ജംഷേദ്പുര്‍: ഇരു ടീമുകളും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ ഈ സീസണില്‍ തോറ്റിട്ടില്ല. എന്നാല്‍, കേരള ബ്ലാസ്റ്റേഴ്സിനും ജംഷേദ്പുരിനും ഓരോ ജയം മാത്രമേയുള്ളൂ. ബ്ലാസ്റ്റേഴ്സ് രണ്ടുതവണ സമനില വഴങ്ങിയപ്പോള്‍ ജംഷേദ്പുര്‍ മൂന്നുതവണ കുരുങ്ങി. ഇരു ടീമുകള്‍ക്കും ലീഗില്‍ തിങ്കളാഴ്ച വേണ്ടത് ജയം മാത്രം. ജംഷേദ്പുര്‍ ടാറ്റ സ്‌പോര്‍ട്സ് കോംപ്ലക്സ് സ്റ്റേഡിയത്തില്‍ രാത്രി 7.30 മുതലാണ് മത്സരം. ലീഗില്‍ മൂന്നു മത്സരങ്ങളില്‍ അഞ്ചു പോയന്റുമായി ഏഴാമതാണ് ബ്ലാസ്റ്റേഴ്സ്. നാലു മത്സരങ്ങളില്‍ ആറ് പോയന്റുമായി ജംഷേദ്പുര്‍ അഞ്ചാമതാണ്.

അനസിന്റെ വരവ്

സസ്‌പെന്‍ഷനിലായിരുന്ന പ്രതിരോധതാരം അനസ് എടത്തൊടികയുടെ തിരിച്ചുവരവ് ടീമിന് ആശ്വാസമാവും. എന്നാല്‍, അനസ് ആദ്യ ഇലവനില്‍ ഇറങ്ങുമോയെന്ന കാര്യം ജെയിംസ് ഉറപ്പ് പറഞ്ഞിട്ടില്ല. അനസിനെ ഇറക്കിയാല്‍ ആരെ പുറത്തിരുത്തുമെന്നതാണ് ടീമിലെ പ്രധാന പ്രശ്‌നം. സന്ദേശ് ജിങ്കാന്‍, ലാകിച്ച്- പെസിച്ച്, ലാല്‍റുവാത്താര, മുഹമ്മദ് റാകിബ് എന്നിവര്‍ക്കായിരുന്നു പ്രതിരോധത്തിന്റെ ചുമതല. ഇതില്‍ റാകിബും ലാല്‍റുവാത്തരയും കിട്ടിയ അവസരം മുതലെടുത്തു. ജിംഗാനും പെസിച്ചും മികവുകാട്ടുകയും ചെയ്തു. പെസിച്ചിനെ പുറത്തിരുത്തി അനസിനെ ഇറക്കി ഇന്ത്യന്‍ പ്രതിരോധം വിന്യസിക്കാനും സാധ്യത കാണുന്നുണ്ട്.

Kerala Blasters prepared for tough fight against Jamshedpur FC

കഴിഞ്ഞ മൂന്നു മത്സരങ്ങളിലും വിദേശതാരങ്ങളുടെ ക്വാട്ട ജെയിംസ് തികച്ചിട്ടില്ല. ഡല്‍ഹിക്കെതിരേ സഹല്‍ അബ്ദുല്‍ സമദ്, സെമിന്‍ലെന്‍ ദൗംഗല്‍, ഹോളിചരണ്‍ നര്‍സാരി, ക്രമാറെവിച്ച് എന്നിവരായിരുന്നു മധ്യനിരയില്‍. ഇരുവിങ്ങുകളിലൂടെയും ചലനം സൃഷ്ടിക്കാന്‍ ഇവര്‍ക്കായെങ്കിലും ഫിനിഷ് ചെയ്യുന്നതില്‍ ടീം പരാജയപ്പെട്ടു. മുന്നേറ്റനിരയില്‍ സ്റ്റോനോവിച്ച്-പോപ്ലാനിക്ക് സഖ്യത്തെ തിരികെ കൊണ്ടുവന്നേക്കാം.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ കളിച്ച് അതേ ടീമിനെ നിലനിര്‍ത്തുമെന്ന സൂചനകളാണ് ജംഷേദ്പുര്‍ പരിശീലകന്‍ സെസാര്‍ ഫെറാണ്ടോ നല്‍കുന്നത്. 'വമ്പന്‍ ലീഗുകളില്‍ 38 മത്സരങ്ങളുണ്ട്, എന്നാല്‍ ഇവിടെ 18 കളി മാത്രമാണുള്ളത്. ഓരോ മത്സരങ്ങളും ഇവിടെ ഫൈനലാണ്, അതുകൊണ്ടുതന്നെ പരീക്ഷണങ്ങള്‍ക്ക് ഇടമില്ല -സെസാര്‍ പറഞ്ഞു.

സുമീത് പാസി-ഫാറുഖ് ചൗധരി സഖ്യത്തിനായിരിക്കും മുന്നേറ്റത്തിന്റെ ചുമതല. ഓസീസ് മുന്‍താരം ടിം കാഹിലിനു പകരക്കാരന്റെ റോളായിരിക്കും. കാര്‍ലോസ് കാല്‍വോ, മരിയോ ആര്‍ക്വസ്, മെമോ, പാബ്ലോ മോര്‍ഗാഡോ എന്നിവരായിരിക്കും മധ്യനിരയില്‍. തിരി നയിക്കുന്ന പ്രതിരോധത്തില്‍ ധനചന്ദ്രസിങ്, പ്രാര്‍ത്ഥിക് ചൗധരി, റോബിന്‍ ഗുരുങ്ങ് എന്നിവര്‍ അണിനിരക്കും.

Content Highlights: Kerala Blasters prepared for tough fight against Jamshedpur FC