കൊച്ചി: ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ തുടര്‍ച്ചയായ മൂന്നു തോല്‍വികളോടെ മോശം അവസ്ഥയിലാണ് കേരളത്തിന്റെ സ്വന്തം ക്ലബ്ബായ കേരള ബ്ലാസ്‌റ്റേഴ്‌സ്. എട്ടു കളികളില്‍ നിന്ന് ഒരു ജയം മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്. 

കഴിഞ്ഞ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഇന്‍ജുറി ടൈമില്‍ രണ്ട് ഗോള്‍ വഴങ്ങി ടീം തോറ്റതോടെ ആരാധകരും ടീമിനെതിരേ തിരിഞ്ഞിരിക്കുകയാണ്. മത്സരം കൈവിട്ടതിനു പിന്നാലെ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനും പരിശീലകന്‍ ഡേവിഡ് ജെയിംസിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ആരാധക കൂട്ടായ്മയായ മഞ്ഞപ്പട രംഗത്തെത്തിയിരിക്കുകയാണ്.

ക്ലബ്ബ് മാനേജ്‌മെന്റിനും, പരിശീലകന്‍ ഡേവിഡ് ജെയിംസിനുമായി എഴുതിയ തുറന്ന കത്തില്‍ ടീമില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് മഞ്ഞപ്പട ആവശ്യപ്പെടുന്നു. തങ്ങള്‍ ടീമിന്റെ ഉപഭോക്താക്കളല്ല മറിച്ച് ആരാധകരാണെന്ന് നിങ്ങള്‍ മനസിലാക്കണം. എത്ര പെട്ടെന്ന് നിങ്ങള്‍ക്കത് മനസിലാകുന്നോ അത്രയും നല്ലത്. കാരണം അല്ലെങ്കില്‍ അത് ടീമിനെ വളരെ മോശമായി ബാധിക്കും, മഞ്ഞപ്പട കത്തില്‍ കുറിച്ചു. 

manjappada open letter to kerala blasters management and coach

ശരിയായ കാര്യങ്ങള്‍ ചെയ്യാന്‍ ഇനിയും വൈകിയിട്ടില്ലെന്നും ടീമിന്റെ ആരാധക ശബ്ദമായി മഞ്ഞപ്പട എക്കാലവുമുണ്ടാകുമെന്ന ഉറപ്പും ഇവര്‍ നല്‍കുന്നുണ്ട്. പ്രിയ ഡേവിഡ് ജെയിംസ്, പരിധികളില്ലാതെ നിങ്ങളെ സ്‌നേഹിച്ചിട്ടുണ്ട്. ഇപ്പോഴും അങ്ങനെയാണ്. എന്നാല്‍ ഞങ്ങള്‍ക്ക് ക്ലബ്ബിനേക്കാള്‍ വലുതായി ഒന്നുമില്ല. ആരും ക്ലബിനേക്കാള്‍ വലിയവനുമല്ല. താങ്കളുടെ തന്ത്രങ്ങളൊന്നും ഫലിക്കുന്നതായി ഞങ്ങള്‍ക്ക് തോന്നുന്നില്ല. ടീമിന്റെ ഗുണത്തിനായി മാറ്റം അനിവാര്യമാണ്, മഞ്ഞപ്പട കത്തില്‍ വ്യക്തമാക്കി.  

എട്ട് കളിയില്‍ ഒരു ജയവും നാലു സമനിലയും മൂന്ന് തോല്‍വിയുമായി ഏഴ് പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് സീസണില്‍ ഏഴാം സ്ഥാനത്താണ്.

Content Highlights: manjappada open letter to kerala blasters management and coach