കൊച്ചി: എെ. എസ്.എല്ലിൽ ഡല്‍ഹിക്കെതിരായ മത്സരത്തില്‍ സി.കെ വിനീത് ഗോള്‍ നേടിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 84-ാം മിനിറ്റില്‍ ഡല്‍ഹി ഗോള്‍ തിരിച്ചടിച്ചതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് സമനിലയില്‍ കുരുങ്ങിയത്. 

പക്ഷേ വിനീതിന്റെ ആ ഗോള്‍ ഒരു റെക്കോഡിലേക്കുള്ള ഇടങ്കാലന്‍ ഷോട്ടായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിനായി പത്ത് ഗോളുകളാണ് വിനീത് അടിച്ചുകൂട്ടിയത്. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് ജഴ്‌സിയില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോഡില്‍ ഇയാന്‍ ഹ്യൂമിനൊപ്പമെത്തിയിരിക്കുകയാണ് വിനീത്. ഈ സീസണോടെ ബ്ലാസ്റ്റേഴ്സ് വിട്ട ഹ്യൂമിന്റെ അക്കൗണ്ടിലും പത്ത് ഗോളാണുള്ളത്. കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തില്‍ ഹ്യൂമിനെ സാക്ഷിയാക്കിയായിരുന്നു വിനീത് ഈ റെക്കോഡിലെത്തിയത്.

ഡല്‍ഹിക്കെതിരേ 48-ാം മിനിറ്റിലായിരുന്നു വിനീതിന്റെ ഗോള്‍. കോര്‍ണറില്‍ നിന്നും ലഭിച്ച അവസരം വിനീത് ബോക്‌സിനുള്ളില്‍ വെച്ച് ഇടങ്കാലന്‍ ഷോട്ടിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു.

Content Highlights: Kerala Blasters CK Vineeth Shares Record with Ian Hume