ഗോവ: സ്പാനിഷ് പരിശീലകന്‍ സെര്‍ജിയോ ലൊബേറയുടെ കരാര്‍ ഒരു വര്‍ഷത്തേക്കു കൂടി നീട്ടി എഫ്.സി ഗോവ. ടീമിന്റെ ഹെഡ് കോച്ച് സെര്‍ജിയോ ലൊബേറയുമായുള്ള കരാര്‍ അടുത്ത സീസണിലേക്കു കൂടി നീട്ടിയതായി എഫ്.സി ഗോവ അധികൃതര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇതോടെ ഐ.എസ്.എല്‍ 2019/2020 സീസണിലും ലൊബേറ ഗോവന്‍ ക്ലബ്ബിനൊപ്പമുണ്ടാകും.
ആക്രമണത്തിന് പ്രാധാന്യം കൊടുക്കുന്ന ലൊബേറയുടെ കീഴില്‍ ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ മികച്ച ഫോമിലാണ് ഗോവ. സീസണിലെ ഏഴു മത്സരങ്ങളില്‍ നിന്നായി 16 പോയിന്റുകളോടെ എഫ്.സി ഗോവയാണ് ലീഗില്‍ ഒന്നാമത്. ഇത്രയും മത്സരങ്ങളില്‍ നിന്നായി 21 തവണയാണ് ഗോവന്‍ ടീം എതിരാളികളുടെ വല കുലുക്കിയത്.
കഴിഞ്ഞ സീസണില്‍ ലൊബേറയുടെ പരിശീലനത്തിലിറങ്ങിയ ഗോവ സെമിഫൈനലിലെത്തിയിരുന്നു. 43 ഗോളുകള്‍ നേടി കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ടീമെന്ന നേട്ടവും ഗോവ സ്വന്തമാക്കിയിരുന്നു.
തന്നില്‍ വിശ്വാസമര്‍പ്പിച്ച എഫ്.സി ഗോവ പ്രസിഡന്റിനും ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിനും നന്ദി പറയുന്നതായി സെര്‍ജിയോ ലൊബേറ പ്രതികരിച്ചു. ക്ലബ്ബിനായി കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു. കളിക്കാരും ആരാധകരും തനിക്ക് തരുന്ന സ്‌നേഹത്തിനു നന്ദി അറിയിക്കാനും അദ്ദേഹം മറന്നില്ല. ഗോവ തനിക്ക് തന്റെ വീടുപോലെയാണ് തോന്നുന്നതെന്നും ലൊബേറ കൂട്ടിച്ചേര്‍ത്തു.
Content Highlights: Sergio Lobera, FC Goa agree to one year contract extension