കൊച്ചി: നിര്‍ഭാഗ്യം പിന്തുടര്‍ന്ന മത്സരത്തില്‍ ജംഷേദ്പുര്‍ എഫ്.സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. വിജയമില്ലാതെ ബ്ലാസ്റ്റേഴ്‌സ് പിന്നിടുന്ന ഒമ്പതാം മത്സരമായിരുന്നു ചൊവ്വാഴ്ചത്തേത്. നിര്‍ഭാഗ്യവും റഫറിയുടെ തെറ്റായ തീരുമാനവും ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തിരിച്ചടിയായി.
നിരവധി മികച്ച നീക്കങ്ങള്‍ നടത്തിയ ബ്ലാസ്റ്റേഴ്‌സിന് പക്ഷേ ഒന്നു പോലും ഗോളാക്കാനായില്ല. പല തവണ ഗോളിനടുത്തെത്തിയിട്ടും ഫിനിഷിങ്ങിലെ പിഴവ് ബ്ലാസ്റ്റേഴ്‌സിന് വിനയാകുകയായിരുന്നു.
വിവാദ പെനാല്‍റ്റിയില്‍ നിന്നായിരുന്നു ജംഷേദ്പുരിന്റെ ഗോള്‍. പെനാല്‍റ്റി ബോക്‌സിന് പുറത്ത് നിന്നുള്ള ഒരു ഫൗളിന് റഫറി ബ്ലാസ്റ്റേഴ്‌സിനെതിരേ പെനാല്‍റ്റി വിധിക്കുകയായിരുന്നു. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 66-ാം മിനിറ്റില്‍ ടിം കാഹിലിന്റെ മുന്നേറ്റം തടയാനുള്ള ബ്ലാസ്റ്റേഴ്‌സ് ഗോളി ധീരജ് സിങ്ങിന്റെ ശ്രമമാണ് ഫൗളില്‍ കലാശിച്ചത്. ജംഷേദ്പുര്‍ താരങ്ങളുടെ അപ്പീലിനെ തുടര്‍ന്ന് ലൈന്‍ റഫറിയുമായി ചര്‍ച്ച ചെയ്ത ശേഷം റഫറി ബ്ലാസ്‌റ്റേഴ്‌സിനെതിരായി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത കാര്‍ലോസ് കാല്‍വോ പന്ത് അനായാസം വലയിലെത്തിച്ചു.
ഗോള്‍ വീണ ശേഷം ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണത്തിന് വീണ്ടും ജീവന്‍ വെച്ചു. ഇതിനിടെ സെയ്മിന്‍ലെന്‍ ഡുംഗലിന്റെ ഗോള്‍ ശ്രമം ഗോള്‍ ലൈനില്‍ ക്ലിയര്‍ ചെയ്യപ്പെട്ടു. പിന്നാലെ 77-ാം മിനിറ്റില്‍ ഡുംഗല്‍ തന്നെ ബ്ലാസ്റ്റേഴ്‌സിനെ ഒപ്പമെത്തിച്ചു. ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്നാണ് ഗോള്‍ നീക്കത്തിനു തുടക്കം. ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ പന്തു ലഭിച്ച ഡുംഗല്‍ ഗോള്‍ കീപ്പര്‍ക്കടുത്തു നിന്ന് പന്ത് വലയിലേക്ക് കോരിയിട്ടു. ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനായുള്ള ഡുംഗലിന്റെ ആദ്യ ഗോളായിരുന്നു ഇത്.
ആദ്യ പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സ് മൂന്നു ഗോളുകളെങ്കിലും നേടേണ്ടതായിരുന്നു. ഏഴാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ പാസില്‍നിന്ന് സ്ലാവിസ സ്റ്റൊയനോവിച്ച് പാഴാക്കിയ അവസരത്തില്‍ തുടങ്ങുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ നിര്‍ഭാഗ്യം. 21-ാം മിനിറ്റില്‍ ജംഷേദ്പുര്‍ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ പന്ത് ലഭിച്ചത് സഹലിന്, സഹലിന്റെ ഷോട്ട് പക്ഷേ ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു.
30-ാം മിനിറ്റില്‍ ലഭിച്ച അവസരം നര്‍സാരിയും ക്രോസ് ബാറിനു മുകളിലൂടെ അടിച്ചു കളഞ്ഞു. പിന്നാലെ ഒരു കൗണ്ടര്‍ അറ്റാക്കിലൂടെ ഗോള്‍ നേടാനുള്ള ജംഷേദ്പുരിന്റെ ശ്രമം. ജെറി മാന്‍താങ്വിക്കു പന്തു ലഭിക്കുമ്പോള്‍ മുന്നില്‍ ഗോള്‍ കീപ്പര്‍ ധീരജ് സിങ് മാത്രം. എന്നാല്‍ ജെറിയുടെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തുപോയി.
34-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് മറ്റൊരു സുവര്‍ണാവസരം കൂടി ലഭിച്ചു. ജംഷേദ്പുര്‍ ഗോള്‍ കീപ്പര്‍ സുബ്രതോ പോള്ഡ സ്ഥാനം തെറ്റി നില്‍ക്കെ ഡുംഗല്‍ തൊടുത്ത ഷോട്ട് മെമോ ഗോള്‍ ലൈനില്‍ വെച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
മത്സര ബഹിഷ്‌കരണം ഉള്‍പ്പെടെയുള്ള ആലോചനകളുമായി ആരാധകര്‍ ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലും ബ്ലാസ്‌റ്റേഴ്‌സിന് ഒരു വിജയം നേടാനായില്ല. സമനിലയോടെ ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷ കൂടുതല്‍ പരുങ്ങലിലായി. 10 മത്സരങ്ങളില്‍ നിന്ന് ആറാം സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് ഒന്‍പതു പോയിന്റുമായി ഏഴാം സ്ഥാനത്താണ്. സീസണിലെ ഏഴാം സമനില വഴങ്ങിയ ജംഷേദ്പുര്‍ 11 മത്സരങ്ങളില്‍നിന്ന് 16 പോയിന്റുമായി അഞ്ചാം സ്ഥാനത്തു തുടരുന്നു.
Content Highlights: isl kerala blasters seek win against jamshedpur fc