ജംഷേദ്പുര്‍: രണ്ട് ഗോളിന്റെ ലീഡ് വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ജംഷേദ്പുർ എഫ്.സി.ക്കെതിരേ തുടർച്ചയായ മൂന്നാം സമനില പൊരുതി നേടി. 2-2 എന്ന സ്കോറിനാണ് ബ്ലാസ്റ്റേഴ്സ് ജംഷേദ്പുർ എഫ്.സി.യെ അവരുടെ തട്ടകത്തിൽ സമനിലയിൽ തളച്ചത്.

86-ാം മിനിറ്റിൽ മലയാളി താരം സി.കെ. വിനീത് നേടിയ ഗോളിനാണ് ബ്ലാസ്റ്റേഴ്സ് സമനില നേടിയത്. പാെനാൽറ്റി നഷ്ടപ്പെടുത്തുകയും മടക്കമില്ലാത്ത രണ്ട് ഗോളിന് ലീഡ് വഴങ്ങുകയും ചെയ്തശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്.

മൂന്നാം മിനിററ്റിൽ മുൻ ഓസ്ട്രേലിയൻ ഇന്റർനാഷണൽ ടിം കാഹിലും 31-ാം മിനിറ്റിൽ മൈക്കൽ സൂസൈരാജുമാണ് ജംഷഡ്പുർ എഫ്.സി.യുടെ ഗോളുകൾ നേടിയത്. 

ബോക്സിന്റെ ഇടതു ഭാഗത്ത് നിന്ന് വലംകാൽ കൊണ്ട് ഒരു മിന്നൽ ഷോട്ട് തൊടുക്കുകയായിരുന്നു സൂസൈരാജ്. വളഞ്ഞുപുളഞ്ഞു പറന്ന വോളി ഇടത്തോട്ട് ചാടിയ ഗോളിയെ മറികടന്ന് നെറ്റിൽ.

ഓസ്ട്രേലിയൻ താരമായ കാഹിലിന്റെ ലീഗിലെ ആദ്യ ഗോളാണിത്. വലതു കോർണറിൽ നിന്ന് സെർജിയോ സിഡോഞ്ഞ കൊടുത്ത പാസ് ശക്തമായൊരു ഹെഡ്ഡറിലൂടെയാണ് വലയിലെത്തിച്ചത്.

71-ാം മിനിറ്റിൽ സ്ലാവിസ്ല സ്റ്റോയാനോവിച്ചാണ് ബ്ലാസ്റ്റേഴ്സിനുവേണ്ടി ഒരു ഗോൾ മടക്കിയത്. 55-ാം മിനിറ്റിൽ ഒരു പെനാൽറ്റി പാഴാക്കിയെഷമാണ് സ്റ്റോയാനോവിച്ച് ഒരു ഗോൾ മടക്കിയത്.

86-ാം മിനിറ്റിൽ സെയ്മിൻലെൻ ഡൗംഗൽ ബോക്സിൽ നിന്ന് കൊടുത്ത പാസാണ് വിനീത് ഗോളാക്കിയത്.

55-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ഒരു പെനാൽറ്റി ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. സ്ലാവിസ്ല സ്റ്റോയാനോവിച്ച് എടുത്ത കിക്ക് ജംഷഡ്പുർ ഗോളി സുബ്രതോ പാൽ ചാടി കുത്തിയകറ്റുകയായിരുന്നു. മരിയോ ആർക്വസ് സ്ലാവിസ്ലയെ ഫൗൾ ചെയ്തതിന് ലഭിച്ചതായിരുന്നു പെനാൽറ്റി.

പോപ്ലാറ്റ്നിക്കിന്റെ ഒരു ഷോട്ട് ബാറിൽ ഇടിച്ചു മടങ്ങിയതിന് തൊട്ടു  പിറകെയാണ് പെനാൽറ്റി പാഴായത്.

നാലു കളികളിൽ നിന്ന് ഒരു ജയം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് സ്വന്തം. ആറു പോയിന്റുമായി ഏഴാം സ്ഥാനത്താണ്. അഞ്ചു കളികളിൽ നിന്ന് ഏഴ് പോയിന്റുള്ള ജംഷേദ്പുർ നാലാമതും. അവർ ഒരു സ്ഥാനം മുകളിൽ കയറി. ബ്ലാസ്റ്റേഴ്സിന്റെ നിലയിൽ മാറ്റമില്ല.

തത്സമയ വിവരണങ്ങൾ വായിക്കാം

 

Contetnt Highlights: ISL Kerala Blasters Jamshedpur FC Football