മുംബൈ: കേരള ബ്ലാസ്‌റ്റേഴ്‌സ് മധ്യനിര താരം എം.പി സക്കീറിനെതിരെ ഞെട്ടിക്കുന്ന നടപടിയുമായി എ.ഐ.എഫ്.എഫ്. മുംബൈ സിറ്റിക്ക് എതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കിട്ടിയ ശേഷം പന്തെടുത്ത് റഫറിയെ എറിഞ്ഞതിന് സക്കീറിന് ലഭിച്ചത് ആറു മാസത്തെ വിലക്കാണ്. ഇതോടെ ഈ സീസണില്‍ ശേഷിക്കുന്ന മത്സരങ്ങളിലും അടുത്ത സീസണിന്റെ തുടക്കത്തിലും സക്കീറിന് കളിക്കാനാകില്ല. മധ്യനിരയില്‍ താരങ്ങള്‍ ഇല്ലാതെ കഷ്ടപ്പെടുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് സക്കീറിന്റെ അഭാവം കനത്ത തിരിച്ചടിയാകും.

സക്കീറിനെക്കൂടാതെ ജെംഷദ്പുര്‍ എഫ്.സി താരം കാര്‍ലോസ് കാല്‍വോയ്ക്കും ചെന്നൈയിന്‍ എഫ്.സി ക്യാപ്റ്റന്‍ മെയില്‍സണ്‍ ആല്‍വ്‌സിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വംശീയാധിക്ഷേപം നടത്തിയതിനാണ് ജെംഷദ്പുരിന്റെ വിദേശ താരത്തിന് മൂന്ന് മത്സരങ്ങളില്‍ വിലക്ക് ലഭിച്ചത്. ഒപ്പം രണ്ട് ലക്ഷം രൂപ പിഴയുമുണ്ട്. 

ഡല്‍ഹി ഡൈനാമോസ് താരത്തെ കൈമുട്ട് കൊണ്ട് ഇടിച്ചതിനെ തുടര്‍ന്നാണ് ചൈന്നെയിന്‍ ക്യാപ്റ്റന് ശിക്ഷ ലഭിച്ചത്. മൂന്ന് മത്സരങ്ങളില്‍ വിലക്കും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. 

ഐ-ലീഗ് ടീം ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ താരം ആന്റണി വോള്‍ഫെയ്‌ക്കെതിരേയും എ.ഐ.എഫ്.എഫ് നടപടിയെടുത്തിട്ടുണ്ട്. ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തില്‍ മോശം ടാക്കിളിങ്ങിന്റെ പേരില്‍ ആന്റണിക്ക് രണ്ട് മത്സരത്തില്‍ നിന്ന് വിലക്കും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. 

Content Highlights: Kerala Blasters' Zakeer Mundampara handed six month ban AIFF ISL 2019