ഗോള്‍ അനുവദിച്ചിരുന്നെങ്കില്‍ ഐ.എസ്.എല്ലില്‍ രണ്ടാം ജയം സ്വന്തമാക്കാനാവുമായിരുന്നു കേരളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സിന്. 42-ാം മിനിറ്റില്‍ സ്ലാവിസ്ലയുടെ കോര്‍ണറിനുശേഷം നിക്കോള ക്ലാരമാവരിച്ച് പന്ത് വലയിലെത്തിക്കാന്‍ ശ്രമിച്ചത് ഗോളെന്ന് ഉറപ്പിച്ചു ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍. എന്നാല്‍, ലൈന്‍ റഫറിയുമായുള്ള കൂടിയാലോചനയ്ക്കുശേഷം റഫറി ഓം പ്രകാശ് താക്കൂര്‍ ഗോള്‍ അനുവദിച്ചില്ല. പിന്നീട് രണ്ടാം പകുതിയില്‍ ക്ലാമരവിച്ച് തന്നെ സമനില ഗോള്‍ കണ്ടെത്തിയെങ്കിലും അനുവദിക്കപ്പെടാത്ത ഈ ഗോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വിധിയെഴുതി. വിജയം തട്ടിത്തെറിപ്പിച്ചു.

അതുകൊണ്ട് തന്നെ ഈ ഗോള്‍ അനുവദിക്കാത്ത റഫറി താക്കൂറിനോട് പൊറുക്കാന്‍ ഒരുക്കമായിരുന്നില്ല ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍. ഫെയ്‌സ്ബുക്കില്‍ താക്കൂറിനെ കണ്ടുപിടിച്ച് ശരിക്കും തെറിയഭിഷേകം തന്നെ നടത്തിയിരിക്കുകയാണ് ആരാധകര്‍. താക്കൂര്‍ പോസ്റ്റ് ചെയ്ത ഐ.എസ്.എല്ലിന്റെ ഒരു വീഡിയോയ്ക്ക് താഴേയാണ് തെറിയഭിഷേകവും താക്കൂറിനെ പുറത്താക്കണമെന്ന ആവശ്യവും.

പന്ത് പിടിച്ച ഗോളിയുടെ കൈ ഗോള്‍ലൈന്‍ കടന്നിരുന്നെന്നും ഡിഫന്‍ഡര്‍ അവിടെവച്ച് പന്ത് പിടിച്ചെന്നും പറഞ്ഞ ആരാധകര്‍, ഏറ്റവും മോശപ്പെട്ട റഫറിയാണ് താക്കൂറെന്നും റഫറി അന്ധനാണെന്നും നാണക്കേടെന്നുമുള്ള അഭിപ്രായങ്ങളും കുറിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെ നല്ല അസഭ്യവര്‍ഷവുമുണ്ട് കമന്റിൽ.

ഐ.എസ്.എല്ലിലെ തുടര്‍ച്ചയായ നാലാം സമനിലയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന് ഇത്. അഞ്ചു കളികളില്‍ ഒരൊറ്റ ജയം മാത്രമാണ് അവര്‍ക്ക് സ്വന്തമാക്കാനായത്. എ.ടി.കെയ്‌ക്കെതിരേയുള്ള ആദ്യ മത്സരത്തിലായിരുന്നു ഇത്.

Content Highlights: ISL Kerala Blasters Refree Goal Disallowed Pune FC Trolls