ഗുവാഹട്ടി: പകരക്കാരനായി ഇറങ്ങിയ ഭൂട്ടാന്‍ താരം ചെഞ്ചോയുടെ കിടിലന്‍ ബൈസിക്കിള്‍ കിക്ക് ഗോളില്‍ നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരത്തില്‍ ഇന്‍ജുറി ടൈമില്‍ സമനില പിടിച്ച് ബെംഗളൂരു എഫ്.സി. ബെംഗളൂരു സീസണിലെ ആദ്യ തോല്‍വി വഴങ്ങിയേക്കുമെന്ന ഘട്ടത്തിലാണ് ചെഞ്ചോ രക്ഷയ്‌ക്കെത്തിയത്. ഇന്‍ജുറി ടൈമിന്റെ രണ്ടാം മിനിറ്റിലായിരുന്നു ഗോള്‍. 

ഇരു ടീമുകളും കാര്യമായ അവസരങ്ങളൊന്നും സൃഷ്ടിക്കാതെയാണ് ആദ്യ പകുതി അവസാനിച്ചത്. മുപ്പതാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ പവന്‍ കുമാറിന്റെ പിഴവ് നോര്‍ത്ത് ഈസ്റ്റിനെ പിന്നോട്ടടിക്കേണ്ടതായിരുന്നു. നോര്‍ത്ത് ഈസ്റ്റ് ഡിഫന്‍ഡര്‍ തിരികെ നല്‍കിയ പന്ത് ക്ലിയര്‍ ചെയ്യാനുള്ള പവന്റെ ശ്രമം പിഴയ്ക്കുകയായിരുന്നു. ഇതിനൊപ്പം ഓടിക്കയറിയ ബെംഗളൂരു നായകന്‍ സുനില്‍ ഛേത്രി പന്ത് കൈക്കലാക്കാന്‍ ശ്രമിച്ചെങ്കിലും അത് ഗോള്‍ കിക്കില്‍ കലാശിച്ചത് നോര്‍ത്ത് ഈസ്റ്റിന് രക്ഷയായി.

പിന്നാലെ 64-ാം മിനിറ്റില്‍ ഫെഡ്രിക്കോ ഗല്ലേഗോയാണ് നോര്‍ത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചത്. ക്യാപ്റ്റന്‍ ഓഗ്‌ബെച്ചെയുടെ പാസില്‍ നിന്നായിരുന്നു ഗല്ലേഗോയുടെ ഗോള്‍.

ഗോള്‍ തിരിച്ചടിക്കാന്‍ ബെംഗളൂരു കിണഞ്ഞ് ശ്രമിച്ചെങ്കിലും നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം ഉറച്ചു നിന്നു. മത്സരം ജയിച്ചെന്ന ഘട്ടത്തിലാണ് നോര്‍ത്ത് ഈസ്റ്റ് താരങ്ങളെ കാഴ്ചക്കാരാക്കി ചെഞ്ചോ ബൈസിക്കിള്‍ കിക്കിലൂടെ പന്ത് വലയിലെത്തിച്ചത്. താരത്തിന്റെ ആദ്യ ഐ.എസ്.എല്‍ ഗോളാണിത്.

ഇതോടെ ഒമ്പതു മത്സരങ്ങളില്‍ നിന്ന് 23 പോയിന്റോടെ ബെംഗളൂരു ഒന്നാമത് തന്നെ തുടരുകയാണ്. 19 പോയിന്റോടെ നോര്‍ത്ത് ഈസ്റ്റ് രണ്ടാം സ്ഥാനത്തും.

Content Highlights: NEUFC settle for 1-1 draw against Bengaluru at home