കോഴിക്കോട്: ഐ ലീഗിന്റെ മുന്‍രൂപമായ ദേശീയ ഫുട്ബോള്‍ ലീഗിന്റെ 2005 സീസണിലാണ് ആ കളി നടന്നത്. ഫെബ്രുവരി ഒന്നിന്റെ സായാഹ്നത്തില്‍ കേരള പ്രതിനിധികളായ എസ്.ബി.ടി.യും ഈസ്റ്റ് ബംഗാളുമായി നടന്ന കളി കാണാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറിയത് 40,000-ത്തോളം പേര്‍. എത്രയോ പേര്‍ ടിക്കറ്റുണ്ടായിട്ടും കളികാണാതെ നിരാശരായി മടങ്ങി. 1200 പേര്‍ക്കിരിക്കാവുന്ന ഗ്രാന്റ് സ്റ്റാന്‍ഡിലേക്ക് ഗേറ്റ് തകര്‍ത്തുകയറിയത് 5000 പേര്‍. എന്നാല്‍ കളിയില്‍ എസ്.ബി.ടി. രണ്ടിനെതിരെ നാല് ഗോളിന് കൊല്‍ക്കത്ത ടീമിനോട് കീഴടങ്ങി.

തൊട്ടടുത്ത മത്സരത്തിലും സ്റ്റേഡിയം നിറഞ്ഞു. കൊല്‍ക്കത്തയില്‍നിന്നുള്ള ടോളിഗഞ്ച് അഗ്രഗാമിയോട് എസ്.ബി.ടി. സമനില വഴങ്ങി. പിന്നീട് ഇന്നുവരെ കോര്‍പ്പറേഷന്‍ സ്റ്റേഡിയം നിറഞ്ഞിട്ടില്ല. അന്ന് പണമൊഴുക്കുന്ന വമ്പന്‍ക്ലബ്ബുകളോടാണ് മലയാളികള്‍ മാത്രമുള്ള എസ്.ബി.ടി.യെന്ന (ഇപ്പോഴത്തെ എസ്.ബി.ഐ) ഡിപ്പാര്‍ട്ട്മെന്റ് ടീം പടവെട്ടിയത്. മലയാളികളുടെ ഫുട്ബോള്‍ കമ്പത്തിന്റെ രണ്ടറ്റത്തേക്കുമുള്ള സൂചനയാണ് പതിമൂന്ന് വര്‍ഷം മുമ്പ് ലഭിച്ചത്. കളി നന്നായാല്‍ സ്റ്റേഡിയം നിറയ്ക്കാന്‍ ആളുവരും, മോശമായാല്‍ പിന്നെ തിരിഞ്ഞുനോക്കില്ല.

എസ്.ബി.ടിയുടെ ആളുനിറയ്ക്കലിനുശേഷം ഒമ്പത് വര്‍ഷത്തിന് ശേഷമാണ് കേരളത്തിലൊരു ഫുട്ബോള്‍ മത്സരത്തിന് സ്റ്റേഡിയം നിറഞ്ഞത്. 2014-ല്‍ കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കളിക്കാനിറങ്ങിയപ്പോഴായിരുന്നു അത്. ലീഗ് അഞ്ചാം സീസണിലെത്തുമ്പോള്‍ സംഘടിതമായ കാണിക്കൂട്ടമുണ്ടായിട്ടും ടീമിന്റെ അവസാന ഹോം മത്സരത്തിന് എട്ടായിരത്തോളം കാണികള്‍ മാത്രമാണെത്തിയത്. സീസണില്‍ മോശം പ്രകടനം ആവര്‍ത്തിക്കുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് എസ്.ബി.ടി.യെയും ഭൂതകാലത്തേയും ഓര്‍ക്കേണ്ട സമയമായി.

