കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ എ.ടി.കെ. കൊല്‍ക്കത്തയ്ക്ക് രണ്ടാം തോല്‍വി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ആതിഥേയരെ വീഴ്ത്തിയത് (1-0). 89ാം മിനിറ്റില്‍ റോവില്‍സന്‍ ബോര്‍ഗസാണ് നിര്‍ണായക ഗോള്‍ നേടിയത്.

കളിയുടെ 32-ാം മിനിറ്റില്‍ സെന റാള്‍ട്ട ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ പത്തുപേരായി ചുരുങ്ങിയ കൊല്‍ക്കത്ത പിടിച്ചുനിന്നെങ്കിലും അവസാനമിനിറ്റില്‍ കളി കൈവിട്ടു. ആദ്യകളിയില്‍ കൊല്‍ക്കത്ത കേരള ബ്ലാസ്റ്റേഴ്സിനോട് തോറ്റിരുന്നു. നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ വിജയമാണിത്. നേരത്തെ ഗോവയോട് സമനില പാലിച്ച നോര്‍ത്ത് ഈസ്റ്റ് നാല് പോയിന്റുമായി ഒന്നാമതെത്തി. കളിച്ച രണ്ടു മത്സരവും തോറ്റ കൊല്‍ക്കത്ത അവസാന സ്ഥാനത്താണ്. 

ആദ്യപകുതിയില്‍ സംഘടിത മുന്നേറ്റങ്ങള്‍ ഇരുഭാഗത്തുനിന്നുമുണ്ടായില്ല. പന്ത് കൈവശംവെക്കുന്നതില്‍ നോര്‍ത്ത് ഈസ്റ്റിന് ആധിപത്യം കിട്ടിയെങ്കിലും അത് മൂര്‍ച്ചയേറിയ മുന്നേറ്റങ്ങളാക്കിമാറ്റാന്‍ അവര്‍ക്കായില്ല. 32-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് സെന റാള്‍ട്ട പുറത്തുപോയതോടെ കൊല്‍ക്കത്ത പത്തുപേരായി ചുരുങ്ങി. തൊട്ടുപിന്നാലെ അറ്റാക്കിങ് മിഡ്ഫീല്‍ഡില്‍ കളിച്ച ജയേഷ് റാണയെ പിന്‍വലിച്ച് റിക്കി ലല്ലാമൗവയെ പ്രതിരോധത്തിലേക്ക് ഇറക്കി.

രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്റ്റ് ഗെയിംപ്ലാന്‍ മാറ്റി. കൊല്‍ക്കത്ത നിരയിലെ ഒരാളുടെ കുറവ് മുതലെടുക്കാന്‍ 3-5-2 ശൈലിയിലേക്ക് അവര്‍ കളിമാറ്റി. നോര്‍ത്ത് ഈസ്റ്റിന്റെ നിരന്തരാക്രമണങ്ങള്‍ക്ക് അവസാനഘട്ടത്തിലാണ് ഫലം ലഭിച്ചത്. 89-ാം മിനിറ്റില്‍ ഗല്ലെഗോയുടെ കോര്‍ണര്‍കിക്കിന് തലവെച്ച് ബോര്‍ഗസ് വിജയഗോള്‍ നേടി.

Content Highlights: Rowllin Borges' late goal helps North East United beat 10 man ATK