പുണെ: സ്വന്തം കാണികളുടെ അകമഴിഞ്ഞ പ്രാർഥനകളും പിന്തുണയും വെറുതെയായില്ല. ഐ.എസ്.എല്ലിൽ ആതിഥേയരായ പുണെ സിറ്റി എഫ്.സിക്ക് ആദ്യ ജയം. കരുത്തരായ ജംഷേദ്പുർ എഫ്.സിയെ അട്ടിമറിച്ചാണ് ഇതുവരെ ഏറ്റവും അവസാനക്കാരായിരുന്ന പുണെ ആദ്യജയം സ്വന്തമാക്കിയത്. ഒന്നിനെതിരേ രണ്ട് ഗോളിനായിരുന്നു പുണെയുടെ ആദ്യ ജയം.

മൂന്ന് മത്സരങ്ങളിൽ സസ്പെൻഷൻ കഴിഞ്ഞ് മടങ്ങിയെത്തിയ ഡീഗോ കാർലോസിന്റെ അഞ്ചാം മിനറ്റിലെ ഗോളിൽ പുണെ തന്നെയാണ് ആദ്യം ലീഡ് നേടിയത്. മധ്യനിരയിൽ നിന്ന്  തനിച്ച് പന്തുമായി മുന്നേറി വന്നാണ് കാർലോസ് വല കുലുക്കിയത്.

എന്നാൽ, അഞ്ച് മിനിറ്റിനുള്ളിൽ തന്നെ ജംഷേദ്പുർ തിരിച്ചടിച്ചു. ഏതാനും പുണെ ഡിഫൻഡർമാരെ കബളിപ്പിച്ച് കാർലോസ് കാൽവോ കൊടുത്ത ക്രോസ് സുമീത് പാസ്സി ഗോളിലേയ്ക്ക് വഴിതിരിച്ചുവിടുകയായിരുന്നു.

മത്സരം സമനിലയിൽ അവസാനിക്കും എന്നു കരുതിയിരിക്കുമ്പോഴാണ് പുണെ അപ്രതീക്ഷിതമായി വിജയഗോൾ നേടിയത്. പകരക്കാരൻ മാർക്കോ സ്റ്റാൻകോവിച്ച് എടുത്ത കോർണർ മാറ്റ് മിൽസ് സുന്ദരമായി വലയിലേയ്ക്ക് ഹെഡ്ഡ് ചെയ്തിടുകയായിരുന്നു.

ആദ്യ ജയത്തോടെ പുണെ  അവസാന സ്ഥാനത്ത് നിന്ന് എട്ടാം സ്ഥാനത്തേയ്ക്ക് കയറി. എട്ട് കളികളിൽ നിന്ന് അഞ്ച് പോയിന്റുള്ള അവർ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് തൊട്ടുപിറകിലാണ്. എട്ട് കളികളിൽ നിന്ന് നാല് പോയിന്റുള്ള ഡെൽഹി ഡയനാമോസാണ് ഇപ്പോൾ ഏറ്റവും അസാനക്കാർ.

എട്ട് കളികളിൽ ഒരെണ്ണം മാത്രം തോറ്റ ജംഷേദ്പുർ പതിനൊന്ന് പോയിന്റോടെ നാലാം സ്ഥാനത്ത് തന്നെയാണ്.

Content Highlights: ISL Pune City FC Jamshedpur FC Football Goal Indian Football