ഗുവാഹട്ടി: ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ വ്യാഴാഴ്ച നടന്ന ചെന്നെയ്ന്‍ എഫ്.സി-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് നിരയില്‍ ഒരു പ്രധാന താരത്തിന്റെ അഭാവം ഫുട്‌ബോള്‍ പ്രേമികള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. മലയാളി ഗോള്‍ കീപ്പര്‍ ടി.പി രഹനേഷാണ് നോര്‍ത്ത് ഈസ്റ്റ് നിരയില്‍ ഇല്ലാതെ പോയത്.

ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) വിലക്ക് കാരണമാണ് രഹനേഷിന് ചെന്നെയ്‌ന് എതിരായ മത്സരത്തില്‍ കളിക്കാന്‍ സാധിക്കാതിരുന്നത്. എ.ടി.കെയ്ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ എതിര്‍ താരം ഗേര്‍സണ്‍ വിയേരയുടെ മുഖത്തടിച്ചതിനായിരുന്നു വിലക്ക്. രഹനേഷ് വിയേരയുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

ഈ മാസം നാലിന് എ.ടി.കെക്കെതിരായ മത്സരത്തിനിടെയായിരുന്നു നടപടിക്ക് അസ്പദമായ സംഭവം. എ.ടി.കെയ്ക്ക് ലഭിച്ച കോര്‍ണര്‍ പ്രതിരോധിക്കുന്നതിനിടെ തന്റെ അടുത്തെത്തിയ വിയേരയെ രഹനേഷ് അടിക്കുകയായിരുന്നു. പിന്നീട് ഇക്കാര്യത്തില്‍ എ.ഐ.എഫ്.എഫ് അന്വേഷണം നടത്തുകയും നടപടിയെടുക്കുകയുമായിരുന്നു. ഐ.എസ്.എല്‍ ആദ്യ സീസണ്‍ മുതല്‍ നോര്‍ത്ത് ഈസ്റ്റിന്റെ താരമാണ് ഇരുപത്തിയഞ്ചുകാരനായ രഹനേഷ്.

താല്‍ക്കാലിക വിലക്കാണ് ഇപ്പോള്‍ ഉള്ളതെങ്കിലും കൂടുതല്‍ ശിക്ഷാ നടപടികള്‍ താരത്തെനെതിരേ ഉണ്ടായേക്കും.

Content Highlights: watch rahanesh hitting atk player while playing results in suspension