ഗുവാഹാട്ടി: ഐ.എസ്.എല്‍ അഞ്ചാം സീസണിലെ ഹോം മത്സരത്തില്‍ ജംഷേദ്പുര്‍ എഫ്.സിക്കെതിരേ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് സമനില. ഇരുവരും ഓരോ ഗോളുകള്‍ വീതം നേടി. 

20-ാം മിനിറ്റില്‍ ജംഷേദ്പുര്‍ പ്രതിരോധത്തിന്റെ പിഴവില്‍ നിന്ന് നായകന്‍ ഓഗ്ബച്ചെയാണ് നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ ഗോള്‍ നേടിയത്. കഴിഞ്ഞ മത്സരത്തില്‍ ഹാട്രിക്ക് നേടിയ താരം ഈ മത്സരത്തിലും ആ മികവ് തുടര്‍ന്നു. ബോക്‌സിനുള്ളില്‍ നിന്ന് ലഭിച്ച പന്ത് പ്രതിരോധ നിരയെ കബളിപ്പിച്ച ഒരു ടേണിലൂടെ ഓഗ്ബച്ചെ വലയിലെത്തിച്ചു. അദ്ദേഹത്തിന്റെ സീസണിലെ താരത്തിന്റെ അഞ്ചാമത്തെ ഗോളാണിത്. 

ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലായിരുന്നു നോര്‍ത്ത് ഈസ്റ്റ്. എന്നാല്‍ ആദ്യ പകുതിയുടെ അധിക സമയത്തിന്റെ മൂന്നാം മിനിറ്റില്‍ ജംഷേദ്പുരിന്റെ കാല്‍വോയെ ഫൗള്‍ ചെയ്തതിന് മിസ്ലാവ് കൊമോര്‍സ്‌കിക്ക് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോകേണ്ടി വന്നത് രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്റ്റിന് തിരിച്ചടിയായി. ആദ്യ പകുതിയിലെ മേധാവിത്തം നോര്‍ത്ത് ഈസ്റ്റിന് രണ്ടാം പകുതിയില്‍ നഷ്ടമാകുന്ന കാഴ്ചയാണ് പിന്നീട് ഗുവാഹാട്ടിയില്‍ കണ്ടത്.

രണ്ടാം പകുതിയില്‍ പത്തുപേരുമായി ഇറങ്ങിയ നോര്‍ത്ത് ഈസ്റ്റിനെതിരെ 49-ാം മിനിറ്റില്‍ തന്നെ ജംഷേദ്പുര്‍ ഗോള്‍ മടക്കി. പാബ്ലോ മൊര്‍ഗാഡോയുടെ ക്രോസില്‍ നിന്ന് ഫറൂഖ് ചൗധരിയാണ് അവരുടെ സമനില ഗോള്‍ നേടിയത്. പിന്നീട് പ്രതിരോധം ശക്തമാക്കിയ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ വഴങ്ങാതെ രണ്ടാം പകുതിയില്‍ പിടിച്ചു നിന്നു. 

ഇതിനിടെ 22-ാം മിനിറ്റില്‍ കാര്‍ലോസ് കാല്‍വോയുടെ ഒരു ഉഗ്രന്‍ ക്രോസ് നോര്‍ത്ത് ഈസ്റ്റ് ഗോള്‍കീപ്പറെ മറികടന്നെങ്കിലും പോസ്റ്റില്‍ ഇടിച്ച് മടങ്ങി. ഗോളായിരുന്നെങ്കില്‍ ഐ.എസ്.എല്‍ ചരിത്രത്തില്‍ തന്നെ ഇടംപിടിക്കേണ്ട ഒന്നായിരുന്നു അത്. 

മത്സരത്തില്‍ 65 ശതമാനം സമയവും പന്ത് കൈവശം വെച്ചത് ജംഷേദ്പുരായിരുന്നു. പാസുകളിലും ഈ വ്യത്യാസം പ്രകടമായിരുന്നു. നോര്‍ത്ത് ഈസ്റ്റ് മത്സരത്തിലുടനീളം 335 പാസുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ജംഷേദ്പുര്‍ 603 പാസകള്‍ പൂര്‍ത്തിയാക്കി.

ഇതോടെ നാലു മത്സരങ്ങളില്‍ നിന്ന് എട്ടു പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് ഒന്നാം സ്ഥാനത്തെത്തി. ആറു പോയിന്റുമായി ജംഷേദ്പുര്‍ നാലാം സ്ഥാനത്താണ്.

Content Highlights: northeast united vs jamshedpur fc isl 2018