കൊച്ചി:  48-ാം മിനിറ്റും 84-ാം മിനിറ്റും. കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സും ഡല്‍ഹി ഡൈനാമോസും തമ്മിലുള്ള മത്സരത്തിലെ രണ്ട് നിര്‍ണായക നിമിഷങ്ങള്‍. ഡല്‍ഹി ഡൈനാമോസിനെതിരായ മത്സരത്തില്‍ സി.കെ വിനിതിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ലീഡെടുത്തു. എന്നാല്‍ നിശ്ചിത സമയത്തിന് ആറു മിനിറ്റകലെ വെച്ച് ഡല്‍ഹി ബ്ലാസ്‌റ്റേഴ്‌സിനെ ഒപ്പം പിടിച്ചു. ഹോം മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് അവസാന നിമിഷങ്ങളില്‍ വഴങ്ങുന്ന രണ്ടാമത്തെ സമനില. മുംബൈ സിറ്റി എഫ്.സിക്കെതിരായ കഴിഞ്ഞ മത്സരത്തിലും ബ്ലാസ്റ്റേഴ്‌സ് അവസാന നിമിഷമാണ് സമനില വഴങ്ങിയത്. 

ഇതോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റുമായി എട്ടാം സ്ഥാനത്ത് തുടരുകയാണ് ഡല്‍ഹി.

വിനീതിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍

48-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്നാണ് ഗോള്‍ വന്നത്. ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായ ലഭിച്ച ആദ്യ കോര്‍ണര്‍ ഡല്‍ഹി പ്രതിരോധം തടഞ്ഞത് രണ്ടാം കോര്‍ണറില്‍ കലാശിച്ചു. ഈ കോര്‍ണറെടുത്ത സ്‌റ്റോയനോവിച്ച് പന്ത് ഉയര്‍ത്തിവിട്ടു. ഇത് ചെന്നെത്തിയത് പോപ്ലാട്‌നിക്കിന്റെ കാലില്‍. തുടര്‍ന്ന് പോപ്ലാട്‌നിക്ക് ബോക്‌സിനുള്ളില്‍ നില്‍ക്കുകയായിരുന്നു വിനീതിന് പന്ത് തട്ടിയിട്ടുകൊടുത്തു. വിനീതിന്റെ ഇടങ്കാലന്‍ ഷോട്ട് ഡല്‍ഹി ഗോളിക്ക് അവസരം നല്‍കാതെ വലയില്‍. ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍.

ഒപ്പം പിടിച്ച് ഡല്‍ഹി

84-ാം മിനിറ്റില്‍ മഞ്ഞക്കടലിനെ നിശബ്ദമാക്കി ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ചു. വലതു വിങ്ങില്‍ നിന്ന് പ്രീതം കോട്ടാല്‍ ഉയര്‍ത്തിവിട്ട പന്ത് തടയുന്നതില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് പിഴച്ചു. ബോക്‌സിനുള്ളില്‍ കാത്തുനിന്ന ആന്‍ഡ്രിജ കാലുദെറോവിക് ഒന്നാന്തരമൊരു ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു. സ്ഥാനം തെറ്റി നിന്ന ഗോള്‍കീപ്പര്‍ നവീന്‍ കുമാറിന് ഒന്നും ചെയ്യാനായില്ല. ബ്ലാസ്‌റ്റേഴ്‌സ് 1-1 ഡല്‍ഹി