ഊട്ടി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകരെ കുറിച്ച് കഴിഞ്ഞ ദിവസം സി. കെ വിനീത് നടത്തിയ പരാമര്‍ശം ഏറെ ചര്‍ച്ചയായിരുന്നു. ഒരു ടീമിന്റെ വിജയത്തിലും പരാജയത്തിലും കൂടെനില്‍ക്കുന്നവരാണ് ആരാധകരെന്നും ബ്ലാസ്റ്റേഴ്‌സിനെ പിന്തുണക്കുന്ന ആരാധകര്‍ യഥാര്‍ത്ഥ ആരാധകരല്ലെന്നും വിനീത് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

കൊച്ചിയില്‍ ബെംഗളൂരു എഫ്.സിക്കെതിരായ മത്സരത്തിന് ശേഷം വിനീതിനെ ആരാധകര്‍ പരിഹസിച്ചിരുന്നു. തുടര്‍ന്ന് വിനീതിനെ പിന്തുണച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നു. സഹതാരം അനസ് എടത്തൊടികയും വിനീതിന് പിന്തുണ അറിയിച്ചിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കെതിരെ വിനീത് മോശമായി പറയുമെന്ന് താന്‍ കരുതുന്നില്ലെന്നായിരുന്നു അനസ് പറഞ്ഞത്. ഗോവയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അനസ് ഇത്തരത്തില്‍ പ്രതികരിച്ചത്.

ഇതിന്റെ പശ്ചാത്തലത്തില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ട്രോളിയിരിക്കുകയാണ് ടീമിലെ യുവതാരം സഹല്‍ അബ്ദുസമദ്. വിനീതിന്റെ ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു സഹലിന്റെ ട്രോള്‍. സഹലിക്ക പൊളിയാണ് എന്ന് പറഞ്ഞ ആരാധകനോട് നന്ദിപറഞ്ഞ സഹലിന്റെ അടുത്ത ഡയലോഗ്  'ഇത് എപ്പോഴും പറയണം' എന്നായിരുന്നു. സഹലിന്റെ ഈ രസകരമായ മറുപടി കേട്ട് സി.കെ വിനീത് ചിരിക്കുന്നതും വീഡിയോയില്‍ കാണാം. അവധിയാഘോഷിക്കാന്‍ ഊട്ടിയിലെത്തിയപ്പോഴാണ് വിനീതും സഹലും ലൈവിലൂടെ ആരാധകര്‍ക്ക് മുന്നിലെത്തിയത്.

Read More: 'ആരാധകരുമായി പ്രശ്നമുണ്ടാകുന്ന താരമല്ല വിനീത്'- പിന്തുണയുമായി അനസ് എടത്തൊടിക

Content Highlights: Sahal Abdul Samad Trolls Kerala Blasters Fans CK Vineeth Insta Live