മുംബൈ: നാട്ടുകാരുടെ പോരാട്ടത്തില്‍ പുണെ സിറ്റിക്കെതിരേ വിജയമാഘോഷിച്ച് മുംബൈ സിറ്റി എഫ്.സി. ഐ.എസ്.എല്‍ അഞ്ചാം സീസണിലെ മുബൈയുടെ ആദ്യ വിജയമാണിത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മുംബൈയുടെ വിജയം.

25-ാം മിനിറ്റില്‍ മോഡോ സോഗോയും 45-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റാഫേല്‍ ബാസ്റ്റോസുമാണ് മുംബൈയുടെ ഗോളുകള്‍ നേടിയത്. 90-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലൂസിയാന്‍ ഗോയാന് ലക്ഷ്യത്തിലെത്തിക്കാനായില്ല. കളിയുടെ ഒഴുക്കിനെതിരേ മുംബൈയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. ഇടതു വിങ്ങില്‍ നിന്ന് നായകന്‍ പൗളോ മച്ചാഡോ തൊടുത്ത ഷോട്ട് ക്രോസ് ബാറില്‍ തട്ടി വീണത് സോഗോയുടെ മുന്നില്‍. സ്ഥാനംതെറ്റി നിന്ന പുണെ ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്തിനെ കാഴ്ചക്കാരനാക്കി സോഗോ സ്‌കോര്‍ ചെയ്തു.

സോഗോയെ ലാല്‍ച്ചുവാന്‍മാവിയ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനു ലഭിച്ച പെനല്‍റ്റിയില്‍ നിന്നാണു ബാസ്റ്റോസ് മുംബൈയുടെ രണ്ടാം ഗോള്‍ നേടിയത്. 90-ാം മിനിറ്റില്‍ ലൂസിയാന്‍ ഗോയാനെടുത്ത പെനാല്‍റ്റി പുണെ ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്ത് തട്ടിയകറ്റുകയായിരുന്നു. ജയത്തോടെ നാല് പോയിന്റുമായി മുംബൈ നാലാമതെത്തി. ഒരു പോയിന്റുമായി പുണെ ഒമ്പതാമതാണ്. ഇതാദ്യമായാണ് മുംബൈ തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ പുണെയെ തോല്‍പ്പിക്കുന്നത്.

Content Highlights: mumbai city beats pune city in isl