ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ടിം കാഹിലിന്റെ ഐ.എസ്.എല്‍ പ്രവേശനം ആവേശത്തോടെയാണ് ഇന്ത്യയിലെ ഫുട്‌ബോള്‍പ്രേമികള്‍ സ്വീകരിച്ചത്.
ഐ.എസ്.എല്‍ ക്ലബ്ബ് ജംഷഡ്പുര്‍ എഫ്.സിയാണ് കാഹിലിനെ ടീമിലെത്തിച്ചത്. ഇപ്പോഴിതാ തന്റെ ഐ.എസ്.എല്‍ പ്രവേശനത്തെ കുറിച്ചും ഇന്ത്യയിലേക്ക് വരുന്നതിന് മുന്‍പ് ഓസിസ് ക്രിക്കറ്റ് താരം ബ്രെറ്റ് ലീ നൽകിയ ഉപദേശങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് കാഹില്‍.
ഓസിസ് ക്രിക്കറ്റ് ടീമില്‍ തനിക്ക് ഒരു പാട് സുഹൃത്തുക്കളുണ്ടെന്നും അവര്‍ ഇന്ത്യയെ കുറിച്ച് കുറേ കാര്യങ്ങള്‍ പറഞ്ഞുതന്നിട്ടുണ്ടെന്നും കാഹില്‍ പറഞ്ഞു. ബ്രെറ്റ് ലീയ്ക്ക് ഇന്ത്യന്‍ ഭക്ഷണത്തെ കുറിച്ചും ബോളിവുഡിനെ കുറിച്ചും പറയാനേ നേരമുണ്ടായിരുന്നുള്ളൂ. പുതിയ സ്ഥലത്തെത്തിയാല്‍ അവിടത്തെ സംസ്‌കാരത്തെ കൂടുതല്‍ അറിയാന്‍ താല്‍പര്യപ്പെടുന്ന ഒരാളാണ് താന്‍. അതിനായി കൂടുതല്‍ യാത്രകള്‍ ചെയ്യണം അവിടത്തെ വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കണം, ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ കാഹില്‍ വ്യക്തമാക്കി.
കൂടാതെ ഇന്ത്യന്‍ ഫുട്‌ബോളിനെ കുറിച്ച് ഇംഗ്ലണ്ടിലടക്കം സംസാരമുണ്ടെന്നും കാഹില്‍ ചൂണ്ടിക്കാട്ടി. താന്‍ ഇംഗ്ലണ്ടിലെത്തിയപ്പോള്‍ റോബി കീനും വെസ് ബ്രൗണും ഇന്ത്യയില്‍ കളിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയിലായിരുന്നു പലരും.
ഇന്ത്യയില്‍ ഫുട്‌ബോളിന് ഇത്രയും ആരാധകരുണ്ടെന്ന് കണ്ട് താന്‍ അമ്പരന്നെന്നും കാഹില്‍ പറയുന്നു. ഇന്ത്യയില്‍ ഫുട്‌ബോളിന് മികച്ച അടിത്തറയുണ്ട്. ഇവിടെ ഇപ്പോള്‍ ഒരു ലീഗും നിലവിലുണ്ട്. ഇന്ത്യന്‍ ഫുട്‌ബോള്‍ അതിനനുസരിച്ച് മുന്നോട്ടുപോവുകയാണ് വേണ്ടത്, അല്ലാതെ എല്ലാവരുമായും മത്സരിക്കാനിറങ്ങുകയല്ല. ഇന്ത്യയില്‍ ഫുട്‌ബോളിനുള്ള അടിത്തറ തുടര്‍ന്നുകൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കണം. ഭാവിയേകൂടി കണ്ടുകൊണ്ടാകണം ഇത്തരം പ്രവര്‍ത്തനങ്ങള്‍. പതുക്കെയുള്ള പ്രക്രിയയാണിത്, എന്നാല്‍ അത് ലക്ഷ്യം നേടുമെന്ന് തനിക്കുറപ്പാണ്-കാഹില്‍ വ്യക്തമാക്കി.
ക്ലബ്ബിനായി മികച്ച പ്രകടനം പുറത്തെടുക്കുകതന്നെയാണ് തന്റെ ലക്ഷ്യമെന്നു പറഞ്ഞ കാഹില്‍ കളിക്കളത്തിനകത്തും പുറത്തും പ്രൊഫഷണല്‍ സമീപനം കൊണ്ട് ക്ലബ്ബിനെ വളര്‍ത്തുകയാണ് തന്റെ ദൗത്യമെന്നും കൂട്ടിച്ചേര്‍ത്തു. ഐ.എസ്.എല്ലിലേക്ക് ധാരാളം ശ്രദ്ധകൊണ്ടുവരികയും ഇന്ത്യന്‍ താരങ്ങള്‍ക്ക് ഒരു മാതൃകയാകുകയും വേണമെന്നും കാഹില്‍ കൂട്ടിച്ചേര്‍ത്തു.
എന്നുവരെ കളത്തില്‍ തുടരുമെന്ന ചേദ്യത്തിന് എന്നുവരെ തനിക്ക് യുവതാരങ്ങളുമായി ശാരീരികമായി മത്സരിക്കാന്‍ സാധിക്കുമോ അന്നുവരെ താന്‍ കളത്തിലുണ്ടാകുമെന്നായിരുന്നു കാഹിലിന്റെ മറുപടി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് എവര്‍ട്ടന്റെ താരമായിരുന്ന കാഹിലിനെ ജംഷഡ്പുര്‍ എഫ്.സി ഇത്തവണ ടീമിലെത്തിക്കുകയായിരുന്നു. 14 വര്‍ഷം ഓസ്ട്രേലിയയുടെ ജെഴ്നി അണിഞ്ഞ കാഹില്‍ റഷ്യന്‍ ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചിരുന്നു.
ഓസ്ട്രേലിയക്കായി 50 ഗോളുകളാണ് താരം നേടിയത്. നാല് ലോകകപ്പുകളില്‍ ബൂട്ടണിഞ്ഞ മുപ്പത്തിയെട്ടുകാരനായ സ്‌ട്രൈക്കര്‍ ഓസ്‌ട്രേലിയയ്ക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ്.
Content Highlights: tim cahill gears up for isl debut