ഫറ്റോര്‍ഡ: ഐ.എസ്.എല്ലില്‍ ചെന്നൈയിന്‍ എഫ്.സിയെ തോല്‍പ്പിച്ച് വിജയവഴിയിലെത്തിയിരുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി. എഫ്.സി ഗോവ എതിരില്ലാത്ത മൂന്ന് ഗോളിന് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി. വിജയത്തോടെ ബെംഗളൂരുവിനെ മറികടന്ന് ഗോവ ലീഗില്‍ ഒന്നാമതെത്തി.

ആദ്യം ഗോവയുടെ വല ചലിപ്പിച്ച് കളി തുടങ്ങിയത് ബ്ലാസ്റ്റേഴ്‌സ് ആണ്. എന്നാല്‍ റഫറി ഓഫ്‌സൈഡ് വിളിച്ചു. പക്ഷേ റീപ്ലേയില്‍ ഇത് ഓഫ്‌സൈഡ് അല്ലെന്ന് വ്യക്തമായിരുന്നു. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ ഗോവ സന്ദര്‍ശകരെ ഞെട്ടിച്ചു. ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്റെ ക്രോസില്‍ ഹെഡ് ചെയ്ത്  ഫെറാന്‍ കോറോമിനാസ് ലക്ഷ്യം കണ്ടു. 22-ാം മിനിറ്റിലായിരുന്നു ഈ ഗോള്‍.

മൂന്ന് മിനിറ്റിനുള്ളില്‍ ഗോവ രണ്ടാം ഗോളും നേടി. അനസ് നല്‍കിയ ബാക്ക് പാസില്‍ നിന്നായിരുന്നു ഈ ഗോള്‍. ഈ ബാക്ക് പാസ് വലയിലെത്താത രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഗോള്‍കീപ്പര്‍ ധീരജില്‍ നിന്ന്‌ പന്ത് കോറോയിലെത്തി. ഈ പന്ത് കോറോ, എഡു ബെഡിയക്ക് കൊടുത്തു. ലക്ഷ്യം കാണുന്നതില്‍ ബെഡിയക്ക് പിഴച്ചില്ല. ഗോവ രണ്ട് ഗോളിന് മുന്നില്‍.

78-ാം മിനിറ്റിലാണ് ഗോവയുടെ മൂന്നാം ഗോള്‍ വന്നത്. എഡു ബെഡിയയുടെ പാസില്‍ നിന്ന് പകരക്കാരനായി ഇറങ്ങിയ ഹ്യൂഗോ ബൗമൗസ് ലക്ഷ്യം കണ്ടു. ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും തോറ്റു. വിജയത്തോടെ ഗോവ 31 പോയിന്റുമായി മുന്നിലെത്തി. 14 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. 

Content Highlights: Kerala Blasters Lost To FC Goa ISL 2019