കോഴിക്കോട്:  കേരള ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് ചെന്നൈയിന്‍ എഫ്.സിയിലേക്കുള്ള മാറ്റം ആരാധകരെ ഔദ്യോഗികമായി  അറിയിച്ച് സി.കെ വിനീത്. വികാരനിര്‍ഭരമായ കുറിപ്പോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് വിടുന്ന കാര്യം വിനീത് പങ്കുവെച്ചത്. ഈ സീസണില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ ചെന്നൈയിനില്‍ വായ്പാ അടിസ്ഥാനത്തിലാണ് മലയാളി താരം കളിക്കുക.

ചെന്നൈയിനിലേക്കുള്ള മാറ്റം പങ്കുവെച്ച് വിനീത് പോസ്റ്റ് ചെയ്ത കുറിപ്പ്; 

'ജീവിതം ഇരുവഴിയായി പിരിയുമ്പോള്‍ ഒരു വഴി നമ്മുടേതല്ലെന്ന് തീരുമാനമെടുക്കേണ്ട ഒരു ഘട്ടം നമ്മുടെ മുന്നിലുണ്ടാകും. ആ സമയത്ത് ഒഴുക്കിനനുസരിച്ച് നീന്തേണ്ടിവരും. ആ ഒഴുക്കില്‍ പെട്ട് എങ്ങോട്ടാണ് പോകുന്നതെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. എന്റെ ഭാവിയെ ആവേശത്തോടെ നോക്കിക്കാണുന്ന ഈ സമയത്ത് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകരോട് ഞാന്‍ നന്ദി പറയുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ വളര്‍ച്ചയിലും തളര്‍ച്ചയിലും കൂടെ നിന്നവരാണവര്‍. നിങ്ങളുടെ പിന്തുണയില്‍ ബ്ലാസ്റ്റേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഞാന്‍. സീസണില്‍ ശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും വിജയിക്കട്ടെ എന്ന് ബ്ലാസ്‌റ്റേഴ്‌സിലെ സഹതാരങ്ങള്‍ക്ക് ആശംസയേകുന്നു. മുന്നിലുള്ള പുതിയ വെല്ലുവിളിയിലേക്കാണ് ഞാന്‍ ഉറ്റുനോക്കുന്നത്. ഒപ്പം ഞാനേറ്റവും ഇഷ്ടപ്പെടുന്നത് മികച്ച രീതിയില്‍ ചെയ്യാനും!' 

ഈ പോസ്റ്റിന് താഴെ വിനീതിന് ആശംസ നേര്‍ന്ന് നിരവധി ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. 'പരാജയങ്ങളുടെ ആഴങ്ങളിലേക്ക് കാലിടറി വീണപ്പോള്‍ കൈ പിടിച്ച ഉയര്‍ത്തിയത് നീയായിരുന്നു ,പല കളികളും തോല്‍വിയുടെ പടിവാതില്‍ വെച്ച് വിജയത്തിലേക്ക് കൊണ്ട് പോയതും നീ ആയിരുന്നു! നന്ദി സി.കെ' ഒരു ആരാധകന്‍ പോസ്റ്റ് ചെയ്ത കമന്റ് ഇങ്ങനെയാണ്.  നേരെത്തേ വിനീതിനെ സ്വാഗതം ചെയ്ത് ചെന്നൈയിന്‍ എഫ്.സി വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. വിനീത് ഓട്ടോ പിടിച്ച് ചെന്നൈ ക്ലബ്ബിലെത്തുന്നതും ടീമിന്റെ ജഴ്‌സി അണിയുന്നതുമാണ് വീഡിയോയിലുള്ളത്.  

കഴിഞ്ഞയാഴ്ച്ച തന്നെ വിനീത് ചെന്നൈയിലെത്തിയിരുന്നു. ടീമിനൊപ്പം ചേര്‍ന്ന് പരിശീലനവും തുടങ്ങിയിരുന്നു. എ.എഫ്.സി കപ്പില്‍ പങ്കെടുക്കന്ന ചെന്നൈയിന്‍ ടീമിനെ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് താരത്തെ വായ്പാടിസ്ഥാനത്തില്‍ വാങ്ങിയത്.

ck vineeth

Content Highlights: Kerala Blasters CK Vineeth joins Chennaiyin FC