ബെംഗളൂരു: ഐ.എസ്.എല്ലില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷം ബെംഗളൂരു എഫ്.സിയോട് കേരള ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയിരുന്നു. രണ്ടു ഗോളിന് പിന്നിലായതോടെ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കു നേരെ പലപ്പോഴും ബെംഗളൂരു പരുക്കന്‍ അടവുകള്‍ പുറത്തെടുത്തു. ഇതോടെ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ സന്ദേശ് ജിംഗാന്‍ ചൂടാകുന്നതിനും ശ്രീകണ്ഠീരവ സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.

മത്സരത്തില്‍ നിരന്തരം ഫൗളിന് വിധേയനാകേണ്ടി വന്നിരുന്നു ജിംഗാന്. മത്സരത്തിന്റെ 57-ാമത്തെ മിനിറ്റില്‍ ബെംഗളൂരു താരം സിസ്‌കോയാണ് ജിംഗാന്റെ ചൂടറിഞ്ഞത്. ഉയര്‍ന്നു വന്ന പന്തിനായി ജിംഗാനും സിസ്‌കോയും ഉയര്‍ന്നു ചാടി. ഇതിനിടെ സിസ്‌കോ, ജിംഗാന്റെ മുഖത്തിടിക്കുകയായിരുന്നു. ഇതിനു ശേഷം ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ സിസ്‌കോ പോകാന്‍ തുടങ്ങിയത് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനെ ചൊടിപ്പിച്ചു. സിസ്‌കോയ്ക്ക് നേരേ വിരല്‍ചൂണ്ടിയാണ് ജിംഗാന്‍ ഇതിനോട് പ്രതികരിച്ചത്.

മത്സരത്തിനിടെ ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവുമായി കൂട്ടിയിടിച്ച് പരിക്കേറ്റ ജിംഗാന്‍ തലയില്‍ കെട്ടുമായാണ് കളി തുടര്‍ന്നത്. ഇതിനു പിന്നാലെയായിരുന്നു സിസ്‌കോയുടെ ഫൗള്‍.

Content Highlights: xisco fouled sandhesh jinghan lose his cool