കൊല്‍ക്കത്ത: ഐ.എസ്.എല്ലില്‍ എഫ്.സി ഗോവയും കൊല്‍ക്കത്തയും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍. കൊല്‍ക്കത്തയുടെ മൈതാനത്ത് നടന്ന മത്സരത്തില്‍ ഇരുടീമുകള്‍ക്കും സുവര്‍ണാവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ഈ സീസണിലെ ഏറ്റവും കരുത്തരായ ആക്രമണനിരയാണ് ഗോവയുടേത്. അവരെ തളക്കാനായതിന്റെ സന്തോഷത്തിലാണ് കൊല്‍ക്കത്ത.

കൂടുതല്‍ സമയം പന്ത് കാലില്‍വെച്ചും കളി തങ്ങളുടെ നിയന്ത്രത്തിലുമാക്കിയ ശേഷമാണ് ഗോവ ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചത്. കൊല്‍ക്കത്തയാകട്ടെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിരസമായ കളിയാണ് പുറത്തെടുത്തത്. 

എന്നാല്‍ സമനിലയോടെ പോയിന്റ് പട്ടികയില്‍ നോര്‍ത്ത് ഈസ്റ്റിന് മറികടന്ന് ഗോവ രണ്ടാമതെത്തി. ഇരുടീമിനും തുല്യപോയിന്റുകളാണെങ്കിലും ഗോള്‍ശരാശരിയാണ് ഗോവയ്ക്ക് തുണയായത്. ഒമ്പത് കളികളില്‍ അഞ്ച് ജയവുമായി 17 പോയിന്റുകളാണ് ഗോവയ്ക്കുള്ളത്. 

അതേസമയം ഒമ്പത് കളിയില്‍ മൂന്ന് ജയവും 12 പോയിന്റുമുള്ള കൊല്‍ക്കത്ത ആറാം സ്ഥാനത്താണ്. ഏഴ് കളിയില്‍ ആറും ജയിച്ച ബെംഗളൂരു എഫ്സിയാണ് 19 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. 

 Content Highlights: Match ends goalless draw FC Goa vs ATK ISL 2018