കൊച്ചി: ഭാവനാശൂന്യമായ പാസിങ്ങും താരങ്ങളുടെ ലക്ഷ്യബോധമില്ലായ്മയും നിഴലിച്ച മത്സരത്തില്‍ പുണെ സിറ്റിക്കെതിരേ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി. എതിരില്ലാത്ത ഒരു ഗോളിനാണ് പുണെ, കേരളത്തെ മറികടന്നത്. ആദ്യ പകുതിയില്‍ ബ്രസീല്‍ താരം മാഴ്‌സലീഞ്ഞ്യോ നേടിയ ഏക ഗോളിലായിരുന്നു പുണെയുടെ വിജയം. 

ഇരുപതാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശരാക്കിക്കൊണ്ട് പുണെയുടെ ഗോള്‍ പിറന്നത്. ഇയാന്‍ ഹ്യും തുടങ്ങി വച്ച നീക്കത്തില്‍ നിന്നായിരുന്നു ഗോള്‍. പാസ് ലഭിച്ച മലയാളി താരം ആഷിഖ് കുരുണിയന്റെ മുന്നേറ്റത്തിനൊടുവില്‍ മാഴ്‌സലീഞ്ഞ്യോ പന്ത് വലയിലെത്തിക്കുകയായിരുന്നു. 

തോല്‍വിയോടെ ഈ സീസണിലെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു. കൊച്ചിയിലെ ഹോം മൈതാനത്ത് ഇതാദ്യമായാണ് ബ്ലാസ്‌റ്റേഴ്‌സ്, പുണെയോട് തോല്‍വി വഴങ്ങുന്നത്. സീസണില്‍ പുണെയുടെ രണ്ടാമത്തെ മാത്രം ജയമാണിത്. 

11 മത്സരങ്ങളില്‍ നാലാം തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് ഒമ്പതു പോയിന്റുമായി ഏഴാം സ്ഥാനത്തു തുടരുകയാണ്. ഇത്രയും മത്സരങ്ങളില്‍ നിന്ന് എട്ടു പോയിന്റുമായി പുണെ എട്ടാം സ്ഥാനത്തെത്തി. 

പുണെയുടെ മുന്നേറ്റത്തോടെയായിരുന്നു മത്സരം തുടങ്ങിയത്. രണ്ടാം മിനിറ്റില്‍ കേരളാ ബോക്‌സിലേക്ക് പന്തുമായെത്തിയ മലയാളി താരം ആഷിഖ് കുരുണിയന്റെ ഷോട്ട് പുറത്തേക്ക് പോകുകയായിരുന്നു. ഇടതു വിങ്ങിലൂടെ നിരന്തരം കേരള പ്രതിരോധത്തെ ആഷിഖ് ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്നു. 20-ാം മിനിറ്റില്‍ അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള ഒരു മുന്നേറ്റത്തില്‍ നിന്നാണ്  മാഴ്‌സലീഞ്ഞ്യോ പുണെയുടെ ഗോള്‍ നേടിയത്. 

അഞ്ചാം മിനിറ്റില്‍ ഡുംഗലിന് മികച്ച അവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഏഴാം മിനിറ്റില്‍ മാഴ്‌സലീഞ്ഞ്യോയുടെ ഉറച്ച ഗോള്‍ ശ്രമം ധീരജ് സിങ് രക്ഷപ്പെടുത്തുകയായിരുന്നു. മാഴ്‌സലീഞ്ഞ്യോ പന്തുമായി കേരളാ ബോക്‌സിലേക്ക് കയറുമ്പോള്‍ ഗോള്‍കീപ്പര്‍ ധീരജ് സിങ് മാത്രമായിരുന്നു മുന്നില്‍. മാഴ്‌സലീഞ്ഞ്യോയുടെ ഷോട്ട് അദ്ഭുതകരമായി ധീരജ് തടുത്തിട്ടു.

kerala blasters fc vs fc pune city

രണ്ടാം പകുതിയില്‍ ഡുംഗലിനു പകരം സി.കെ വിനീതിനെ കളത്തിലിറക്കി. 74-ാം മിനിറ്റില്‍ പെക്കൂസണ്‍ പരിക്കേറ്റ് പിന്മാറി. പകരം ബ്ലാസ്റ്റേഴ്‌സ് മലയാളി താരം കെ. പ്രശാന്തിനെ കളത്തിലിറക്കി. അവസാന നിമിഷം ഒരു ഗോള്‍ തിരിച്ചടിക്കാന്‍ കേരളം പൊരുതിയെങ്കിലും ഫിനിഷിങ്ങിലെ പിഴവും ഗോളി കമല്‍ജിത്തിന്റെ രക്ഷപ്പെടുത്തലുകളും വിനയായി.

കളിയിലുടനീളം മികച്ച മുന്നേറ്റങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സിന് ആദ്യ പകുതിയില്‍ പുണെ പോസ്റ്റിലേക്ക് ഒരു ഓണ്‍ ടാര്‍ഗറ്റ് ഷോട്ട് പോലും പായിക്കാനായിരുന്നില്ല. പലപ്പോഴും ലക്ഷ്യം തെറ്റിയ പാസുകള്‍ കൊണ്ട് നിറഞ്ഞതായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ കളി.

Content Highlights: isl kerala blasters fc vs fc pune city