ഗുവാഹാട്ടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ ആവേശപ്പോരില്‍ എഫ്.സി. ഗോവയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും സമനിലയില്‍ പിരിഞ്ഞു (2-2). കഴിഞ്ഞ തവണത്തെ ടോപ് സ്‌കോറര്‍ ഫെറാന്‍ കോറോമിനസ് ഗോവയ്ക്കായി ഇരട്ടഗോള്‍ (14, 38) നേടി. നോര്‍ത്ത് ഈസ്റ്റിന്റെ ഗോളുകള്‍ വിദേശതാരങ്ങളായ ഫെഡറിക്കോ ഗല്ലെഗോ (എട്ട്), ബര്‍ത്തലോമ്യു ഓഗ്ബെച്ചെ (53) എന്നിവരുടെ വകയായിരുന്നു.

ഗോവയുടെ ആക്രമണ ഫുട്ബോളിനെ അതേനയംകൊണ്ട് നേരിട്ടാണ് നോര്‍ത്ത് ഈസ്റ്റ് സമനിലനേടിയത്. കളിയില്‍ ആധിപത്യം ഗോവ നേടിയെങ്കിലും ഗോള്‍ ഷോട്ടുകളിലും ആക്രമണം സംഘടിപ്പിക്കുന്നതിലും ഇരുടീമുകളും തമ്മില്‍ വലിയ വ്യത്യാസമുണ്ടായില്ല.

കളിയുടെ തുടക്കത്തില്‍തന്നെ ഗോവയെ ഞെട്ടിച്ച് നോര്‍ത്ത് ഈസ്റ്റ് ലീഡെടുത്തു. ഫ്രീകിക്കില്‍നിന്ന് യുറഗ്വായ് താരം ഫെഡറിക്കോ അനായാസം ഗോവ വലകുലുക്കി. ഗോള്‍ വീണതോടെ ഗോവ നിരന്തരം മുന്നേറ്റങ്ങള്‍ സംഘടിപ്പിച്ചു. 14-ാം മിനിറ്റില്‍ ജാക്കിചന്ദ് നോര്‍ത്ത് ഈസ്റ്റ് ബോക്‌സിലേക്ക് ഉയര്‍ത്തിവിട്ട പന്തിനെ കോറോ വലയിലെത്തിച്ചു. ആദ്യപകുതിയുടെ അവസാന ഘട്ടത്തില്‍ ഗോവ ലീഡെടുത്തു. ഹ്യൂഗോ ബൗമാസ് ബോക്‌സിലേക്ക് നല്‍കിയ പന്തുമായി കയറിയ കോറോ മൂന്ന് പ്രതിരോധക്കാരെ കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍തന്നെ നോര്‍ത്ത്ഈസ്റ്റ് ഗോള്‍ മടക്കി. കീഗന്‍ പെരേരയുടെ ക്രോസില്‍ തലവെച്ച് നൈജീരിയന്‍ താരം ഒഗ്ബെച്ചെ ഗോവന്‍വല ചലിപ്പിച്ചു. തുടര്‍ന്ന് വിജയത്തിനായി ഇരുടീമുകളും പൊരുതിയെങ്കിലും ഗോളൊന്നും വന്നില്ല.

Content Highlights: NorthEast United held to 2-2 draw by FC Goa