മഡ്ഗാവ്: നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം കൊല്‍ക്കത്ത ക്ലബ്ബിലേക്ക് തിരിച്ചുവരുമ്പോള്‍ അന്റോണിയോ ഹെബാസ് ലോപ്പസ് എന്ന സ്പാനിഷുകാരന്‍ ഒരാവശ്യമാണ് ടീം മാനേജ്മെന്റിനുമുന്നില്‍വെച്ചത്. കളിക്കാരുടെ തിരഞ്ഞെടുപ്പില്‍ പൂര്‍ണസ്വാതന്ത്ര്യം വേണം. എങ്കില്‍ കിരീടം വീണ്ടെടുക്കാം.

കഴിഞ്ഞ രണ്ടു സീസണുകളിലായി തകര്‍ന്നുപോയ എ.ടി.കെ. കൊല്‍ക്കത്തയ്ക്ക് കിരീടമായിരുന്നു ആവശ്യം. ഹെബാസിന്റെ ഡിമാന്‍ഡ് അവര്‍ പൂര്‍ണമായും അംഗീകരിച്ചു. ഹെബാസിന് ലഭിച്ച ഈ സ്വാതന്ത്ര്യം ഫലപ്രദമായി വിനിയോഗിച്ചതിനാലാണ്, ഇത്തവണ കളിച്ച ടീമുകളില്‍ ഏറ്റവും സന്തുലിതവും മികച്ച ആക്രമണനിരയും എ.ടി.കെ.യ്ക്കാണെന്ന് കളി തുടങ്ങുംമുമ്പുതന്നെ വിലയിരുത്തപ്പെട്ടത്.

ആദ്യസീസണില്‍ എ.ടി.കെ.യെ ചാമ്പ്യന്‍മാരാക്കിയ ഹെബാസിന് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍കൊണ്ട് ഇന്ത്യന്‍ ഫുട്ബോളിനെ നന്നായി അറിയാം. ഒരോ സീസണിലും വലിയ അഴിച്ചുപണികളോടെ ഇറങ്ങുന്ന, പ്രീസീസണില്‍ വലിയ തയ്യറെടുപ്പുകളില്ലാത്ത സൂപ്പര്‍ ലീഗ് ടീമുകളെ മറികടക്കാന്‍ ഇത്തവണ പ്രയോഗിച്ച സൂത്രം മികച്ചതായിരുന്നു. അതാണ് കൊല്‍ക്കത്ത ക്ലബ്ബ് കിരീടം നേടുന്നതില്‍ നിര്‍ണായകമായത്.

പറിച്ചുനട്ട കൂട്ടുകെട്ട്

കഴിഞ്ഞ സീസണില്‍ ഓസ്ട്രേലിയന്‍ എ ലീഗില്‍ വെല്ലിങ്ടണ്‍ ഫോണിക്‌സ് ടീമിന്റെ മുന്നേറ്റത്തിലെ സഖ്യമായിരുന്നു റോയ് കൃഷ്ണയും ഡേവിഡ് വില്യംസും. പ്രതിഭകളും ക്ലിനിക്കല്‍ ഫിനിഷര്‍മാരുമായ രണ്ടുപേരേയും ഒരുമിച്ച് ടീമിലേക്ക് കൊണ്ടുവന്ന് ഹെബാസ് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി. മറ്റു ടീമുകളിലെ അറ്റാക്കിങ് ജോഡികള്‍ക്ക് കളിച്ച് ഒത്തിണക്കം വരണം. എന്നാല്‍, റോയ്-വില്യംസ് സഖ്യത്തിന് ഓസ്ട്രേലിയയില്‍ നിര്‍ത്തിയേടത്തുനിന്ന് തുടങ്ങിയാല്‍ മതി. എ ലീഗില്‍ റോയ് 19 ഗോളും വില്യംസ് 11 ഗോളും നേടിയിരുന്നു. അവിടെ നിര്‍ത്തിയേടത്തുനിന്നാണ് ഇരുവരും തുടങ്ങിയത്. റോയ് 15 ഗോളും വില്യംസ് ഏഴു ഗോളും നേടി.

ഇരുവരേയും നന്നായി ഉപയോഗിപ്പെടുത്താനാണ് അതിവേഗക്കാരായ രണ്ടുതാരങ്ങളെ വിങ്ബാക്കുകളായി കയറ്റിക്കളിപ്പിച്ച് 3-5-2 ശൈലിയില്‍ ഹെബാസ് ടീമിനെ ഇറക്കിയത്. പ്രബീര്‍ദാസും മൈക്കല്‍ സുസെരാജും ആ റോള്‍ ഭംഗിയാക്കി. മധ്യനിരയില്‍ എഡു ഗാര്‍ഷ്യ, യാവി ഹെര്‍ണാണ്ടസ്, ജയേഷ് റാണെ എന്നിവര്‍ അധ്വാനികളായി.

ആക്രമണശൈലിക്കുടമയായ ഹെബാസിന് അതേശൈലിയിലുള്ള മികച്ച താരങ്ങളെ എത്തിക്കാന്‍ കഴിഞ്ഞിടത്താണ് വിജയം. കിരീടനേട്ടത്തോടെ ഹെബസ് വാക്കുപാലിച്ചു. മാനേജ്മെന്റിന് കിരീടം തിരിച്ചുപിടിച്ച് ആരാധകര്‍ക്കുമുന്നില്‍ തലയുയര്‍ത്താനുമായി. ഇനി ലയനമാണ്. കിരീടനേട്ടത്തോടെ ബഗാനും എ.ടി.കെ.യും ലയിച്ച് ചരിത്രമാകും.

Content Highlights: Antonio Habas ISL Champion ATK Coach