കൊച്ചി: മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാല്‍ ഇനി കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം. മോഹന്‍ലാലിനെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗുഡ്​വിൽ അംബാസിഡറായി പ്രഖ്യാപിച്ചു. 

ഐ.എസ്.എല്‍ അഞ്ചാം സീസണ് മുന്നോടിയായി കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ഔദ്യോഗിക ജെഴ്സി പ്രകാശനച്ചടങ്ങിലാണ് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് മോഹന്‍ലാലിനെ ഗുഡ്​വില്‍ അംബാസിഡറായി പ്രഖ്യാപിച്ചത്. ടീമിന്റെ സഹഉടമയായിരുന്ന സച്ചിന്‍ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. 

kerala blasters announces mohanlal as goodwill ambassador

അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍. പ്രഖ്യാപനത്തിനു പിന്നാലെ സന്തോഷവും അഭിമാനവും നിറഞ്ഞ നിമിഷമാണിതെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. 'ചെറുപ്പം മുതല്‍ ക്രിക്കറ്റും ഫുട്‌ബോളും കളിച്ചിരുന്നു. സിനിമയില്‍ എത്തിയതില്‍ പിന്നെയാണ് അത് കുറഞ്ഞത്. എങ്കിലും സമയം കിട്ടുമ്പോള്‍ ഇപ്പോഴും കളിക്കാറുണ്ട്. കായിക മത്സരങ്ങള്‍ക്ക് സമൂഹത്തില്‍ പോസിറ്റീവ് പ്രതിഫലനം സൃഷ്ടിക്കാനുള്ള കഴിവുണ്ട്. കേരളത്തിലെ യുവജനതയെ ഫുട്‌ബോളിലൂടെ ജീവിതത്തിന്റെ വിജയപാതയില്‍ എത്തിക്കാന്‍ സഹായിക്കുമെന്നതിനാല്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഗുഡ്​വിൽ അംബാസിഡറായിരിക്കാന്‍ ഏറെ സന്തോഷമുണ്ട്', മോഹന്‍ലാല്‍ പറഞ്ഞു. എല്ലാവരെയും കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കാനും മോഹന്‍ലാല്‍ മറന്നില്ല.

kerala blasters announces mohanlal as goodwill ambassador

പുതിയ ഗുഡ്‌വില്‍ അംബാസിഡര്‍ മോഹന്‍ലാല്‍, ടീം മാനേജര്‍ ഡേവിഡ് ജെയിംസിന് നല്‍കി ജെഴ്‌സി പ്രകാശനം ചെയ്തു. നായകന്‍ സന്ദേശ് ജിംഗന്റെ നേതൃത്വത്തില്‍ 25 താരങ്ങളും പിന്നാലെ പരിശീലകന്‍ ഡേവിഡ് ജെയിംസും പുതിയ ജെഴ്‌സിയണിഞ്ഞ് വേദിയിലെത്തി. 

2018-19 സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സ് തികച്ചും വ്യത്യസ്തമായ ടീമാണെന്നും 2014-ല്‍ നിന്നും എല്ലാ തലത്തിലും ക്ലബ്ബ് വളര്‍ന്നിട്ടുണ്ടെന്നും ഡേവിഡ് ജയിംസ് പറഞ്ഞു. നൂറ് ശതമാനം ആത്മാര്‍ഥതയും പ്രകടനമികവും നല്‍കുക എന്നതാണ് ഇത്തവണ തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

kerala blasters announces mohanlal as goodwill ambassador

ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്കൊരു പുതിയ ഒരു അംഗത്തെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് നേരത്തെ ബ്ലാസ്റ്റേഴ്സ് സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചിരുന്നു.

Content Highlights: kerala blasters announces mohanlal as goodwill ambassador