ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഫുട്ബോളിൽ സ്വദേശിവത്കരണ നീക്കം ശക്തമാവുന്നു. ലീഗില്‍ വിദേശ കളിക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ ഒരുങ്ങുകയാണ് സംഘാടകര്‍.

വിദേശ കളിക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കണമെന്ന് സംഘാടകര്‍ ഫ്രാഞ്ചൈസികളോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ഇതനുസരിച്ച് അടുത്ത സീസണ്‍ മുതല്‍ ഒരു ടീമിന് ആറ് വിദേശ കളിക്കാരെ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദമുണ്ടാകൂ. 2014ല്‍ തുടങ്ങിയതു മുതല്‍ ടീമുകള്‍ക്ക് പതിനൊന്ന് വിദേശ കളിക്കാരെ വീതം രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദമുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ ഏതാണ്ട് പകുതിയായി വെട്ടിക്കുറച്ചിരിക്കുന്നത്.

എന്നാല്‍, ഒരേസമയം അഞ്ച് വിദേശ താരങ്ങളെ വരെ കളിക്കളത്തില്‍ വിന്യസിക്കാം എന്ന നിയമത്തിന് മാറ്റമൊന്നുമില്ല.

ആറ് വിദേശ താരങ്ങളില്‍ മൂന്ന് കളിക്കാര്‍ക്ക് മാത്രമേ സംഘാടകരുടെ മുന്‍കൂര്‍ അനുമതി ആവശ്യമുള്ളൂ. മറ്റ് മൂന്ന് പേരെ സംബന്ധിച്ച് ക്ലബുകള്‍ക്ക് തന്നെ തീരുമാനം കൈക്കൊള്ളാം.

വിദേശ താരങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുന്ന പണം കുറച്ച് കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അവസരം നല്‍കുകയാണ് വിദേശ താരങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതുവഴി ലക്ഷ്യമിടുന്നത്.

Content Highlights: ISL to cut down on foreign players