kerala blasters poor perfromance

16 ലക്ഷം കാണികള്‍, 21 ജയം

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ച് സീസണുകളിലായി ബ്ലാസ്റ്റേഴ്സ് കളിച്ചത് 72 മത്സരങ്ങള്‍. ജയിച്ചത് 21 കളികള്‍. 25 സമനിലയും 26 തോല്‍വികളും. 39 ഹോം മത്സരങ്ങളില്‍ കൊച്ചിയിലെ സ്റ്റേഡിയത്തിലേക്ക് എത്തിയത് 16.16 ലക്ഷം കാണികള്‍. അതായത് 16 ലക്ഷത്തോളം വരുന്ന കാണികള്‍ക്ക് ലഭിച്ചിട്ടുണ്ടാകുക പതിനഞ്ചില്‍ താഴെ വിജയങ്ങളാകും. ലീഗില്‍ രണ്ടുതവണ റണ്ണറപ്പായെന്ന നേട്ടം വേണമെങ്കില്‍ ഉയര്‍ത്തിക്കാട്ടാം. മഞ്ഞപ്പടയെന്ന പേരില്‍ ലീഗിലെ സുസംഘടിത ആരാധകക്കൂട്ടമുണ്ടായിട്ടും ഒരു ടീമില്‍ നിന്നുണ്ടാകുന്ന പ്രകടനമാണിത്.

ഓര്‍ക്കുക മുന്‍ഗാമികളെ

പ്രീമിയര്‍ ടയേഴ്സ്, കേരള പോലീസ്, ടൈറ്റാനിയം, എഫ്.സി. കൊച്ചിന്‍, എസ്.ബി.ടി, വിവാ കേരള തുടങ്ങി പലകാലങ്ങളില്‍ ആരാധകരെ ആകര്‍ഷിച്ച്, പിന്നെ ശക്തിചോര്‍ന്ന ടീമുകള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. ലീഗിന്റെ നടപ്പു സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം ഈ ടീമുകളെ ഓര്‍മപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം മുംബൈ എഫ്.സിയോട് 6-1നേറ്റ തോല്‍വി ടീമിന്റെ ചരിത്രത്തിലെ ഏറ്റവും വലുതാണ്.

kerala blasters poor perfromance

ടീമിലെ പ്രശ്‌നങ്ങളും വ്യക്തമായ ഗെയിം പ്ലാനില്ലാത്ത പരിശീലകനും ചേര്‍ന്ന് ചരിത്രത്തിലെ മോശം പ്രകടനത്തിലേക്കാണ് ടീമിനെ കൊണ്ടുപോകുന്നത്. കഴിഞ്ഞ വര്‍ഷം ആറാം സ്ഥാനത്തായിരുന്നെങ്കില്‍ ഇപ്പോള്‍ ടീം എട്ടാം സ്ഥാനത്താണ്.

കളി, കളിക്കാര്‍, സ്ഥിരത ഈ മൂന്ന് കാര്യത്തിലും ബ്ലാസ്റ്റേഴ്സ് എന്നും ശരാശരിക്ക് താഴെയാണ്. ഫുട്ബോളിന് വേരുകളുള്ള കൊല്‍ക്കത്ത, ഗോവ, ബെംഗളൂരു എന്നിവിടങ്ങളില്‍ ടീമുകള്‍ സ്ഥിരതയോടെ, ഭംഗിയുള്ള ഗെയിം കളിക്കുമ്പോള്‍ എന്നും തട്ടിക്കൂട്ട് ടീമായിരുന്നു ബ്ലാസ്റ്റേഴ്സിന്. 

ഇത്തവണ ടീം തിരഞ്ഞെടുപ്പില്‍ ഒരു പരിധിവരെ മെച്ചപ്പെട്ടെങ്കിലും ഗെയിംപ്ലാനില്ലാതെ ടീം ഉഴറി. അവസാനകളിയില്‍ കളിക്കളത്തിലെ ആള്‍ക്കൂട്ടമായി. മധ്യനിരക്കാരന്‍ സക്കീര്‍ വാങ്ങിയ ചുവപ്പുകാര്‍ഡ്, ടീമിന്റെ മനോഭാവത്തെയാണ് സൂചിപ്പിക്കുന്നതും.

Content Highlights: kerala blasters poor perfromance