ഗുവാഹാട്ടി: ഇന്ത്യന്‍ ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിന് വടക്കുകിഴക്കന്‍ പരീക്ഷണം. ഇടവേളയ്ക്കുശേഷം കേരള ടീം വെള്ളിയാഴ്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. രാത്രി 7.30-ന് ഗുവാഹാട്ടിയിലാണ് മത്സരം.

പോയന്റ് ബ്ലാങ്ക്

തുടരെ രണ്ടു മത്സരം തോറ്റതോടെ പോയന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് താഴോട്ടിറങ്ങി. ഏഴു കളിയില്‍ ഒരു ജയവും നാലു സമനിലയും രണ്ടു തോല്‍വിയുമായി ഏഴു പോയന്റുള്ള ടീം ഏഴാം സ്ഥാനത്താണ്. അവസാനമത്സരങ്ങളില്‍ എഫ്.സി. ഗോവ, ബെംഗളൂരു എഫ്.സി. എന്നിവര്‍ക്കെതിരേയാണ് ടീം തോറ്റത്.

നോര്‍ത്ത് ഈസ്റ്റ് 11 പോയന്റുമായി അഞ്ചാം സ്ഥാനത്താണ്. അവസാന മത്സരത്തില്‍ മുംബൈ എഫ്.സി.യോട് മാത്രമാണ് അവര്‍ തോറ്റത്. പോയന്റ് പട്ടികയിലെ സമ്മര്‍ദം ബ്ലാസ്റ്റേഴ്സിനാണെന്ന് സാരം.

ബ്ലാസ്റ്റേഴ്സ് തന്ത്രങ്ങള്‍

കൃത്യമായ ആദ്യ ഇലവനില്ലാത്തതാണ് ബ്ലാസ്റ്റേഴ്സിനെ കുഴക്കുന്നത്. ഗോവ, ബെംഗളൂരു ടീമുകള്‍ക്കെതിരേ പ്രതിരോധത്തിലും പ്രശ്‌നങ്ങള്‍ കണ്ടു. ഫൈനല്‍ തേര്‍ഡില്‍ ക്ലിനിക്കല്‍ ഫിനിഷറുടെ കുറവ് ടീമിനുണ്ട്. പാസിങ് ഗെയിം കളിക്കുന്ന മധ്യനിരയേക്കാള്‍ ലോങ് ബോള്‍ ഗെയിമിനനുസരിച്ചുള്ള ടീമിനെയാകും ഇറക്കുന്നത്. 4-1-4-1 ശൈലി തുടരാനാണ് സാധ്യത. മികച്ച റിസര്‍വ് സ്ട്രൈക്കര്‍മാരില്ലാത്തതിനാല്‍ ടീമിലെ രണ്ടു വിദേശ സ്ട്രൈക്കര്‍മാരെയും ആശ്രയിക്കാന്‍ പരിശീലകന്‍ ഡേവിഡ് ജെയിംസ് തയ്യാറായേക്കും.

മധ്യനിരയില്‍ സഹല്‍ അബ്ദുസമദ് ആദ്യ ഇലവനില്‍ തിരിച്ചെത്തും. വിങ്ങുകളിലേക്ക് ഹോളിച്ചരണ്‍ നര്‍സാറി, സെമിലെന്‍ ദംഗല്‍, സി.കെ. വിനീത്, കെ. പ്രശാന്ത് എന്നിവരില്‍നിന്നായിരിക്കും തിരഞ്ഞെടുപ്പ്. ഡിഫന്‍സീവ് മിഡ്ഫില്‍ഡില്‍ നിക്കോള ക്രമറെവിച്ചാകും. പ്രതിരോധത്തില്‍ ഒരു വിദേശതാരത്തെ കളിപ്പിക്കും. പെസിച്ച് തിരിച്ചെത്താനാണ് സാധ്യത.

ഒഗ്ബെച്ചെ എന്ന ശക്തി

നോര്‍ത്ത് ഈസ്റ്റിന്റെ കുതിപ്പിനുപിന്നില്‍ നൈജീരിയന്‍ സ്ട്രൈക്കര്‍ ബര്‍ത്തലോമ്യു ഒഗ്ബെച്ചെയാണ്. ആറു കളിയില്‍നിന്ന് ആറു ഗോള്‍ താരം നേടിക്കഴിഞ്ഞു. 4-4-2 ശൈലി പിന്തുടരുന്ന ടീം മുന്നേറ്റത്തില്‍ യുറഗ്വായ് താരം യുവാന്‍ ക്രുസ് മാസിക്കയെയും ഇറക്കും. മധ്യനിരയില്‍ മറ്റൊരു യുറഗ്വായ് താരം ഫെഡറിക്കോ ഗല്ലാഗോയും ഇന്ത്യന്‍ റൗളിന്‍ ബോര്‍ഗസുമാണ് പ്രധാനികള്‍. സസ്‌പെന്‍ഷന്‍ കഴിഞ്ഞ മലയാളി ഗോള്‍ കീപ്പര്‍ ടി.പി. രഹ്നേഷ് ആദ്യ ഇലവനിലേക്ക് തിരിച്ചെത്തും.

Content Highlights: Kerala Blasters vs NorthEast United ISL 2018 Preview