ്ട് ടീമുകള്‍ അതത് ലീഗുകളില്‍ ചാമ്പ്യന്മാരായി. ഇന്ത്യന്‍ ഫുട്ബോളിലെന്നല്ല ലോക ഫുട്ബോളില്‍ത്തന്നെ എഴുതപ്പെടുന്ന ചരിത്രം.
ഐ ലീഗില്‍ കൊല്‍ക്കത്ത ക്ലബ്ബ് മോഹന്‍ ബഗാന് ചാമ്പ്യന്മാരായതിനു പിന്നാലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എ.ടി.കെ. കൊല്‍ക്കത്തയും കിരീടം നേടി. ഇരുടീമും ജൂണില്‍ ലയിച്ച് ഒറ്റ ക്ലബ്ബാകും. ഇതോടെ പുതിയ ചരിത്രമാകും. രണ്ട് ലീഗ് ചാമ്പ്യന്മാരും കൊല്‍ക്കത്തയില്‍ നിന്നാണെന്ന പ്രത്യേകതയുമുണ്ട്. ലയിക്കുന്ന ടീം അടുത്ത സീസണില്‍ സൂപ്പര്‍ ലീഗിലാകും കളിക്കുന്നത്.
ഐ ലീഗില്‍ നാല് റൗണ്ട് മത്സരം ബാക്കിനില്‍ക്കേയാണ് ബഗാന് കിരീടം നേടിയത്. ഒരു കളി മാത്രം തോറ്റ്, പിന്നെ 14 കളിയില്‍ അപരാജിതരായാണ് ടീം കപ്പില്‍ മുത്തമിട്ടത്. എ.ടി.കെ.യാകട്ടെ സൂപ്പര്‍ ലീഗില്‍ സ്ഥിരതയോടെ കളിച്ച് കിരീടം നേടി. ലീഗില്‍ ഹാട്രിക് കിരീടം നേടുന്ന ആദ്യ ക്ലബ്ബെന്ന നേട്ടവും സ്വന്തമാക്കി.

ഏഷ്യയിലെതന്നെ ഏറ്റവും പഴക്കമേറിയതും കിരീടവിജയങ്ങളുടെ സമ്പന്നമായ ഭൂതകാലവുമുള്ള ബഗാന് സാമ്പത്തികപ്രശ്നങ്ങള്മൂലമാണ് ലയനത്തിന് സമ്മതം മൂളിയത്. ലയനത്തോടെ എ.ടി.കെ - ബഗാന് ടീമില്‍ 80 ശതമാനം ഓഹരികളും എ.ടി.കെ. ഉടമകള്‍ക്കാകും. ബഗാന്റെ ആരാധകസമ്പത്താണ് എ.ടി.കെ. ലക്ഷ്യമിടുന്നത്.
ലയനത്തോടെ ഐ ലീഗ് വിജയികള്‍ക്കുള്ള എ.എഫ്.സി. സ്ലോട്ടില്‍ ആര് കളിക്കുമെന്ന പ്രതിസന്ധിയുണ്ടായിരുന്നു. സൂചനകള്‍പ്രകാരം അടുത്തവര്‍ഷം എ.ടി.കെ - ബഗാന് ടീം എ.എഫ്.സി. കപ്പില്‍ കളിക്കും. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ സൂപ്പര്‍ ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ചാമ്പ്യന്മാരായ എഫ്.സി. ഗോവയ്ക്കാണ് യോഗ്യത. എ.എഫ്.സി. കപ്പ് പ്ലേ ഓഫ് ഘട്ടത്തില്‍ സൂപ്പര്‍ ലീഗ് റണ്ണറപ്പായ ചെന്നൈയിന് അവസരം ലഭിക്കും.
Content Highlights: ATK’s ISL title, Mohun Bagan’s I-League triumph brace for new journey