ഗുവാഹാട്ടി: 90 മിനിറ്റും മുന്നില്‍ നിന്ന ശേഷം മത്സരം കൈവിട്ടു കളയുന്ന രീതി തുടര്‍ന്ന് വീണ്ടും ബ്ലാസ്റ്റേഴ്‌സ്. 73-ാം മിനിറ്റില്‍ മത്തേജ് പോപ്ലാറ്റ്‌നിക്കിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്‌സ് 92, 96 മിനിറ്റുകളില്‍ വഴങ്ങിയ ഗോളുകളിലൂടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് പരാജയപ്പെട്ടു (1-2).
73-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍, ഹെഡറിലൂടെ പോപ്ലാറ്റ്നിക്ക് വലയിലെത്തിക്കുകയായിരുന്നു. 91-ാം മിനിറ്റില്‍ ഹീറോ ഓഫ് ദ മാച്ചു കൂടിയായ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ ജിംഗന്റെ അനാവശ്യ ഫൗളിന് ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ഓഗ്ബച്ചെ നോര്‍ത്ത് ഈസ്റ്റിനെ ഒപ്പമെത്തിച്ചു. പിന്നാലെ 96-ാം മിനിറ്റില്‍ യുവാന്‍ മാസിയ ബുള്ളറ്റ് ഷോട്ടിലൂടെ നോര്‍ത്ത് ഈസ്റ്റിന്റെ വിജയ ഗോള്‍ നേടി.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ലക്ഷ്യമില്ലാതെ ഓടുന്ന ബ്ലാസ്‌റ്റേഴ്‌സ് നിരയായിരുന്നു മൈതാനത്ത്. മറുവശത്ത് നോര്‍ത്ത് ഈസ്റ്റ് പതിയെ കളം പിടിച്ചു. ആസൂത്രിതമായ ഒരു നീക്കം പോലും ആദ്യ പകുതിയില്‍ പുറത്തെടുക്കാന്‍ കേരളത്തിനായില്ല.
പത്താം മിനിറ്റില്‍ ലഭിച്ച കോര്‍ണറില്‍ നിന്ന് ബാര്‍ത്തൊലോമ്യോ ഒഗ്‌ബെച്ചെ ഹെഡര്‍ തൊടുത്തെങ്കിലും സ്ഥാനം തെറ്റിനിന്ന ധീരജ് സിങ് ഒരുവിധം രക്ഷപ്പെടുത്തിയത് കേരളത്തിന് രക്ഷയായി. കൂടാതെ ലെന്‍ ഡുംഗല്‍ പാഴാക്കിയ മൂന്ന് ഗോളവസരങ്ങളും ആദ്യ പകുതിയില്‍ കേരളത്തിന് തിരിച്ചടിയായി. ആറാം മിനിറ്റില്‍ മറ്റേജ് പോപ്ലാറ്റ്‌നിക്കിലൂടെ കേരളം ആദ്യ ആക്രമണം നടത്തി. ബോക്‌സിന് പുറത്തുവെച്ച് പോപ്ലാറ്റ്‌നിക്ക് തൊടുത്ത ഷോട്ട് പക്ഷേ നോര്‍ത്ത് ഈസ്റ്റ് ഗോള്‍കീപ്പര്‍ പവന്‍ കുമാര്‍ കൈപ്പിടിയിലൊതുക്കി.
തുടര്‍ന്നുള്ള മിനിറ്റുകളില്‍ കേരളാ പ്രതിരോധത്തെ നോര്‍ത്ത് ഈസ്റ്റ് വിറപ്പിച്ചുകൊണ്ടിരുന്നു. ഒഗ്ബച്ചെ തുടര്‍ച്ചയായി ആക്രമിക്കാന്‍ തുടങ്ങിയതോടെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം വീണ്ടും ഛിന്നഭിന്നമായി. പതിമൂന്നാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് ഗോള്‍കീപ്പറുടെ പിഴവില്‍ നിന്ന് ഗോള്‍ നേടാനുള്ള മികച്ച അവസരം കേരളത്തിന് ലഭിച്ചെങ്കിലും ലെന്‍ ഡുംഗലിന് അത് മുതലെടുക്കാനായില്ല.
അതിനു ശേഷം ഹോളിചരണ്‍ നര്‍സാരിയുടെ ക്രോസ് വലയിലെത്തിക്കാനുള്ള ലെന്‍ ഡുംഗലിന്റെ ശ്രമവും പാഴായി. പലപ്പോഴും മിസ് പാസുകളാണ് കേരളത്തിന്റെ കളിയില്‍ കാണാന്‍ കഴിഞ്ഞത്. ക്രിയാത്മകമായ യാതൊരു മുന്നേറ്റവും കേരളത്തിന്റെ ഭാഗത്തി നിന്ന് ആദ്യ പകുതിയില്‍ ഉണ്ടായില്ല.
21-ാം മിനിറ്റില്‍ ഹാളിചരണ്‍ നര്‍സാരി ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ ക്രോസില്‍ നിന്ന് ഗോള്‍ നേടാനുള്ള പോപ്ലാറ്റ്‌നിക്കിന്റെ ശ്രമവും വിഫലമായി. 36-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് ബോക്‌സിലേക്ക് കുതിച്ച ഹാളിചരണ്‍ നര്‍സാരി എതിരാളികളെ വെട്ടിയൊഴിഞ്ഞ് ഗോളിലേക്ക് തൊടുത്ത ഷോട്ട് പോസ്റ്റില്‍ തട്ടിയെത്തിയത് ബോക്‌സിനകത്ത് നിന്നിരുന്ന ലെന്‍ ഡുംഗലിന്റെ കാലില്‍, അനായാസം ഗോളിലേക്ക് തിരിച്ചുവിടാമായിരുന്നിട്ടും താരത്തിന് വീണ്ടും പിഴച്ചു. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ മത്സരം ഗോള്‍രഹിത സമനിലയിലായിരുന്നു.
രണ്ടാം പകുതിയില്‍ ഗല്ലേഗോയുടെ ഒരു ഉഗ്രന്‍ മുന്നേറ്റം പാഴായത് കേരളത്തിന് രക്ഷയായി. 60-ാം മിനിറ്റില്‍ ഹാളിചരണ്‍ നര്‍സാരിക്കു പകരം കേരളം സി.കെ വിനീതിനെ കളത്തിലിറക്കി. എന്നാല്‍ 65-ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ഗോള്‍ നേടാനുള്ള അവസരം ബ്ലാസ്‌റ്റേഴ്‌സ് പാഴാക്കി.
73-ാം മിനിറ്റില്‍ ഗോള്‍ വഴങ്ങിയതോടെ നോര്‍ത്ത് ഈസ്റ്റ് ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂടി. എന്നാല്‍ ക്യാപ്റ്റന്‍ ജിംഗന്റെ നേതൃത്വത്തില്‍ കേരള പ്രതിരോധം ഉറച്ചുനിന്നു. പക്ഷേ അത്രയും നേരം നായകനായിരുന്ന ജിംഗന്റെ അനാവശ്യ ഫൗളിനെ തുടര്‍ന്ന് കേരളത്തിനെതിരെ റഫറി പെനാല്‍റ്റി വിധിച്ചു. ഓഗ്ബച്ചെയുടെ പിഴയ്ക്കാത്ത കിക്ക് വലയില്‍. മൂന്നു മിനിറ്റുകള്‍ക്കു ശേഷം യുവാന്‍ മാസിയയുലൂടെ നോര്‍ത്ത് ഈസ്റ്റ് വിജയ ഗോള്‍ നേടി.
Content Highlights: northeast united vs kerala blasters live